കാഞ്ഞിരത്തിനാല്‍ ഭൂമികേസ് സുപ്രിംകോടതി പ്രാരംഭ വാദം കേട്ടു; കൂടുതല്‍ രേഖകളോടെ പുതിയ ഹരജി നല്‍കും
കല്‍പ്പറ്റ: വനംവകുപ്പ് പിടിച്ചെടുത്ത ഭൂമി തിരിച്ചുകിട്ടണമെന്ന് ആവശ്യപ്പെട്ട് അനിശ്ചിതകാല സമരം തുടരുന്ന കാഞ്ഞിരത്തിനാല്‍ കുടുംബത്തിനു വേണ്ടി മുന്‍ കേന്ദ്രനിയമമന്ത്രി പി.സി. തോമസ് നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്നലെ പ്രാരംഭവാദം കേട്ടു.
ഹൈക്കോടതി തീര്‍പ്പുകല്‍പ്പിച്ച കേസില്‍ അപ്പീല്‍ നല്‍കാന്‍ എന്തുകൊണ്ട് 18 വര്‍ഷം വൈകിയെന്ന കോടതിയുടെ നിരീക്ഷണത്തെ തുടര്‍ന്ന് കാലതാമസം വരാനുണ്ടായ കാരണങ്ങള്‍ കൂടി സമര്‍ത്ഥിച്ച്, നിലവിലെ ഹര്‍ജി പിന്‍വലിച്ച്, പുതിയ ഹര്‍ജി സമര്‍പ്പിക്കാന്‍ കോടതി അനുവദിച്ചുവെന്ന് പി.സി. തോമസ് അറിയിച്ചു. ജസ്റ്റിസുമാരായ അഭയ് മനോഹര്‍ സാപ്രെ, അബ്ദുള്‍ നസീര്‍ എന്നിവരാണ് പ്രാരംഭ വാദം കേട്ടത്. വയനാട് കളക്ടറേറ്റിന് മുന്നില്‍ 930 ലധികം ദിവസമായി സമരം ചെയ്യുകയാണ് കാഞ്ഞിരത്തിനാല്‍ കുടുംബം. 1967 ല്‍ കാഞ്ഞിരത്തിനാല്‍ ജോസ്, ജോര്‍ജ് എന്നിവര്‍ മാനന്തവാടി താലൂക്കില്‍ തൊണ്ടര്‍നാട് വില്ലേജിലുള്ള 12 ഏക്കര്‍ സ്ഥലം വാങ്ങിയിരുന്നു. ഇത് നിക്ഷിപ്ത വനഭൂമിയാക്കാന്‍ വനംവകുപ്പ് വിഭാഗത്തിലെ ചിലര്‍ നടത്തിയ നീക്കത്തിനെതിരെയാണ് കേസ്. വനമാക്കിയ ഭാഗത്ത് കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ 12 ഏക്കര്‍ വരില്ലെന്ന് പിന്നീട് പലപ്പോഴായി ലഭിച്ച സര്‍ക്കാര്‍ രേഖകള്‍ വച്ചാണ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീകോടതിയില്‍ കാഞ്ഞിരത്തിനാല്‍ കുടുംബം നടത്തുന്ന വാദം. 1985 ല്‍ കാഞ്ഞിരത്തിനാല്‍ കുടുംബം ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തിരുന്ന ഹര്‍ജിയുടെ വിചാരണമധ്യേ കോടതിയില്‍ ഹാജരാകാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഹര്‍ജി കോടതി തള്ളി. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ അപേക്ഷ പരിഗണിച്ച് ഹര്‍ജി കോടതി വീണ്ടും പരിഗണിക്കുകയായിരുന്നു. കാലതാമസം വന്നതുസംബന്ധിച്ച് കൂടുതല്‍ രേഖകള്‍ ഹാജരാക്കി കോടതിയെ സത്യം ബോധ്യപ്പെടുത്തുമെന്ന് പി.സി. തോമസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."