ആദിവാസി യുവാവ് മരിച്ചത് മര്‍ദനമേറ്റാണെന്ന് ബന്ധുക്കള്‍; കലക്ടര്‍ക്ക് പരാതി നല്‍കി
തിരുവമ്പാടി: തിരുവമ്പാടി പൊലിസ് സ്‌റ്റേഷന്‍ പരിധിയിലുള്ള കക്കാടംപൊയിലില്‍ ആദിവാസി യുവാവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍. കക്കാടംപൊയില്‍ കരിമ്പ് ആദിവാസി കോളനിയിലെ നാടുവാഴി സുരേഷിന്റെ (25) മരണമാണ് മര്‍ദനമേറ്റതു മൂലമാണെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നത്. സംഭവത്തില്‍ ദൂരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നുമാവശ്യപ്പെട്ട് അമ്പുമല കോളനിയിലെ അധ്യാപികയുടെ നേതൃത്വത്തില്‍ ആദിവാസികള്‍ മലപ്പുറം ജില്ലാ കലക്ടര്‍ അമിത് മീണയ്ക്ക് പരാതി നല്‍കി.
തിരുവമ്പാടി പഞ്ചായത്തിലെ ചീങ്കണ്ണിപ്പാലിയില്‍ പന്നി ഫാമില്‍ ജോലിക്കാരനായിരുന്ന സുരേഷിനെ ഞായറാഴ്ച രാവിലെ ഫാം ഉടമ പുട്ടാച്ചന്‍ എന്ന ബിനു പണിക്ക് വിളിച്ചുകൊണ്ടുപോയിരുന്നു. തുടര്‍ന്ന് പകല്‍ സുരേഷ് മരത്തില്‍ നിന്ന് വീണു. പക്ഷേ വൈകിട്ടാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിക്കുന്നത്. എന്നാല്‍ മരത്തില്‍നിന്നു വീണ വിവരം മരണശേഷമാണ് ബന്ധുക്കളെ അറിയിച്ചത്. സുരേഷിന്റെ നെറ്റിയിലും കണ്ണിനു സമീപത്തും പരുക്കുകളുണ്ട്. കൂടാതെ മൃതദേഹത്തില്‍ നിന്നും ദുര്‍ഗന്ധവും വന്നു തുടങ്ങിയിരുന്നു. അതേസമയം, ഞായറാഴ്ച വൈകിട്ട് സുരേഷിന്റെ അമ്മാവനെ തൊഴിലുടമയും സംഘവും വിളിച്ചുകൊണ്ടുപോയി. സുരേഷിന് ഇടയ്ക്കിടെ അപസ്മാരം വരാറുണ്ടായിരുന്നെന്നും അങ്ങനെ മരത്തില്‍നിന്ന് വീണ് മരിച്ചതാണെന്നും തങ്ങള്‍ക്ക് സംശയമില്ലെന്നും ഇയാളില്‍നിന്നും സത്യവാങ്മൂലം എഴുതിവാങ്ങി. ഇതോടെയാണ് കോളനിവാസികള്‍ക്കും ബന്ധുക്കള്‍ക്കും സംശയം തോന്നിത്തുടങ്ങിയത്. സുരേഷും മറ്റ് ചില ആദിവാസികളും ചേര്‍ന്ന് പി.ഡബ്ലിയു.ഡിയുടെ ടാറും മറ്റ് സാമഗ്രികളും കവര്‍ന്ന ഒരു കേസ് നിലവിലുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെങ്കില്‍ താന്‍ പിടിക്കപ്പെടും എന്ന ഭീതിമൂലമാണ് സുരേഷിനെ അപായപ്പെടുത്തിയതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.
ഒരാള്‍ പൊക്കമുള്ള മരത്തില്‍ നിന്ന് വീണാല്‍ തന്നെ ഇത്ര ഗുരുതരമായി പരുക്കേല്‍ക്കില്ലെന്നും വീണുവെന്ന് പറയപ്പെടുന്ന സ്ഥലത്ത് ഒരു കല്ല് പോലും ഇല്ലെന്നും നാട്ടുകാര്‍ പറയുന്നു.
എന്നാല്‍, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം സുരേഷ് ഉയരത്തില്‍നിന്ന് വീണു മരിച്ചതായാണ് പറയുന്നതെന്ന് ഇന്‍ക്വസ്റ്റ് നടത്തിയ തിരുവമ്പാടി പൊലിസ് അറിയിച്ചു. സുരേഷിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. കൂടരഞ്ഞി പഞ്ചായത്തിലെ പെരുമ്പൂളയിലാണ് സുരേഷിന്റെ വീട്. ചീങ്കണ്ണിപ്പാലിയിലെ കരിമ്പ് കോളനിയിലുള്ള അമ്മൂമ്മ ചിരുത കറുത്തകുട്ടിക്കൊപ്പമായിരുന്നു സുരേഷിന്റെ താമസം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."