ജില്ലയിലെ പുഴകള്‍ ബ്ലൂ ഗ്രീന്‍ ആല്‍ഗയുടെ ഭീഷണിയില്‍; ഇരുവഴിഞ്ഞിപ്പുഴയില്‍ ആല്‍ഗയുടെ സാന്നിധ്യം സ്ഥിരീകരിച്ചു
മുക്കം: ബ്ലൂ ഗ്രീന്‍ ആല്‍ഗ പടരുമെന്ന ഭീഷണിയില്‍ ജില്ലയിലെ പുഴകള്‍. ഒരാഴ്ച മുന്‍പ് ചാലിയാര്‍ പുഴയില്‍ കാണപ്പെട്ട ബ്ലൂ ഗ്രീന്‍ ആല്‍ഗയുടെ സാന്നിധ്യം സമീപത്തെ മറ്റ് പുഴകളിലേക്ക് കൂടി പടരുന്നത് ജനങ്ങളെ ആശങ്കയിലാക്കുന്നു. മലയോര മേഖലയിലെ പ്രധാന ജലസ്രോതസായ ഇരുവഴിഞ്ഞിപുഴയില്‍ ഇന്നലെ ആല്‍ഗയുടെ സാന്നിധ്യം സ്ഥിരീകരിച്ചത് ജനങ്ങളെയും ആരോഗ്യവകുപ്പിനേയും ഒരുപോലെ ഞെട്ടിച്ചിട്ടുണ്ട്. നിരവധി കുടിവെള്ള പദ്ധതികളും ജലസേചന പദ്ധതികളും ഉള്‍ക്കൊള്ളുന്ന ഇരുവഴിഞ്ഞിപ്പുഴയില്‍ ബ്ലൂ ഗ്രീന്‍ ആല്‍ഗയുടെ സാന്നിധ്യം കണ്ടെത്തിയത് കടുത്ത വേനലില്‍ കുടിവെള്ളത്തിനായി നെട്ടോട്ടം ഓടുന്ന ജനങ്ങളെ വലിയ പ്രതിസന്ധിയിലാക്കും.
ജില്ലയിലെ മറ്റു പുഴകളിലും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധനകള്‍ ആരംഭിച്ചിട്ടുണ്ട്. ചാലിയാര്‍ പുഴയിലെ ആല്‍ഗ കാണപ്പെട്ട സ്ഥലങ്ങളിലെ വെള്ളം കുടിക്കാനോ കുളിക്കാനോ മറ്റ് ഗാര്‍ഹിക ആവശ്യങ്ങള്‍ക്കോ ഉപയോഗിക്കരുതെന്ന് സി.ഡബ്ലു.ആര്‍.ഡി.എം അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. മനുഷ്യന്റെ പ്രവൃത്തികള്‍ തന്നെയാണ് ഇത്തരത്തിലുള്ള പ്രതിഭാസങ്ങളിലേക്ക് നയിക്കുന്നതെന്ന് പ്രകൃതി ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. ജലത്തില്‍ മാലിന്യത്തിന്റെ അളവ് വന്‍തോതില്‍ വര്‍ധിച്ച് ഓക്‌സിജന്‍ കുറയുമ്പോഴാണ് ബ്ലൂ ഗ്രീന്‍ ആല്‍ഗകള്‍ കാണപ്പെടുക. ഇതിന്റെ അളവ് കൂടുമ്പോള്‍ വെള്ളത്തില്‍ വിഷ സാന്നിധ്യമുണ്ടാകുകയും മത്സ്യങ്ങള്‍ ചത്തുപൊങ്ങുകയും ചെയ്യും.
ജലത്തില്‍ നൈട്രേറ്റും ഫോസ്‌ഫേറ്റും വര്‍ധിക്കുമ്പോഴാണ് ബ്ലൂ ഗ്രീന്‍ ആല്‍ഗ രൂപപ്പെടുന്നത്. ഇത് മത്സ്യസമ്പത്തിനടക്കം വലിയ ഭീഷണിയാണ്. ഇരുവഴിഞ്ഞിപ്പുഴയില്‍ കാരശ്ശേരി വൈശ്യംപുറം ഭാഗത്ത് കഴിഞ്ഞ ദിവസം മത്സ്യങ്ങള്‍ വ്യാപകമായി ചത്ത് പൊങ്ങിയിരുന്നു. വ്യാപകമായ മാലിന്യ നിക്ഷേപങ്ങളും മലിനീകരണവുമാണ് ബ്ലൂ ഗ്രീന്‍ ആല്‍ഗകള്‍ പുഴകളില്‍ വളരാനുള്ള സാഹചര്യം ഒരുക്കുന്നത്. ചൂടുകാലത്ത് ആല്‍ഗകള്‍ കൂടുതലായി വളരും. വെള്ളത്തിന്റെ ഉപരിതലത്തില്‍ ചൂടുകൂടിയ പാളിയിലാണ് ഇവ സാധാരണ കാണപ്പെടുക. സംസ്ഥാനം കടുത്ത വരള്‍ച്ചയും രൂക്ഷമായ ജലക്ഷാമവും നേരിടുന്ന സമയത്ത് ജലത്തിനായി ജനങ്ങള്‍ പ്രധാനമായും ആശ്രയിക്കുന്ന പുഴകളിലെ വെള്ളം ഉപയോഗശൂന്യമാകുന്ന സാഹചര്യം വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഇരുവഴിഞ്ഞിപ്പുഴയില്‍ ആല്‍ഗ കണ്ടെത്തിയ കാരശ്ശേരി വൈശ്യംപുറം ഭാഗത്ത് കവണക്കല്ല് റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ഷട്ടറുകള്‍ താഴ്ത്തിയതിനാല്‍ വെള്ളത്തിന് ഒഴുക്കില്ലാത്തതാണ് ആല്‍ഗ പടരാന്‍ കാരണമെന്നാണ് നിഗമനം. അതേ സമയം കവണക്കല്ലിന്റ ഷട്ടറുകള്‍ ഉയര്‍ത്തിയാല്‍ അത് നിരവധി പഞ്ചായത്തുകളിലെ കിണറുകള്‍ ഉള്‍പ്പെടെ വറ്റുന്നതിനും കാരണമാവും.
ചൊറിച്ചില്‍, കണ്ണിനു രോഗം, ഛര്‍ദി, ഓക്കാനം, പേശികള്‍ക്ക് ബലം കുറയുക എന്നിവയാണ് ആല്‍ഗ കലര്‍ന്ന വെള്ളം ഉപയോഗിച്ചാലുണ്ടാകുന്ന രോഗങ്ങള്‍. അതിനാല്‍ കുളിക്കാനും മറ്റ് ആവശ്യങ്ങള്‍ക്കുമായി പുഴയെ ആശ്രയിക്കുന്ന ജനങ്ങള്‍ക്ക് വലിയ ഭീഷണിയാണ് പുഴകളില്‍ പടരുന്ന ഗ്രീന്‍ ആല്‍ഗകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."