ദേശമോ ഭാഷയോ അല്ല, ഇവര്‍ക്ക് വിദ്യയാണ് പ്രധാനം ബൈരായ്ക്കുളം സ്‌കൂളില്‍ പ്രവേശനം നേടിയവരെല്ലാം ഇതരസംസ്ഥാനക്കാര്‍
കോഴിക്കോട്: ഇന്നു നമുക്ക് പായസം കിട്ടുമല്ലോ... സന്തോഷത്തോടെ ഒന്നാം ക്ലാസുകാരി ഐശ്വര്യ തൊട്ടടുത്തിരുന്ന തന്റെ കൂട്ടുകാരോട് പറഞ്ഞു. പക്ഷേ പായസം കിട്ടുമെന്ന് പറഞ്ഞിട്ടും കൂട്ടുകാരുടെ മുഖത്ത് യാതൊരു ഭാവമാറ്റവും കാണാത്തതു കൊണ്ട് അവള്‍ ടീച്ചറുടെ മുഖത്തേക്ക് നോക്കി. ക്ലാസ് ടീച്ചര്‍ ചിരിച്ചു കൊണ്ട് അവളെ തലോടി. എന്നിട്ട് പറഞ്ഞു. മോളൂ... അവര്‍ക്കാര്‍ക്കും മലയാളമറിയില്ല... പിന്നെ ടീച്ചര്‍ എല്ലാവരോടുമായിപ്പറഞ്ഞു. 'ആജ് ഹം സബ്‌കോ പായസ് മിലേഗാ...' കേട്ട ഉടന്‍ കുട്ടികളെല്ലാം സന്തോഷത്തോടെ മുഖത്തോടു മുഖം നോക്കി. കോഴിക്കോട് പുതിയറയിലെ ബൈരായ്ക്കുളം എല്‍.പി സ്‌കൂളിലാണ് ഈ അപൂര്‍വ ഇതരസംസ്ഥാന വിദ്യാര്‍ഥി സംഗമം നടന്നത്. എല്ലാ വര്‍ഷവും സ്‌കൂളില്‍ പ്രവേശനത്തിനെത്തുന്ന നവാഗതരില്‍ ഭൂരിഭാഗവും ഇതരസംസ്ഥാനക്കാരാണ്. എന്നാല്‍ ഇത്തവണ ഒന്നാം ക്ലാസിലെത്തിയ മുഴുവന്‍ വിദ്യാര്‍ഥികളും ഇതരസംസ്ഥാനക്കാരാണെന്നതാണ് സ്‌കൂളിനെ ശ്രദ്ധേയമാക്കുന്നത്. ആറു പേരാണ് ഇത്തവണ അക്ഷരമധുരം നുകരാന്‍ ബൈരായ്ക്കുളം സ്‌കൂളിലെത്തിയത്.
പശ്ചിമബംഗാളില്‍ നിന്നുള്ള മുസാബിര്‍ മല്ലിക്, മുഞ്ചു ഖാന്‍, ദിബു മണ്ഡേല്‍, തമിഴ്‌നാട്ടില്‍ നിന്നുള്ള ഐശ്വര്യ, ശര്‍മ്മിത, ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബില്‍ക്കിഷ് കാട്ടൂണ്‍ എന്നിവരാണ് ബൈരായ്ക്കുളത്തെ നവാഗതര്‍. ഇവരില്‍ ഐശ്വര്യക്ക് മാത്രമാണ് മലയാളം സംസാരിക്കാന്‍ അറിയുന്നത്. കേരളത്തിലേക്ക് കുടിയേറിപ്പാര്‍ത്ത തൊഴിലാളികളുടെ കുട്ടികളാണ് ഇവര്‍. കോഴിക്കോട്ടെ പല കോളനികളിലായാണ് ഇവര്‍ താമസിക്കുന്നത്.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരാണെങ്കിലും ഇത്തരം കുട്ടികള്‍ പഠനത്തില്‍ മുന്നിലാണെന്ന് ഹെഡ്മിസ്ട്രസ് ശ്യാമള ടീച്ചര്‍ പറയുന്നു . ഇത്തവണ പ്രവേശനത്തിനെത്തിയ കുട്ടികളും ഒന്നിനൊന്ന് മികച്ചതാണെന്ന് അധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നു. നാലു അധ്യാപകരാണ് ബൈരായ്ക്കുളം സ്‌കൂളിലുള്ളത്. ഇവിടുത്തെ അധ്യാപകരായ ജിയോ ജെയ്‌സണ്‍, റിജി.പി, ഇ.പി സനിത എന്നിവരുടെ അക്ഷീണ പ്രവര്‍ത്തനം കൊണ്ടാണ് ഇത്രയും കുട്ടികളെ ഇത്തവണ ലഭിച്ചതെന്ന് ശ്യാമള ടീച്ചര്‍ പറയുന്നു. കഴിഞ്ഞ തവണ നാലു കുട്ടികളാണ് ഇവിടെയുണ്ടായിരുന്നത്. മധുരപലഹാരങ്ങളും, മിഠായികളും, പായസവുമെല്ലാം നല്‍കിയാണ് അധ്യാപകര്‍ കുട്ടികളെ വരവേറ്റത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."