ആല്‍ബര്‍ട്ട് റോക്ക; ബംഗളൂരു എഫ്.സിയുടെ മാസ്റ്റര്‍ ബ്രെയിന്‍
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ബംഗളൂരെ എഫ്. സിയുടെ അപരാജിത കുതിപ്പിനു പിന്നിലെ മാസ്റ്റര്‍ ബ്രെയിനാണ് സ്പാനിഷ് പരിശീലകനായ ആല്‍ബര്‍ട്ട് റോക്ക. പരാജയത്തിന്റെ പടുകുഴിയില്‍ നിന്നും ഒരു ടീമിനെ വിജയത്തിന്റെ ഉന്നതിയിലെത്തിക്കുന്നതില്‍ റോക്കയുടെ തലയും മെയ്യും ഒരുപോലെ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ ചരിത്രത്തില്‍ ബംഗളൂരുവിനെപോലെ ഒത്തിണക്കത്തോടെ പന്തുതട്ടിയ മറ്റൊരു കളിക്കൂട്ടവുമില്ല. ഇന്ത്യന്‍ സൂപ്പര്‍താരം സുനില്‍ ചേത്രിയും കൂട്ടരും ഒരേ മനസുമായി കാലുകളില്‍ നിന്നും കാലുകളിലേക്ക് പന്തു പായിച്ചപ്പോള്‍ വിജയങ്ങള്‍ ഓരോന്നായി പിറവിയെടുത്തു. 18 കളികളില്‍ നിന്ന് 40 പോയിന്റുമായി ബംഗളൂരു എഫ്.സി തങ്ങളുടെ ഐ.എസ്.എല്‍ പോരാട്ടം അവിസ്മരണീയമാക്കിയാണ് പ്ലേ ഓഫ് ഉറപ്പിച്ചത്. എതിരാളികളെല്ലാം പോയിന്റ് പട്ടികയില്‍ ബഹുദൂരം പിന്നില്‍ തന്നെ. ഈ കുതിപ്പിന് കാരണമായത് റോക്കയെന്ന പരിശീലകന്റെ മിടുക്ക് തന്നെയാണ്.
സീസണിന്റെ അവസാന ഘട്ടത്തില്‍ ബംഗളൂരുവിനെ മികച്ച വിജയങ്ങളിലേക്കാണ് ഈ സ്പാനിഷ് പരിശീലകന്‍ നയിച്ചത്. 2016 ജൂലായില്‍ ആയിരുന്നു റോക്കയുടെ ബംഗളൂരു എഫ്.സിയിലേക്കുള്ള വരവ്. എ.എഫ്.സി കപ്പില്‍ ടീമിനെ നോക്കൗട്ട് സ്‌റ്റേജില്‍ എത്തിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ദൗത്യം. അത് മനോഹരമായി റോക്ക നടപ്പാക്കി. മലേഷ്യയിലെ ചാംപ്യന്‍ ക്ലബ് ജോഹൊര്‍ ദാറുല്‍ താസിമിനെ കീഴടക്കി ബംഗളൂരു ചരിത്ര വിജയം കുറിച്ചു. അവസാനഘട്ടത്തില്‍ അല്‍ഖിവ അല്‍ജവിയയോട് തോറ്റത് നിരാശപ്പെടുത്തുന്നതായി. ആല്‍ബര്‍ട്ട് റോക്കയുടെ അടുത്ത ലക്ഷ്യം ഐ ലീഗ് ആയിരുന്നു. പ്രതീക്ഷിച്ചത് പോലെ അവര്‍ തുടക്കത്തില്‍ മൂന്നു വിജയങ്ങളും നേടി. പക്ഷെ പിന്നീട് ജയമില്ലാത്ത ഏഴ് മത്സരങ്ങളായിരുന്നു. സ്വന്തം മണ്ണില്‍ ഈസ്റ്റ് ബംഗാളിനോട് 3-1 ന് തോറ്റതും ബി.എഫ്.സിയെ തളര്‍ത്തി. എന്നാല്‍ അവസാന നാലു മത്സരങ്ങള്‍ വിജയിച്ച് ബംഗളൂരു പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് കുതിച്ചു.
കൂടുതല്‍ പണം മുടക്കി സൃഷ്ടിച്ചെടുത്ത ബി.എഫ്.സിയെ പോലൊരു ക്ലബിന് താങ്ങാന്‍ പറ്റുന്നതില്‍ അധികമായിരുന്നു ഇത്. അതോടെ പരിശീലകന്‍ റോക്കയുടെ സ്ഥാനം ടീമി പുറത്തേക്കാവുമെന്ന പ്രചാരണം ശക്തമായി. റോക്കയുടെ അവസാന ടൂര്‍ണമെന്റ് ഫെഡറേഷന്‍ കപ്പ് ആയിരിക്കുമെന്നായിരുന്നു പ്രചരണം. ഗ്രൂപ്പ് സ്റ്റേജില്‍ പരുങ്ങി കളിച്ച ടീം ഒരു വിധം ഫൈനലില്‍ കടന്നു. മോഹന്‍ ബഗാന് എതിരേ എക്‌സ്ട്രാ ടൈമില്‍ ഗോളടിച്ച് ബംഗളൂരു എഫ്.സി കിരീടം ചൂടി വിമര്‍ശകരെ ഞെട്ടിച്ചു. ഈ വിജയം എ.എഫ്.സി കപ്പിലെ പ്ലേ ഓഫില്‍ കളിക്കാന്‍ ബി.എഫ്.സിക്ക് അവസരം നല്‍കി. ഇതാണ് റോക്കയ്ക്ക് വഴിത്തിരിവ് സൃഷ്ടിച്ചത്. ക്ലബ് മാനേജ്‌മെന്റ് അദ്ദേഹത്തിന്റെ കരാര്‍ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി നല്‍കി. ബാക്കിയെല്ലാം ചരിത്രം. ഐ.എസ്.എല്‍ ലീഗ് മത്സരങ്ങളില്‍ മറ്റൊരു ടീമിനും സ്വപ്നം കാണാന്‍ പോലും കഴിയാത്ത രീതിയില്‍ 40 പോയിന്റുമായാണ് ബംഗളൂരു എഫ്‌സി സെമിയിലേക്ക് കടന്നത്. ഗ്രൂപ്പ് സ്റ്റേജില്‍ എല്ലാ ടീമുകളേയും അവര്‍ തോല്‍പ്പിച്ചു. എല്ലാ മത്സരങ്ങളിലും മികച്ച ഫോമിലുമായിരുന്നു. ബി.എഫ്.സിയുടെ വിജയ ശതമാനം 72.2 ശതമാനമാണ്. കഴിഞ്ഞ 22 വര്‍ഷത്തെ ഇന്ത്യന്‍ കാല്‍പന്തുകളിയുടെ ചരിത്രത്തില്‍ മറ്റൊരു ടീമിനും അവകാശപ്പെടാന്‍ കഴിയാത്ത നേട്ടം. ആല്‍ബര്‍ട്ട് റോക്ക എന്ന കോച്ചിന് അവകാശപ്പെട്ടത് കൂടിയാണ് ഈ നേട്ടങ്ങള്‍. ബി.എഫ്.സിയെ ഇന്നത്തെ ടീമാക്കി മാറ്റിയത് റോക്കയാണ്.
കഴിഞ്ഞ നാലു സീസണുകളിലും ബംഗളൂരുവിന് ടോപ് സ്‌കോററായി ഒരു വിദേശ കളിക്കാരന്‍ ഉണ്ടായിട്ടില്ല. സുനില്‍ ചേത്രിയെ അധികമായി ആശ്രയിക്കുന്ന ടീമിന്റെ ഘടനയെ കുറിച്ച് റോക്കയ്ക്ക് നല്ല പോലെ അറിയാം. അങ്ങിനെയാണ് വെനസ്വേലക്കാരനായ മിക്കുവിനെ ടീമിലേക്ക് കൊണ്ടു വരുന്നത്. വലിയ വിലയ്ക്ക് വാങ്ങിയ മിക്കു അതിനുസരിച്ച് തന്റെ റോളും ഭംഗിയാക്കി. ബി.എഫ്.സിയുടെ കളിയില്‍ റോക്കയ്ക്ക് ഒരു പദ്ധതി മാത്രമേ ഉണ്ടായിരുന്നുള്ളൂ. പ്രതിരോധത്തില്‍ നാലു പേരെ അണിനിരത്തിയുള്ള പരീക്ഷണം. പിന്നീട് അത് മൂന്നു പേരിലേക്ക് മാറ്റി. പന്ത് കൈയില്‍ വെക്കുന്നതില്‍ ഏറ്റവും മികച്ച രണ്ടാമത്തെ ടീമായിരുന്നു റോക്കയുടേത്. വേഗതയേറിയ കൗണ്ടര്‍ അറ്റാക്കില്‍ ശ്രദ്ധിച്ച അവര്‍ കൂടുതല്‍ വിജയങ്ങളും സ്വന്തമാക്കി. പ്രതിരോധത്തില്‍ ഒരു വിദേശ കളിക്കാരന്‍ മാത്രമായിരുന്നു തുടക്കത്തില്‍. പിന്നീട് ജോനന്‍, ജോണ്‍ ജോണ്‍സണ്‍ എന്നിവര്‍ ഈ സ്ഥാനത്തെത്തി. എല്ലാ തരത്തിലും പല തന്ത്രങ്ങളും പരീക്ഷിച്ചു വിജയിച്ച ടീം. കഴിഞ്ഞ മാസം ഏഴ് മത്സരങ്ങള്‍ കളിച്ചതില്‍ ആറിലും ബി.എഫ്.സി വിജയിച്ചു. ഐ.എസ്.എല്‍ സെമിയിലേക്ക് എത്തുന്നത് തന്നെ അവസാന 12 പോരാട്ടങ്ങളും വിജയിച്ചാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."