മതപ്രഭാഷണ വേദി മാനവമൈത്രിയുടെ സന്ദേശം വിളിച്ചോതിയ വേദിയായി
കുറ്റ്യാടി: വേളം അരമ്പോള്‍ മഹല്ല്, മദ്‌റസ കമ്മറ്റിയുടെയും ജി.സി.സി കൂട്ടായ്മയുടെയും സംയുക്താഭിമുഖ്യത്തില്‍ ഇന്നലെ പെരുവയലില്‍ തുടങ്ങിയ മതപ്രഭാഷണ സദസ് മാനവിക ഐക്യവും സമുദായ സൗഹാര്‍ദ്ദവും ഊട്ടിയുറപ്പിക്കുന്ന സംഗമവേദിയായി.
അഞ്ചു ദിവസത്തോളം നീണ്ടുനില്‍ക്കുന്ന മതപ്രഭാഷണ പരിപാടിയുടെ സാംസ്‌കാരിക സമ്മേളത്തിലാണ് നാട്ടിലെ വിവിധ മത, രാഷ്ട്രീയ, സാമൂഹ്യരംഗത്തുള്ളവരെ പങ്കെടുപ്പിച്ച് മതസൗഹാര്‍ദ വേദിയൊരുക്കിയത്. രാഷ്ട്രീയ സംഘര്‍ഷവും മറ്റുമായി നിരന്തരം അരക്ഷിതാവസ്ഥ നിലനില്‍ക്കുന്ന മേഖലയില്‍ അരമ്പോള്‍ കമ്മിറ്റിയുടെ ഈ മാതൃകാപരിപാടി മതരാഷ്ട്രീയ ഭേദമന്യേ ഏറെ പ്രശംസ പിടിച്ചുപറ്റി. പരിപാടി പഞ്ചായത്ത് പ്രസിഡന്റ് വി.കെ അബ്ദുല്ല ഉദ്ഘാടനം ചെയ്തു.
കെ.കെ മൊയ്തുഹാജി അധ്യക്ഷനായി. സൈബര്‍സെല്ലിലെ രംഗീഷ് കടവത്ത് 'സൈബര്‍ ലോകത്തെ ചതിക്കുഴികള്‍' എന്ന വിഷയത്തില്‍ ക്ലാസെടുത്തു. ജലീല്‍ റഹ്മാനി വാണിയന്നൂര്‍ മുഖ്യപ്രഭാഷണം നടത്തി. പുത്തൂര്‍ മുഹമ്മദലി സ്വാഗതം പറഞ്ഞു. എം.വി ഇബ്‌റാഹീംകുട്ടി ഹാജി, മൊയ്തുബാഖവി, പി.കെ സജീവന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ.സി ബാബു മാസ്റ്റര്‍, സി.കെ ബാബു, സുധീര്‍രാജ്, പി.എം ഷാജു, ക്ഷേത്ര കമ്മിറ്റി അംഗം ടി.എം ഗംഗാദരന്‍ സംസാരിച്ചു. മുഖ്യമന്ത്രിയുടെ പൊലിസ് മെഡല്‍ നേടിയ അംഗജന്‍ മണാട്ടില്‍, എരവത്ത് രാഘവന്‍ നമ്പ്യാര്‍, ഹാഫിള് ബിരുദം നേടിയ ഹാഫിള് വി.കെ മുഹമ്മദ്, ഹുദവി ബിരുദം നേടിയ ആഷിഖ് കളരിയുള്ളതില്‍, സി.കെ അഷ്‌റഫ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
മതപ്രഭാഷണ സദസിന്റെ മുന്നാം ദിവസമായ ഇന്ന് രാത്രി ഏഴിന് സിംസാറുല്‍ ഹഖ് ഹുദവി സംസാരിക്കും. തുടര്‍ന്ന് നടക്കുന്ന പ്രാര്‍ഥനാ സദസിന് പുറവൂര്‍ മുഹമ്മദ് മുസ്‌ലിയാര്‍ നേതൃത്വം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."