പി.എന്‍.ബി തട്ടിപ്പ്: രണ്ടാംദിവസവും പാര്‍ലമെന്റ് തടസപ്പെട്ടു
ന്യൂഡല്‍ഹി: പി.എന്‍.ബി വായ്പാ തട്ടിപ്പിനെചൊല്ലി പാര്‍ലമെന്റിന്റെ ഇരുസഭകളും രണ്ടാംദിവസവും തടസപ്പെട്ടു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു തയാറാകണമെന്നാവശ്യപ്പെട്ട് ലോക്‌സഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവ്് മല്ലിഗാര്‍ജുന്‍ ഖാര്‍ഗെ സ്പീക്കര്‍ സുമിത്രാ മഹാജന് നോട്ടിസ് നല്‍കി.
നീരവ് മോദി രാജ്യംവിട്ടതുസംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റില്‍ വിശദീകരണംനല്‍കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ലോക്‌സഭയില്‍ ബാങ്കിങ് രംഗത്തെ ക്രമക്കേടുകള്‍ സംബന്ധിച്ച ചര്‍ച്ച പ്രതിപക്ഷ ബഹളത്തില്‍ മുങ്ങിയതോടെ സ്പീക്കര്‍ സഭ നിര്‍ത്തിവച്ചു. വീണ്ടും തുടങ്ങിയപ്പോഴും ബഹളം തുടര്‍ന്നതോടെ സഭ ഇന്നത്തേക്കു പിരിയുകയായിരുന്നു.
രാജ്യസഭയിലും സര്‍ക്കാരിനെതിരായ വികാരം ശക്തമായിരുന്നു. മോട്ടോര്‍ വാഹന ഭേദഗതി ബില്‍ 2017, സ്‌റ്റേറ്റ് ബാങ്ക് ബില്‍ 2017 എന്നിവ രാജ്യസഭയുടെ പരിഗണയിലുണ്ടായിരുന്നെങ്കിലും പി.എന്‍.ബി വിഷയം ഉയര്‍ത്തി പ്രതിപക്ഷം പ്രതിഷേധിച്ചതോടെ സഭ പലതവണ തടസപ്പെട്ടു.
സാമ്പത്തിക തട്ടിപ്പുകളെ കുറിച്ച് ചര്‍ച്ചചെയ്യാന്‍ സര്‍ക്കാര്‍ തയാറാണെന്ന് കേന്ദ്രമന്ത്രി വിജയ് ഗോയല്‍ രാജ്യസഭയെ അറിയിച്ചു. പ്രതിഷേധം തുടര്‍ന്നതോടെ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യന്‍ സഭ ഇന്നത്തേക്ക് പിരിയുന്നതായി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."