കുണ്ടന്‍തോട് ജണ്ട കെട്ടല്‍ നിര്‍ത്തിവച്ചു
തിരുവമ്പാടി: മുത്തപ്പന്‍ പുഴ-മറിപ്പുഴ-കുണ്ടന്‍തോട് പ്രദേശങ്ങളിലെ കൈവശഭൂമിയില്‍ ഫോറസ്റ്റുകാര്‍ ജണ്ട കെട്ടുന്നത് സ്ഥലം എം.എല്‍.എ ജോര്‍ജ് എം. തോമസിന്റെ ഇടപെടലിനെ തുടര്‍ന്നു നിര്‍ത്തിവച്ചു. ഇരുവഴിഞ്ഞിപ്പുഴയുടെ ഇരുകരകളും സംരക്ഷിക്കാനാണ് 42 കര്‍ഷകരുടെ 45 ഹെക്ടര്‍ കൃഷിഭൂമി ജണ്ട കെട്ടി വേര്‍തിരിച്ചത്.
രണ്ട് മാസം മുന്‍പ് ജണ്ടകെട്ടല്‍ തുടങ്ങിയപ്പോള്‍ തന്നെ സ്ഥലം എം.എല്‍.എയും ജില്ലാ കലക്ടറും ഇടപെട്ട് നിര്‍ത്തിവയ്പ്പിക്കുകയും റവന്യൂ ഫോറസ്റ്റ് അധികൃതരുടെ സംയുക്ത യോഗം വിളിക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.എന്നാല്‍ 1972 - 75 കാലഘട്ടത്തിലെ റവന്യൂരേഖകള്‍ പ്രകാരമുള്ള സര്‍വേ സ്‌കച്ചനുസരിച്ച് ജണ്ടയിടണമെന്നും വിസ്തൃതി കുറഞ്ഞ് വരുന്നതിനാല്‍ പുഴയുടെ ഇരുകരയിലുമുള്ള ഭൂമിയും ഫോറസ്റ്റായി പരിഗണിക്കണമെന്നുമുള്ള ഉറച്ച നിലപാടിലാണ് ഉന്നത ഫോറസ്റ്റുദ്യോഗസ്ഥര്‍. ഇത് സംബന്ധമായി ഇന്ന് രാവിലെ പതിനൊന്നിന് കലക്ടറേറ്റില്‍ റവന്യൂ ഫോറസ്റ്റുദ്യോഗസ്ഥരുടെ യോഗം നടക്കുമെന്ന് എം.എല്‍.എ അറിയിച്ചു.
ജണ്ട കെട്ടിയ സ്ഥലങ്ങളില്‍ എം.എല്‍.എ സന്ദര്‍ശനം നടത്തി. സി.പി.എം നേതാക്കളായ ജോളി ജോസഫ്, പി.ജെ ജോണ്‍സണ്‍, തോമസ് തെക്കേക്കുറ്റ്, ഫിലിപ്പ് മാലിശ്ശേരി, ബിജു ജോസഫ്, ആന്റോ തോമസ്, അവിരാച്ചന്‍ കുളവട്ടം എന്നിവരും എം.എല്‍.എ.യോടൊപ്പം ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."