വൈദ്യുതി ബില്‍ കുറക്കാന്‍ ഊര്‍ജ സംരക്ഷണ പ്രദര്‍ശനം
നിലമ്പൂര്‍: വൈദ്യുതോപകരണങ്ങളുടെ ശരിയായ ഉപയോഗ രീതിയിലൂടെ വൈദ്യുതി ബില്‍ കുറക്കാനാകുമെന്നും അതിലൂടെ ഊര്‍ജ സംരക്ഷണം സാധ്യമാക്കാമെന്നും തെളിയിച്ച് പ്രദര്‍ശനവും ചിത്രരചനയുമൊരുക്കി നാട്ടുകാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും മുന്നില്‍ അറിവിന്റെ പുതുലോകം തീര്‍ത്ത് ഒരു കൂട്ടം കോളജ് വിദ്യാര്‍ഥികള്‍.
കേരള സര്‍ക്കാരിനു കീഴിലുള്ള സെന്റര്‍ ഫോര്‍ എന്‍വയണ്‍മെന്റ് ആന്‍ഡ് ഡവലപ്‌മെന്റിന്റെയും കേരള എനര്‍ജി മാനേജ്‌മെന്റ് സെന്ററിന്റെയും സഹായത്തോടെ നിലമ്പൂര്‍ അമല്‍ കോളജിലെ എന്‍.എസ്.എസ് യൂനിറ്റുകളിലെ വിദ്യാര്‍ഥികളാണ് നിലമ്പൂര്‍, അകമ്പാടം ബസ് സ്റ്റാന്‍ഡുകളില്‍ ഊര്‍ജ സംരക്ഷണ പ്രദര്‍ശനങ്ങള്‍ നടത്തിയത്.
നിലമ്പൂരില്‍ നഗരസഭ വൈസ് ചെയര്‍മാന്‍ പി.വി ഹംസയും, അകമ്പാടത്ത് ചാലിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ടി ഉസ്മാനും പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. അമല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. എം. ഉസ്മാന്‍ അധ്യക്ഷനായി.
കെ.എസ്.ഇ.ബി സബ് എന്‍ജിനിയര്‍ സന്തോഷ് കുമാര്‍, ഓവര്‍സിയര്‍ റോസ് വില്‍സണ്‍, എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍മാരായ കെ.പി ജനീഷ് ബാബു, കെ.സിനി, എന്നിവര്‍ സംസാരിച്ചു. കെ.എസ്.ഇ.ബി ജീവനക്കാരായ പി. പ്രദീപ്, സതീഷ് കുമാര്‍, ജിഷോദ്, മുരളീധരന്‍, അയ്യൂബ്, ഉമ്മര്‍ ആലിക്കല്‍, ജയപ്രകാശ്, സ്റ്റുഡന്റ് സെക്രട്ടറിമാരായ പി. മുബഷിര്‍, പി.കന്‍ഷ എന്നിവര്‍ നേതൃത്വം നല്‍കി.
കേരള എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ റിസോഴ്‌സ് പേഴ്‌സണ്‍ പി.സാബിര്‍ ഊര്‍ജ സംരക്ഷണ ക്ലാസുകളെടുത്തു. ചിത്രകാരനും കെ.എസ്.ഇ.ബി ജീവനക്കാരനുമായ മഹേഷ് ചിത്രവര്‍ണം ക്യാന്‍വാസില്‍ വരകള്‍ തീര്‍ത്ത് പ്രദര്‍ശനത്തിന് മികവേകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."