എം.പി മുഹമ്മദ് മുസ്‌ലിയാര്‍: വിടപറഞ്ഞത് സൗമ്യനായ പണ്ഡിതന്‍
പെരുവള്ളൂര്‍: കൂമണ്ണ എം.പി മുഹമ്മദ് മുസ്‌ലിയാരുടെ വേര്‍പാട് നാടിനു തീരാനഷ്ടമായി. സൗമ്യ പണ്ഡിത സാന്നിധ്യമായിരുന്ന അദ്ദേഹം തുടര്‍ച്ചായി 40 വര്‍ഷം ആതവനാട് മഹല്ല് ജുമാമസ്ജിദില്‍ മുദരിസായിരുന്നു. വെല്ലൂര്‍ ബാഖിയാത്തില്‍നിന്ന് ബാഖവി ബിരുദം നേടിയ ശേഷമാണ് ദര്‍സ് രംഗത്തേക്കു പ്രവേശിച്ചത്.
നിരവധി ശിഷ്യസമ്പത്തിന് ഉടമയായിരുന്ന അദ്ദേഹം തുടക്കത്തില്‍ ചെമ്മാട്, തിരൂര്‍, കടലുണ്ടി എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചു.
സമസ്ത പ്രസിഡന്റായിരുന്ന കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാരുടെ ശിഷ്യന്മാരില്‍ പ്രധാനിയായി മതപഠനം സ്വായത്തമാക്കാന്‍ അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്. 'കൂമണ്ണ'ക്ക് പരീക്ഷ വേണ്ടെന്ന് കണ്ണിയത്ത് ഉസ്താദ് പലപ്പോഴും പറഞ്ഞിരുന്നതായി കൂടെയുണ്ടായിരുന്നവര്‍ സാക്ഷ്യപ്പടുത്തുന്നു. ചേറൂര്‍ എം.എം ബഷീര്‍ മുസ്‌ലിയാര്‍, കെ.ടി മുഹമ്മദ്കുട്ടി മുസ്‌ലിയാര്‍ വെളിമുക്ക് തുടങ്ങിയവര്‍ ഗുരുക്കന്മാരും സി.എം മടവൂര്‍, ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാര്‍ തുടങ്ങിയവര്‍ സഹപാഠികളുമാണ്.
നാട്ടിലെ മതകാര്യങ്ങളിലും ശ്രദ്ധാലുവായിരുന്നു. മഹല്ലില്‍ ഖാസി പ്രശ്‌നമുണ്ടായപ്പോള്‍ സമസ്തയുടെ പക്ഷത്തെ പ്രമുഖനായ അദ്ദേഹത്തിന്റെ നിലപാടിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. മയ്യിത്ത് വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ കൂമണ്ണ ചെപ്പറ്റ മഹല്ല് ജുമാമസ്ജിദില്‍ ഖബറടക്കി. എം.പി മുഹമ്മദ് മുസ്‌ലിയാരുടെ വേര്‍പാടില്‍ മഹല്ല് കമ്മിറ്റി, എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് അനുസ്മരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."