HOME
DETAILS

'വാ കുരുവീ... വരു കുരുവീ വാഴക്കൈയില്‍ ഇരി കുരുവീ'

  
backup
March 06 2018 | 20:03 PM

articlebelieve


പലതും കൂട്ടിയോജിപ്പിച്ച് ഓട്ടയടച്ചു നിവര്‍ന്നുനില്‍ക്കാന്‍ പഠിപ്പിക്കുന്ന വിദ്യയാണു രാഷ്ട്രീയം. സാധ്യതയുടെ കലയാണു രാഷ്ട്രീയമെന്ന വ്യാഖ്യാനവുമുണ്ട്. സ്ഥിരമായ ശത്രുക്കളും മിത്രങ്ങളുമില്ലാത്ത, സ്ഥിരംതാല്‍പ്പര്യങ്ങളുള്ള ഒന്നാണു രാഷ്ട്രീയം.
ഇന്ത്യന്‍ രാഷ്ട്രീയം സ്ഥായീഭാവം കാണിച്ചിരുന്നില്ല. പഴയ പല പാര്‍ട്ടികളും ഇപ്പോഴില്ല. ഉള്ളവര്‍ സാന്നിധ്യമറിയിക്കാന്‍ മാത്രമാണു ചിത്രത്തില്‍. കേരളരാഷ്ട്രീയത്തിനു മറിച്ചൊരു പാഠഭേദമുണ്ട്. ഏറക്കുറേ പഴയതു നിലനിര്‍ത്തി പുതിയവ നിരാകരിക്കാനാണു മലയാളി മനസ്സു ശ്രമിച്ചുകാണുന്നത്.
ഇന്ത്യയിലെല്ലായിടത്തും ഇടതുപക്ഷം തളര്‍ന്നപ്പോഴും കേരളത്തില്‍ തകര്‍ന്നില്ല. അടിയന്തരാവസ്ഥ കേരളത്തിലെ കോണ്‍ഗ്രസിന്റെ അടിതെറ്റിച്ചില്ല. മോദിസവും ഫാസിസവും അലറിവന്നപ്പോഴും കേരളം കുലുങ്ങിയതുമില്ല.
തെക്കന്‍ കേരളത്തിലെ ചില ജില്ലകളില്‍ ക്രിസ്ത്യാനികളുടെ മനമറിഞ്ഞ പാര്‍ട്ടിയാണു കേരള കോണ്‍ഗ്രസ്. മലബാറിലെ ചില കുടിയേറ്റകേന്ദ്രങ്ങളിലും രണ്ടിലയ്ക്കു സാന്നിധ്യമില്ലാതില്ല. ഒന്നിച്ച് ആര്‍ക്കുമൊന്നും ചെയ്യാനും ജയിച്ചു കയറി ഭരണം പിടിക്കാനും കഴിയില്ലെന്ന ബോധ്യത്തിലാണു മുന്നണി സമ്പ്രദായം നിലവില്‍വന്നത്.
രണ്ടാശയങ്ങള്‍ എങ്ങനെ ഒന്നാവുമെന്ന ഭാരിച്ച വിചാരം മാറ്റിവച്ച് അന്തിമലക്ഷ്യത്തിലെങ്ങനെ എത്തിപ്പിടിക്കാനാവുമെന്ന ലളിതചോദ്യത്തിന്റെ ഉത്തരമാണു മുന്നണികള്‍.
2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും തൊട്ടുപിറകെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും മാജിക്‌സംഖ്യ ഒപ്പിക്കാനുള്ള കണക്കുകൂട്ടലിലാണു 'രണ്ടില'യുടെ സഹായം വേണ്ടിവരുമെന്ന രാഷ്ട്രീയക്കണക്കു ചര്‍ച്ചയാവുന്നതും എല്‍.ഡി.എഫ്, യു.ഡി.എഫ് മുന്നണികളെക്കൊണ്ട് 'വാ കുരുവീ' പാടിക്കുന്നതും.
മാണിക്കെതിരേ കൂടുതല്‍ രോഷംകൊണ്ട് ജയരാജന്‍ സ്പീക്കറുടെ കസേര തള്ളിത്താഴെയിട്ടപ്പോള്‍ കണ്ട മാണിയല്ലത്രേ ഇപ്പോഴത്തെ മാണി! കാലം മാറിയപോലെ മാണിയും മാറിയെന്നാണു ജയരാജമതം. രാഷ്ട്രീയത്തിനു പാതാളത്തോളം താഴാന്‍ കഴിയുമെന്നു വിവരമുള്ളവര്‍ നേരത്തേ പറഞ്ഞിരുന്നു.
മാണീമഹത്വം പറഞ്ഞാണു പാര്‍ട്ടി നേതാക്കള്‍ പിറകെ കൂടുന്നത്. മുതിര്‍ന്ന കാരണവരാണ്, പതിനേഴു ബജറ്റവതരിപ്പിച്ച മന്ത്രിയാണ്, നല്ല ചങ്ങാതിയാണ്, സെമിനാറില്‍ പ്രസംഗിക്കാന്‍ കൊള്ളാം... ഇങ്ങനെ പോകുന്നു മാണീമാഹാത്മ്യം. കറിവേപ്പിലയ്ക്കുപോലും നികുതി ചുമത്തിയ പാവപ്പെട്ടവന്റെ ശത്രുവായ പെറ്റിബൂര്‍ഷ്വാ എന്നു പറഞ്ഞ നാവുകൊണ്ടുതന്നെ കര്‍ഷകന്റെ മിത്രമാണ്, കണക്കു ശാസ്ത്രത്തില്‍ നിപുണനാണ്, സഭാനായകരുടെ മിത്രമാണ് എന്നൊക്കെ മാറ്റിപ്പറയുന്നതു കേള്‍ക്കേണ്ടി വരുന്നതാണ് ഏനക്കേടുണ്ടാക്കുന്ന കാര്യം.
ബി.ജെ.പി പ്രഭ മങ്ങിത്തുടങ്ങി. കേന്ദ്രം കൈവിട്ടു പോകാനുള്ള സാധ്യത കുറവല്ല. അപ്പോള്‍ പിന്നെ 'ഇടം-വലം രണ്ടാലൊന്ന് വച്ചുപിടിക്കുക തന്നെ. ഇടതിലെ രണ്ടാമന്റെ ഭാവിയോര്‍ത്തു തടഞ്ഞു നിര്‍ത്തുന്നതിനാല്‍ അവസാന അത്താണി വലതുതന്നെ. ഒറ്റയ്ക്കു നിന്നാല്‍ ജയിച്ചു കയറാനൊരു സീറ്റ് തല്‍ക്കാലമില്ലല്ലോ. കുഞ്ഞാപ്പപോലും കോഴിക്കോട്ടെത്തി മഞ്ഞുരുക്കി. ഇനി ഓഫറുകളുടെ നാളാണ്. ലോട്ടറിപോലെ ഭാഗ്യം തേടി ഉറപ്പുകൊടുക്കും. എന്തായാലും ഒരു പിളര്‍പ്പു ഗര്‍ഭം ധരിച്ചിട്ടുണ്ടെന്നുറപ്പ്.
തന്നെ ഗുജറാത്ത് പൊലിസ് വകവരുത്തുമെന്നു ജിഗ്‌നേഷ് മേവാനി പറയുന്നു. മുന്‍ അനുഭവങ്ങളുള്ള സ്ഥിതിക്ക് ഈ ആശങ്ക തള്ളിക്കളഞ്ഞുകൂടാ. പിന്നാക്കനേതാവ് വളരുന്നതു സവര്‍ണഫാസിസം ഭയക്കുന്നതു സ്വാഭാവികം. എത്ര വലിയ വിദ്യാഭ്യാസം നേടിയാലും തോട്ടിപ്പണിക്കാര്‍ (മലം ശേഖരിക്കുന്നവര്‍) മഹത്തായ കുലതൊഴില്‍ ഉപേക്ഷിക്കരുതെന്ന ഗാന്ധിജിയുടെ ആഹ്വാനം പരക്കെ വിമര്‍ശിക്കപ്പെടുകയും ബ്രാഹ്മണ്യമായി വ്യാഖ്യാനിക്കപ്പെടുകയും ചെയ്തിരുന്നു.
അധികാരവും അര്‍ഥവും കൈയടക്കാന്‍ അടിമകളെ സൃഷ്ടിക്കുന്ന ചരിത്രപരമായ ദൗത്യമാണു സവര്‍ണര്‍ ഇക്കാലമത്രയും ചെയ്തത്. ജിഗ്‌നേഷ് തിളക്കമാര്‍ന്ന വിജയം നേടിയാണ് എം.എല്‍.എയായത്. ഗുജറാത്തിലെ മാറ്റത്തിന്റെ കാറ്റഴിച്ചുവിട്ട ഈ പിന്നാക്കക്കാരനെ ഉന്മൂലനംചെയ്യാനുള്ള സാധ്യത തള്ളിക്കളഞ്ഞുകൂടാ. ഒരു ഭാരതഹര്‍ത്താലില്‍ ഇന്ത്യന്‍ രാഷ്ട്രീയം അത് ആഘോഷമാക്കും; അല്ലെങ്കില്‍ ഒരു ആചരണം. ഇതിലധികം കരുത്തുകാട്ടാന്‍ നവഭാരത പൊതു പരിസരം പ്രബലമല്ല.
മതസ്പര്‍ധ വളര്‍ത്തുന്ന പാഠപുസ്തകത്തിന്റെ പേരില്‍ എം.എം അക്ബര്‍ പൊലിസ് വലയിലായി. ശാക്കിര്‍ നായിക്കിനെ തേടുന്ന അതേകുറ്റം തന്നെയാണത്രേ അക്ബറിനുമേലും ചുമത്തിയത്. അബ്ദുന്നാസര്‍ മഅ്ദനിക്കു സ്വതന്ത്രജീവിതമില്ലാതാക്കിയ നിയമപണ്ഡിതരുള്ള നാടാണു കേരളം. മണിക്കൂര്‍ ഇടവിട്ടു വര്‍ഗീയവും തീവ്രവാദപരവുമായ പ്രസ്താവനകളിറക്കുന്ന തൊഗാഡിയ, ശശികല ടീച്ചര്‍ എന്നിവരുടെ മേല്‍ ചുമത്താന്‍ ഐ.പി.സിയില്‍ ഒരു വകുപ്പും പൊലിസ് കാണാറില്ല.
എം.എം അക്ബര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനോ മതസ്പര്‍ധ വളര്‍ത്താനോ ശ്രമിച്ചിട്ടുണ്ടെങ്കില്‍ കേസെടുക്കണം, വിചാരണയും ശിക്ഷയും വേണം. പക്ഷേ, ഇതൊക്കെ പീഡനവിഭ്രാന്തി പരത്തി നിശബ്ദനാക്കാനുള്ള മതാന്ധതയാകരുത്.
ഏകദൈവ വിശ്വാസം, ബഹുദൈവ വിശ്വാസം, നിരീശ്വരത്വം, അര്‍ധവിശ്വാസം, അന്ധവിശ്വാസം ഇതൊക്കെ സ്വയം വരിക്കാനും പ്രചരിപ്പിക്കാനും ഇന്ത്യന്‍ ഭരണഘടന ഏതൊരു പൗരനും അവകാശം നല്‍കുന്നുണ്ട്. മാജിക് പഠിക്കുന്നതും പഠിപ്പിക്കുന്നതും ഈ നാട്ടിലാണ്. അതൊരു കബളിപ്പിക്കല്‍ 'കൈയടക്ക'മാണെന്ന് അറിഞ്ഞുകൊണ്ടല്ലേ പലരും ആസ്വദിക്കാന്‍ ഓടിക്കൂടുന്നത്. അതൊക്കെ ആവാമെന്നും ചില വിശ്വാസം മാത്രം പറഞ്ഞു കൂടെന്നും ആരെങ്കിലും ശഠിച്ചാല്‍ പൊലിസ് കൂട്ടുനില്‍ക്കരുത്.
വിശ്വാസിയും അവിശ്വാസിയും മറ്റൊന്നിനെ പരിഹസിക്കരുത്, ആക്ഷേപിക്കരുത്, തടയരുത്. ഇതിനു വിപരീതമായി പരിഹസിക്കലിന്റെയും ആക്ഷേപിക്കലിന്റെയും എത്രയെത്ര തെരുവുനാടകങ്ങള്‍, സിനിമകള്‍, ഡയലോഗുകള്‍, ഗാനങ്ങള്‍ ഈ നാട്ടിലുണ്ടായി. ചില കലാസംഘടനകളുടെ അടിസ്ഥാനതൊഴില്‍ തന്നെ വിശ്വാസികളെയും ദൈവത്തെയും അപഹസിക്കലാണ്. എം.എം അക്ബര്‍ മാപ്പിള ആയതിനാലാവരുത് നടപടി. ഇരട്ടനീതിയും രീതിയും ശരിയല്ല. മോദിക്കു വായിക്കുന്നതാവരുത് പൊലിസ് ലൈന്‍.
പരിഹാസം പാപമാണ്. യഥാര്‍ഥവിശ്വാസികളെ ഒരു നൂറ്റാണ്ടോളമായി പരിഹസിക്കുന്നതില്‍ പ്രഥമസ്ഥാനത്തുള്ളവരാണു നവീനവാദക്കാര്‍. അക്ബര്‍ ആ ചേരിയിലൊരാളായിരുന്നു. വീണ്ടുവിചാരം നല്ലതാണ്.
കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കു പോപ്പിനോടു മാത്രമാണ് 'കമ്മിറ്റ്‌മെന്റെ'ന്ന വാദം കോടതി കൈയോടെ പിടികൂടിയതു നന്നായി. കുര്‍ബാനയും മാമോദിസയും ആഭ്യന്തരകാര്യമായതിനാല്‍ പോപ്പിനു വിടുക. പക്ഷേ, ഇന്ത്യന്‍ നിയമം എല്ലാ ഇന്ത്യക്കാര്‍ക്കും ഒരുപോലെയാണ്. ഭൂമിക്കച്ചവടം ഭാരതീയരീതിയിലാവണം, വത്തിക്കാന്‍ രീതിയിലാവരുതെന്നു ചുരുക്കം.
കേരളത്തില്‍ പൊലിസും കോടതിയുമുണ്ടായിരിക്കെ ചന്ദ്രശേഖരന്‍ വധവും ശുഹൈബ് വധവും നമ്മള്‍ അന്വേഷിക്കുമെന്നാണു സി.പി.എം പറയുന്നത്. സി.ബി.ഐ വേണ്ട, പാര്‍ട്ടി മതി. ആലഞ്ചേരിയോട് അതങ്ങു പള്ളിയില്‍ പറഞ്ഞാല്‍ മതിയെന്നാണു കോടതി പറയാതെ പറഞ്ഞത്. അതുപോലെ പാര്‍ട്ടിയുടെ സമാന്തരാന്വേഷണമങ്ങ് എ.കെ.ജി ഭവനില്‍ പറഞ്ഞാല്‍ മതിയെന്നു പറയാന്‍ സമയമായി.
മണ്ണാര്‍ക്കാട് സഫീര്‍ കൊല്ലപ്പെട്ടതും തര്‍ക്കമാണിപ്പോള്‍. കണ്ണൂരില്‍ ഇടതു കമ്യൂണിസ്റ്റുകാര്‍ കാണിക്കുന്നതു മണ്ണാര്‍ക്കാട് വലതു കമ്യൂണിസ്റ്റുകാര്‍ തുടങ്ങിയെന്നാണു വാര്‍ത്ത നല്‍കുന്ന സൂചന. തങ്ങളതിലില്ലെന്നു പാര്‍ട്ടി പറയുന്നുണ്ടെങ്കിലും പിടിക്കപ്പെട്ടവരില്‍ പാര്‍ട്ടിപ്രവര്‍ത്തകരുണ്ടെന്നാണു നാട്ടുകാര്‍ പറയുന്നത്. ഏതായാലും കൊലവിളി രാഷ്ട്രീയം മതിയാക്കാന്‍ വൈകരുത്.
അട്ടപ്പാടിയില്‍ ഭക്ഷണം മോഷ്ടിച്ചുവെന്ന പേരില്‍ ആള്‍ക്കൂട്ടം മധുവിനെ അടിച്ചുകൊന്നതും അപമാനകരമായ വാര്‍ത്തയാണ്. പക്ഷേ, ഇതൊരു രാഷ്ട്രീയക്കൊലയാണെന്ന് ആരും ആരോപിച്ചിട്ടില്ല. അതു ഭാഗ്യം. ജാതീയകൊലയാണെന്നു ചിലര്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചത് അധികമാരും ഏറ്റുപിടിച്ചതുമില്ല.
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങിനു വേണ്ടി ചൈനീസ് ഭരണഘടന മാറ്റിയെഴുതാന്‍ പാര്‍ട്ടി തീരുമാനം. ഇത്രയൊക്കെയേ അവിടുത്തെ ഭരണത്തിനു കെട്ടുറപ്പുള്ളൂവെന്നു ചുരുക്കം. ഷീ തത്വശാസ്ത്രം ഇപ്പോള്‍ തന്നെ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 68 വയസാണു ചൈനയിലെ രാഷ്ട്രീയറിട്ടയര്‍മെന്റ് കാലം. 'ഷി'ക്കിപ്പോള്‍ 64 വയസായി. 2023 നു ശേഷം മൂന്നാംതവണയും പ്രസിഡന്റാവാനാണു ഭരണഘടന മാറ്റുന്നത്. രണ്ടുതവണയിലധികം തുടരാന്‍ ഭരണഘടന അനുവദിക്കുന്നുമില്ല. വ്യക്തികള്‍ക്കുവേണ്ടി നാടിന്റെ അടിയാധാരം മാറ്റുന്ന അവസ്ഥ അപമാനകരം തന്നെ.
ജോസഫ് സ്റ്റാലിന്‍ (സോവിയറ്റ് യൂനിയന്‍) ചെസസ്‌ക്യു (റുമാനിയ) പോള്‍പോര്‍ട്ട് തുടങ്ങിയ കമ്യൂണിസ്റ്റ് നേതാക്കളൊക്കെ വാര്‍പ്പുവല്‍ക്കരിച്ച കമ്യൂണിസ്റ്റ് ദൈവങ്ങളായിരുന്നു. മാവോസേതൂങിനും ഈ ദൈവപരിവേഷം കല്‍പ്പിക്കപ്പെട്ടു. യഥാര്‍ഥ ദൈവത്തെ വിട്ടു അധികാരികളെ ദൈവമാക്കുന്ന അടിമത്തം തന്നെയാണ് ഉത്തരകൊറിയയിലെ 'ഉന്നും' ഉയര്‍ത്തിയ പാപ്പരത്തം.
മതസ്വാതന്ത്ര്യം നിയന്ത്രിച്ചു ചിന്താവാതിലുകള്‍ അടച്ചു പാര്‍ട്ടി ഓഫീസുകളില്‍ അടയിരുത്തുന്ന സഖാക്കള്‍ക്കു നേതാക്കളെ പൂജിക്കുകയല്ലാതെ വഴിയില്ല. മനസ്സിന്റെ ദാഹം ശമിപ്പിക്കണം. ജീവിക്കാനും നേടാനും തല്‍ക്കാലത്തേയ്‌ക്കെങ്കിലും ഇതാവശ്യമാണ്. കണ്ണൂരിലുയര്‍ന്ന വ്യക്തിപൂജാരാഷ്ട്രീയം ഒരു തരം മാനസികാസ്വസ്ഥതയുടെ നിര്‍മിതിയാണ്.
കുത്തിയോട്ടം കുറ്റകരമായ ആചാരമെന്നു ഡി.ജി.പി ആര്‍. ശ്രീലേഖയുടെ പരാമര്‍ശം ഗൗരവ ചര്‍ച്ചയായിട്ടില്ല. ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ചാണു കുട്ടികളെ പീഡിപ്പിക്കുന്ന ആചാരം നിലനില്‍ക്കുന്നത്.
ദേവപ്രീതിക്കു ചോര പൊടിയുന്ന വിധമുള്ള ആചാരവും വേഷവും ക്ഷേത്രമുറ്റത്തെ ഉറക്കവും ഭക്ഷണക്രമങ്ങളും കുട്ടികളോടുള്ള നീതിനിഷേധമാണന്നു വ്യക്തമാണ്. എന്നാല്‍, 'അന്വേഷിക്കും നടപടി എടുക്കും' എന്നൊക്കെയുള്ള പതിവുപ്രഖ്യാപനത്തിനപ്പുറത്തു കാര്യങ്ങളെത്തിയില്ലെന്നതാണു നേര്.
ഹജ്ജ് വിമാനക്കൂലി 41,000 രൂപ കുറച്ച നടപടി സ്വാഗതാര്‍ഹവും അഭിനന്ദനാര്‍ഹവുമാണ്. വിശ്വാസം വിറ്റു കാശാക്കുന്ന ഏര്‍പ്പാട് ഇന്ത്യയില്‍ അധികമാണ്. ഖജനാവ് കനപ്പിക്കാന്‍ വിശ്വാസികളെ ഉപയോഗിക്കുന്ന നടപടിയില്‍നിന്നു ബി.ജെ.പിയാണെങ്കിലും ഒരിളവു നല്‍കിയതു മാനിക്കാതെ വയ്യ.
ഹജ്ജിനു പോകുന്നവരെല്ലാം ധനാഢ്യരല്ല. പ്രയാസപ്പെട്ടു പണമൊപ്പിച്ചാണു പലരും പോകുന്നത്. അവരെ ചൂഷണം ചെയ്തുവരുന്ന നിലപാടില്‍ നിന്നുള്ള ഇറക്കം നന്മ തന്നെയാണ്.
ഇസ്മാഈലിന് അല്‍പം ആര്‍ഭാടരോഗം കൂടിയെന്നാണു കാനം പറയുന്നത്. ഇതു കേട്ടാല്‍ തോന്നും പരിപ്പുവടയും കട്ടന്‍ചായയും നിലവിലുണ്ടെന്ന്. പാര്‍ട്ടി മാറി, ലൈന്‍ മാറി, നേതാക്കളും മാറി. കൂട്ടത്തില്‍ ഇസ്മാഈലും മാറിക്കാണും.
സിംഗപ്പൂരില്‍ ബജറ്റ് മിച്ചമാണ്. നികുതി കുറച്ചു ഭരണച്ചെലവു നിയന്ത്രിച്ചു വ്യവസായ-ടൂറിസം ഉപയോഗപ്പെടുത്തി ജനപക്ഷ ഭരണം പൗരന്മാര്‍ക്കു വാര്‍ഷികബോണസ് 300 ഡോളര്‍ (14,000 രൂപ) പ്രഖ്യാപിച്ചു. ഇന്ത്യയില്‍ മന്ത്രിമാര്‍ക്കും എം.പിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പിടിപ്പതു തുക കൂട്ടി. പൗരന്മാര്‍ക്കു നടുനിവര്‍ത്താനാവാത്ത നികുതികള്‍ അടിച്ചേല്‍പ്പിച്ചു.
1957-ല്‍ ഇ.എം.എസ് മന്ത്രിമാരുടെ ശമ്പളം 700 രൂപയില്‍ നിന്ന് 500 രൂപയാക്കി കുറച്ചത് ഇപ്പോള്‍ കമ്യൂണിസ്റ്റുകാര്‍ക്കു പോലും കുറച്ചിലായി അനുഭവപ്പെടുകയാണ്. ഭാരതീയരുടെ ഭാഗ്യം തെളിയാന്‍ ജനാധിപത്യം യഥാര്‍ഥ രൂപത്തില്‍ ശക്തിപ്പെടണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സര്‍ക്കാര്‍ വാക്കു പാലിച്ചു, എഡിജിപിക്കെതിരെ നടപടി എടുത്തു; എംവി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് തുറക്കും; സമീപവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

Kerala
  •  2 months ago
No Image

ആധാറിലെയും റേഷന്‍കാര്‍ഡിലെയും പേരില്‍ പൊരുത്തക്കേട്; ലക്ഷക്കണക്കിനാളുകളുടെ റേഷന്‍കാര്‍ഡ് മസ്റ്ററിങ് അസാധുവാക്കി

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് മഴ കനക്കുന്നു; 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ബലാത്സംഗ കേസ്; നടന്‍ സിദ്ദിഖ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും

Kerala
  •  2 months ago
No Image

അന്‍വറിന് മറുപടി കൊടുക്കാന്‍ ചന്തക്കുന്നില്‍ ഇന്ന് സിപിഎം വിശദീകരണ യോഗം

Kerala
  •  2 months ago
No Image

സഊദി അറേബ്യ: ബിൽബോർഡ് നിയമങ്ങൾ കൂടുതൽ കർശനമാക്കാൻ ഒരുങ്ങുന്നു

Saudi-arabia
  •  2 months ago
No Image

ഗള്‍ഫ് സുപ്രഭാതം റെസിഡണ്ട് എഡിറ്റര്‍ ജലീല്‍ പട്ടാമ്പിക്ക്  ആദരം 

uae
  •  2 months ago
No Image

'അവസാന വിക്കറ്റും വീണു അരങ്ങത്തു നിന്ന് അടുക്കളയിലേക്ക്'; ഫേസ്ബുക്ക് കുറിപ്പുമായി കെ.ടി. ജലീല്‍ എം.എല്‍.എ

Kerala
  •  2 months ago
No Image

കമ്മ്യൂണിറ്റി സ്പോർട്‌സ് ഇവന്റ്സ്; എമിറേറ്റ്സ് ന്യൂസ് ഏജൻസിക്ക് മികച്ച മീഡിയ ഔട്ട്ലെറ്റ് പുരസ്കാരം

uae
  •  2 months ago