ഡീസല്‍ വില വര്‍ധന: മത്സ്യബന്ധന ബോട്ടുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്
ഫറോക്ക്: ഫിഷറീസ് അധികൃതരുടെയും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെയും പീഡനത്തിലും ഡീസല്‍ വിലവര്‍ധനവിലും പ്രതിഷേധിച്ചു മത്സ്യബന്ധന ബോട്ടുകള്‍ അനിശ്ചിത കാല സമരത്തിലേക്ക്. ആള്‍കേരള ഫിഷിങ് ബോട്ട് ഓപ്പററ്റേഴ്‌സ് അസോസിയേഷനാണ് സംസ്ഥാന വ്യാപകമായി ഈ മാസം 15 മുതല്‍ സമരം പ്രഖ്യാപിച്ചരിക്കുന്നത്.
സമരത്തിന്റെ ഭാഗമായി മത്സ്യബന്ധനത്തിനു പോയ മുഴുവന്‍ ബോട്ടുകളോടും കടലില്‍ നിന്നു തിരികെ പോരാന്‍ നിര്‍ദേശം നല്‍കി. ഇതിനെ തുടര്‍ന്നു ഇന്നലെ വൈകിട്ടോടെ തന്നെ ബോട്ടുകള്‍ കുട്ടമായി ബേപ്പൂരിലും മറ്റു ഹാര്‍ബറുകളിലേക്ക് തിരികെ വന്നു തുടങ്ങി. അനിശ്ചിതകാല സമരത്തിന്റെ മുന്നോടിയായി തിങ്കളാഴ്ച സംസ്ഥാനത്തെ മുഴവന്‍ ഫിഷറീസ് കേന്ദ്രങ്ങള്‍ക്ക് മുന്നിലും മത്സ്യബന്ധന തൊഴിലാളികള്‍ ധര്‍ണ നടത്തും.
നിരോധിത മത്സ്യമായ കിളി മീന്‍ പിടിക്കുന്നതിനെതിരെയാണ് ഫിഷറീസും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ബോട്ടുകളെ പിടികൂടി വന്‍തുക പിഴ ചുമത്തുന്നത്. 25,000രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെയാണ് ബോട്ടുടമകളില്‍ നിന്നും പിഴ ഈടാക്കുന്നത്. എന്നാല്‍ ഈ സമയത്തു കിളി മീന്‍ മാത്രമാണ് കൂടുതാലായി ലഭിക്കുക. ഇതു തന്നെ ഇന്തോനേഷ്യ പോലുളള രാജ്യങ്ങളില്‍ നിന്നു കാലാവസ്ഥമാറ്റത്തിനു അനുസരിച്ച് കേരള തീരത്തേക്ക് എത്തുന്നതാണെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. അധിക വലിപ്പം വെക്കാത്ത സീസണ്‍ സമയത്ത് മാത്രം ലഭിക്കുന്ന കിളിമീന്‍ ജുവനൈല്‍ ഫിഷിങ് ആക്റ്റില്‍ പെടുത്തി നിരോധിച്ചിരിക്കുന്നത് ബോട്ടുടമുകള്‍ക്ക് വലിയ തിരിച്ചടിയാണ്. ആഴക്കടലില്‍ വല വലിക്കുമ്പോള്‍ ചെറുമീനുകളെയും കിളമീനുകളെയും വേര്‍ത്തിരിച്ചു പിടിക്കാന്‍ കഴിയില്ല. ഇത്തരത്തില്‍ വലയില്‍ കുടുങ്ങുന്ന മീനുമായി കരയിലെത്തുന്ന ബോട്ടുകളെ വളഞ്ഞിട്ടു പിടിച്ചാണ് അധികൃതര്‍ വന്‍തുക പിഴ ഈടാക്കുന്നത്. കിളിമീന്‍ പിടിക്കുന്നതിനു നിയമത്തില്‍ ഇളവ് വരുത്തണമെന്നാവശ്യപ്പെട്ടിട്ടും സംസ്ഥാന സര്‍ക്കാര്‍ ചെവി കൊളളത്തതാണ് ബോട്ടുടമകളെ സമരത്തിലേക്ക് നയിച്ചത്.
അനിയന്ത്രിതമായി കുതിച്ചയുരുന്ന ഡീസല്‍ വര്‍ദ്ധനവില്‍ പിടിച്ചു നില്‍ക്കാനാവത്തതാണ് ബോട്ടുടമകളുടെ മറ്റൊരു പ്രശ്‌നം. മത്സ്യബന്ധന ബോട്ടുകള്‍ക്ക് നല്‍കുന്ന ഡീസലിന് സബ്‌സിഡി നല്‍കണമെന്നാവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല. മറ്റു സംസ്ഥാനങ്ങളിലെ മത്സ്യബന്ധന ബോട്ടുകള്‍ക്ക് സബ്‌സിഡി നല്‍കുമ്പോഴും സംസ്ഥാന സര്‍ക്കാര്‍ ഈ ആനുകൂല്യം നല്‍കാതിരിക്കുന്നത് ക്രൂരത കാട്ടുകയാണെന്നു ബോട്ടുടമകള്‍ പറഞ്ഞു. ഓഖി ദുരന്തത്തില്‍ ബോട്ടുകള്‍ തകര്‍ന്നവര്‍ക്കും മത്സ്യബന്ധന സാമഗ്രികള്‍ നഷ്ടമായവര്‍ക്കും ഉടന്‍ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നാണ് സമരത്തിന്റെ മറ്റൊരു ആവശ്യം. ഇന്നലെ വൈകിട്ടു സംസ്ഥാനത്തെ മുഴുവന്‍ ഹാര്‍ബറുകളിലെയും ആള്‍ കേരള ഫിഷിങ് ബോട്ട് ഓപററ്റേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍ എറണാകുളത്ത് യോഗം ചേര്‍ന്നാണ് സമരം പ്രഖ്യാപിച്ചത്. ഒരു ദിവസം സംസ്ഥാനത്തെ മുഴുവന്‍ മത്സ്യബന്ധന ബോട്ടുകളും പണിമുടക്കിയാല്‍ കോടികണക്കിനു രൂപയുടെ വരുമാന നഷ്ടമാണ് സര്‍ക്കാരിനുണ്ടാവുക. ആഴക്കടലില്‍ മത്സ്യബന്ധനത്തിനു പോകുന്ന അയ്യായിരത്തിലധികം ബോട്ടുകളാണ് സംസ്ഥാനത്തുള്ളത്.
ഇത്തരത്തിലുളള വലിയ ബോട്ടുകള്‍ ജില്ലയില്‍ 1500ലധികം വരും. കൂടാതെ അഞ്ഞൂറിലധികം ഇന്‍ബോഡ് വെള്ളങ്ങളും ജില്ലയിലുണ്ട്. സമരത്തിന്റെ ഭാഗമായി കേരളത്തിലെ മുഴുവന്‍ ഹാര്‍ബറികളിലേക്കും കടലില്‍ പോയ ബോട്ടുകള്‍ തിരിച്ചെത്തി തുടങ്ങിയതായാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."