സി.പി.ഐക്കെതിരേ ആഞ്ഞടിച്ച് മാണി
തിരുവനന്തപുരം: പൊന്തന്‍പുഴ വനഭൂമി സ്വകാര്യവ്യക്തികള്‍ക്ക് ലഭിക്കാനിടയായ സംഭവത്തില്‍ സി.പി.ഐക്കെതിരേ രൂക്ഷവിമര്‍ശനവുമായി കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം മാണി. യു.ഡി.എഫ് പിന്തുണയോടെ അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കുകയും ചെയ്തു. സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.
പൊന്തന്‍പുഴ വനമേഖലയിലെ ഒരു ഭാഗം സ്വകാര്യവ്യക്തികള്‍ക്ക് കൈമാറാന്‍ വനം മന്ത്രി ഉത്തരവിട്ടതിനെതിരേയാണ് കെ.എം മാണി അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കിയത്.
സര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ കേസ് കാര്യക്ഷമമായി നടത്തിയില്ലെന്നും ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും മാണി ആരോപിച്ചു. ജനുവരി പത്തിന് പൊന്തന്‍പുഴ വനമേഖലയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് ഹൈക്കോടതി പുറപ്പെടുവിച്ച വിധിയില്‍ ആശങ്കയുണ്ട്. സര്‍ക്കാര്‍ ഭൂമിയാണെന്ന് കാണിക്കുന്നതിന് തെളിവുകള്‍ ഹാജരാക്കിയില്ലെന്നും മാണി ആരോപിച്ചു. ചെമ്പ് പട്ടയത്തിന്റെ ആധികാരികത കോടതിയില്‍ ചോദ്യം ചെയ്തതുമില്ല.
ഇതൊക്കെ കൊണ്ടാണ് ഹൈക്കോടതിയില്‍ തിരിച്ചടി നേരിട്ടത്. സുശീല ഭട്ടിന് പകരം കേസ് നടത്തിപ്പിനായി സര്‍ക്കാര്‍ നിയോഗിച്ച അഭിഭാഷകന്‍ പൊന്തന്‍പുഴ വനം കുറ്റിക്കാടാണെന്ന് റിപ്പോര്‍ട്ട് നല്‍കി. ഈ അഭിഭാഷകനെതിരേ വനംവകുപ്പ് നടപടിയെടുത്തോയെന്നും മാണി ചോദിച്ചു.
സര്‍ക്കാര്‍ രേഖയില്‍ ഒരിക്കലെങ്കിലും വനമായി രേഖപ്പെടുത്തിയ ഭൂമി എന്നേക്കും വനമായി തുടരുമെന്ന സുപ്രിംകോടതി വിധി പോലും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടിയില്ല. ഏഴായിരം ഏക്കര്‍ വരുന്ന വനഭൂമിയുടെ അവകാശം നഷ്ടപ്പെട്ടാല്‍ ഇതുണ്ടാക്കുന്ന പ്രത്യാഘാതം വളരെ വലുതായിരിക്കും. കരിയപ്ലാവിലുള്ള വനംവകുപ്പിന്റെ ഗാര്‍ഡ് സ്റ്റേഷന്‍പോലും നഷ്ടമാകും.
രണ്ട് അരുവികള്‍ പൂര്‍ണമായും സ്വകാര്യവ്യക്തികളുടേതായി മാറും. കുടിയേറ്റക്കാര്‍ക്കും പട്ടയം ലഭിക്കാതെയാകും. ഇനിയെങ്കിലും കേസ് ജയിക്കുന്നതിനു ക്രിയാത്മക നടപടിയെടുക്കണമെന്നും സുപ്രിംകോടതിയില്‍ കേസ് വാദിക്കാന്‍ മുതിര്‍ന്ന അഭിഭാഷകനെ വയ്ക്കണമെന്നും മാണി ആവശ്യപ്പെട്ടു.
കേസ് നടത്തിപ്പില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നും ഒരിഞ്ചു വനഭൂമി പോലും സ്വകാര്യവ്യക്തികള്‍ക്കു വിട്ടുകൊടുക്കില്ലെന്നും വനംവകുപ്പ് മന്ത്രി കെ.രാജു മറുപടി ല്‍കി. ജനുവരി പത്തിലെ ഹൈക്കോടതി ഉത്തരവില്‍ സര്‍ക്കാറിന് അനുകൂലമായ വിധിയുമുണ്ട്. ഭൂമി അവകാശവാദം ഉന്നയിക്കുന്നവര്‍ക്ക് തിരിച്ചുനല്‍കേണ്ടതില്ലെന്ന് വിധിയില്‍ പ്രതിപാദിക്കുന്നതായും മന്ത്രി ചൂണ്ടിക്കാട്ടി.
വനഭൂമിയില്‍ 1977ന് മുന്‍പുള്ള കൈവശക്കാര്‍ക്ക് കുടിയിറക്ക് ഭീഷണിയില്ലെന്നും ഇവിടെ താമസിക്കുന്നവര്‍ക്ക് പട്ടയം നല്‍കണമെന്നതാണ് സര്‍ക്കാര്‍ നിലപാടെന്നും മന്ത്രി അറിയിച്ചു. 17 വര്‍ഷം മുന്‍പ് ജയിച്ച കേസ് ഇപ്പോള്‍ എങ്ങനെ സര്‍ക്കാറിന് പ്രതികൂലമായെന്ന് പരിശോധിക്കണമെന്ന് തുടര്‍ന്ന് സംസാരിച്ച പ്രൊഫ. എന്‍. ജയരാജ് ആവശ്യപ്പെട്ടു. ഓപ്പറേഷന്‍ വിജയിച്ച് രോഗി മരിച്ചു എന്നതുപോലെയാണ് പൊന്തന്‍പുഴകേസ് എന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
സര്‍ക്കാര്‍ അഭിഭാഷകന്‍ വനഭൂമിയെ കുറ്റിക്കാട് എന്ന് പറഞ്ഞതില്‍ ഗൂഢാലോചനയുണ്ടെന്നും ചെന്നിത്തല ആരോപിച്ചു. പ്രതിപക്ഷത്തിനൊപ്പം കെ.എം മാണി വിഭാഗവും ഒ. രാജഗോപാലും സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
നേരത്തേ പ്രമേയത്തിന് നോട്ടിസ് നല്‍കിയതിനെതിരേ സി.പി.ഐയുടെ ചിറ്റയം ഗോപകുമാര്‍ ക്രമപ്രശ്‌നം ഉന്നയിച്ചെങ്കിലും സ്പീക്കര്‍ അത് നിരസിച്ചു. കോടതിയുടെ പരിഗണനയിലുള്ള വിഷയം ചര്‍ച്ചയ്‌ക്കെടുക്കരുതെന്നും പ്രമേയത്തിനു നോട്ടിസ് നല്‍കിയത് 15 അംഗങ്ങളുടെ പിന്തുണ ഇല്ലാതെയാണെന്നുമായിരുന്നു ഗോപകുമാറിന്റെ വാദം.
എന്നാല്‍ നോട്ടിസ് നല്‍കിയത് വ്യക്തമായ അംഗങ്ങളുടെ പിന്തുണയിലാണെന്നും വിഷയത്തിന്റെ ഗൗരവം പരിഗണിച്ച് അനുമതി നല്‍കുകയാണെന്നും സ്പീക്കര്‍ അറിയിക്കുകയായിരുന്നു. അതേ സമയം സി.പി.ഐക്കെതിരേ രൂക്ഷ വിമര്‍ശനമുയര്‍ന്നിട്ടും സി.പി.എം എം.എല്‍.എമാര്‍ ആരും പ്രതിരോധിക്കാന്‍ തയാറായില്ല. പലഘട്ടങ്ങളിലും മുഖ്യമന്ത്രി മറുപടിപറയണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടെങ്കിലും മുഖ്യമന്ത്രിയും ഒരക്ഷരം മിണ്ടിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."