വൈദ്യുതിത്തൂണുകള്‍ മാറ്റാതെ പണി തുടരേണ്ടതില്ലെന്ന് ചേളാരി-മാതാപ്പുഴ റോഡ്
തേഞ്ഞിപ്പലം: ചേളാരി -മാതാപുഴ റോഡ് റീടാറിങ്ങിനെതിരേ നാട്ടുകാര്‍ രംഗത്ത്. റോഡിലുള്ള വൈദ്യുതിത്തൂണുകള്‍ മാറ്റിസ്ഥാപിക്കാതെയുള്ള നവീകരണം തുടരവെ നാട്ടുകാര്‍ പ്രതിഷേധവുമായെത്തി പ്രവൃത്തി നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് റോഡ് രണ്ടരക്കോടി രൂപ ഉപയോഗിച്ച് ബി.എം ആന്‍ഡ് ബി.സി ചെയ്തുനവീകരിക്കുന്ന പ്രവൃത്തികള്‍ക്ക് തുടക്കംകുറിച്ചത്. ദേശീയപാത 66ല്‍ നിന്നു തുടങ്ങി മാതാപുഴ പാലംവഴി കൂട്ടുമൂച്ചി - ഇരുമ്പോത്തിങ്ങല്‍ റോഡില്‍ ചേരുന്നതാണ് ഈ റോഡ്.
മൂന്നര കിലോമീറ്റര്‍ നീളമുള്ള റോഡ് ഇപ്പോള്‍ റബറൈസ്ഡ് ചെയ്ത് നവീകരിക്കുന്നത് അഞ്ചരമീറ്റര്‍ വീതിയിലാണ്. ആവശ്യമായ സ്ഥലങ്ങളില്‍ റോഡ് ഉയര്‍ത്തുകയും ഓവുപാലവും പാര്‍ശ്വഭിത്തി നിര്‍മാണും ഇതിനകം നടന്നു. അവസാനഘട്ട റബറൈസിങ് പ്രവൃത്തിയാണ് ഇപ്പോള്‍ നടക്കുന്നത്. തിങ്കളാഴ്ചയാണ് ടാറിങ് പ്രവൃത്തിയാരംഭിച്ചത്. ചേളാരിമുതല് ചാപ്പപ്പാറ വരെയുള്ള ഏകദേശം ഒന്നരകിലോമീറ്റര്‍ റബറൈസിങ് തിങ്കളാഴ്ച പൂര്‍ത്തീകരിച്ചിരുന്നു. ബാക്കി ഭാഗത്തെ പണി നടക്കുന്നതിനിടെ ഇന്നലെ ഉച്ചയോടെയാണ് പണിനിര്ത്തിവയ്ക്കണമെന്ന ആവശ്യവുമായി പഞ്ചായത്ത് മെമ്പര്‍ കള്ളിയില്‍ സവാദിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ രംഗത്തെത്തിയത്. റോഡില്‍ ഇരുപതിലധികം വൈദ്യുതിതൂണുകള്‍ മാറ്റിസ്ഥാപിക്കേണ്ടതുണ്ടെന്നും ഇവകള്‍ മാറ്റിയതിന് ശേഷം പണിതുടര്‍ന്നാല്‍ മതിയെന്നുമായിരുന്നു നാട്ടുകാരുടെ ആവശ്യം. തുടര്‍ന്ന് പഞ്ചായത്തത്അംഗം സവാദ് പി. അബ്ദുല്‍ഹമീദ് എം.എല്‍.എയുമായി ബന്ധപ്പെടുകയും ഇതിന്റെ അടിസ്ഥാനത്തില്‍ എം.എല്‍.എ കെ.എസ്ഇബി അധികൃതരുമായി ചര്‍ച്ചനടത്തുകയും ചെയ്തു. തുടര്‍ന്ന് ഇന്നുതന്നെ മുഴുവന്‍ പോസ്റ്റുകളും മാറ്റിസ്ഥാപിക്കുമെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ ഉറപ്പുനല്‍കി. പോസ്റ്റ് മാറ്റുന്ന പണികാരണം ടാറിങ് പ്രവൃത്തിയും താല്‍ക്കാലികമായി നിര്‍ത്തിവച്ചു.പോസ്റ്റുകള്‍ മാറ്റിയതിന് ശേഷമേ ടാറിങ്പ്രവൃത്തി തുടരുകയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."