അവരും അക്ഷരമധുരം നുണഞ്ഞു; ശുഭപ്രതീക്ഷയില്‍ ആദ്യദിനം അവിസ്മരണീയമാക്കി മലാപ്പറമ്പ് സ്‌കൂളും
കോഴിക്കോട്: ടീച്ചറേ... നമ്മളെ സ്‌കൂള് പൂട്ടാന്‍ പൊലിസുകാര് ഇനിയും വര്വോ?... ടീച്ചര്‍ നല്‍കിയ മിഠായി നുണഞ്ഞുകൊണ്ട് ഒന്നാം ക്ലാസിലേക്കു പ്രവേശനം നേടിയ കൊച്ചുമിടുക്കി ചോദിച്ചു. അവളുടെ നിഷ്‌കളങ്കമായ ചോദ്യത്തിന് ഇല്ലെന്ന് ക്ലാസ് ടീച്ചര്‍ മറുപടി നല്‍കിയപ്പോള്‍ തൊട്ടടുത്തിരുന്ന കുട്ടിയുടെ ചോദ്യം ഇങ്ങനെയായിരുന്നു.. എന്നിട്ട് ഞാനിന്നലെ ടീവീല്‍ കണ്ടല്ലോ നമ്മടെ സ്‌കൂള് പൂട്ടുംന്ന്...? സ്‌കൂളടക്കില്ലെന്നും നിങ്ങളെല്ലാം ഇവിടെത്തന്നെ പഠിക്കുമെന്നും കുരുന്നുകളെ പറഞ്ഞു മനസിലാക്കാന്‍ ക്ലാസ് ടീച്ചര്‍ അല്‍പം പാടുപെട്ടു. അടച്ചുപൂട്ടണമെന്ന് ഹൈക്കോടതി ഉത്തരവിട്ട കോഴിക്കോട് മലാപ്പറമ്പ് ജി.എല്‍.പി സ്‌കൂളിലെ ആദ്യദിനക്കാഴ്ചയാണിത്.
നവാഗതരെ സ്വീകരിക്കാന്‍ സ്‌കൂള്‍ സംരക്ഷണ സമിതിയും പ്രതിരോധ സമിതിയും ചേര്‍ന്ന് വിപുലമായ പ്രവേശനോത്സവമാണ് ഒരുക്കിയിരുന്നത്. സ്‌കൂള്‍ മുറ്റത്ത് പന്തല്‍ കെട്ടി ക്ലാസ് മുറികള്‍ വിവിധ നിറത്തിലുള്ള ബലൂണുകളും തോരണങ്ങളും കൊണ്ട് അലങ്കരിച്ച് അതിമനോഹരമായ വരവേല്‍പ്പാണ് സ്‌കൂള്‍ സംരക്ഷണ സമിതിയും നാട്ടുകാരും ചേര്‍ന്ന് കുട്ടികള്‍ക്ക് നല്‍കിയത്. കൂടാതെ കുരുന്നുകള്‍ക്ക് ബലൂണുകളും കളിപ്പാട്ടങ്ങളും മധുരപലഹാരങ്ങളുമെല്ലാം നല്‍കി ആദ്യദിനം അധ്യാപകര്‍ അവിസ്മരണീയമാക്കി. എട്ട് കുട്ടികളാണ് ഇത്തവണ ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയത്. രണ്ടാം ക്ലാസിലേക്ക് രണ്ടു പേരും മൂന്നാം ക്ലാസിലേക്ക് രണ്ടു പേരും അഞ്ചാം ക്ലാസിലേക്ക് മൂന്നു പേരും പ്രവേശനം നേടി. ആകെ 60 കുട്ടികളാണ് ഇപ്പോള്‍ മലാപ്പറമ്പ് സ്‌കൂളിലുള്ളത്. എട്ട് അധ്യാപകരും മലാപ്പറമ്പ് സ്‌കൂളില്‍ സേവനമനുഷ്ഠിക്കുന്നുണ്ട്.
സ്‌കൂള്‍ അടച്ചുപൂട്ടാനുള്ള ഹൈക്കോടതി ഉത്തരവിനെതിരേ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ച് സാഹചര്യത്തിലാണെങ്കിലും പ്രവേശനോത്സവവും ആദ്യദിന ക്ലാസും അധ്യാപകര്‍ മനോഹരമാക്കി. അതേ സമയം പൂട്ടാനുള്ള ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ പ്രധാനാധ്യാപിക എത്തിയില്ല. പ്രവേശനോത്സവം കവി രമേശ് കാവില്‍ ഉദ്ഘാടനം ചെയ്തു. ഭാസി മലാപ്പറമ്പ് അധ്യക്ഷനായി. 37 വര്‍ഷമായി സ്‌കൂളില്‍ ഉച്ചഭക്ഷണം തയാറാക്കുന്ന വി. മാലതിയെ ചടങ്ങില്‍ പുസ്തകം നല്‍കി ആദരിച്ചു. അഡ്വ. എം. ജയദീപ്, ടി.എച്ച് താഹ, വി.പി രവീന്ദ്രന്‍, എം.സി സന്തോഷ്‌കുമാര്‍, കെ.ടി പത്മജ, ഇ. പ്രശാന്ത്കുമാര്‍, ആര്‍.കെ ഇരവില്‍, ടി.എന്‍ ഷിജി സംസാരിച്ചു. ഹൈക്കോടതി വിധിക്ക് സ്റ്റേ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സംരക്ഷണ സമിതിയും അധ്യാപകരും പുതിയ അധ്യയനവര്‍ഷത്തിലേക്ക് കാലെടുത്തുവച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."