പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു സര്‍ക്കാര്‍പറമ്പില്‍ ഗെയില്‍ പ്രവൃത്തി തടഞ്ഞു
അരീക്കോട്: നിര്‍ദിഷ്ട കൊച്ചി-മംഗലാപുരം ഗെയില്‍ വാതക പൈപ്പ്ലൈന് പ്രവൃത്തി ഇന്നലെ കാരശ്ശേരി പഞ്ചായത്തിലെ സര്‍ക്കാര്‍പറമ്പില്‍ തടഞ്ഞു. എരഞ്ഞിമാവ് ഗെയില്‍ വിരുദ്ധ ജനകീയ സമരസമിതിയുടെ നേതൃത്വത്തിലായിരുന്നു സമരം. തുടര്‍ന്നു സംഘര്‍ഷമുണ്ടാകുകയും പ്രതിഷേധിച്ചവരെ പൊലിസ് അറസ്റ്റ് ചെയ്തു നീക്കുകയും ചെയ്തു.
മാസങ്ങള്‍ക്കു ശേഷം തിങ്കളാഴ്ച സര്‍ക്കാര്‍പറമ്പില്‍ പ്രവൃത്തി ആരംഭിച്ചിരുന്നെങ്കിലും വലിയ പ്രതിഷേധങ്ങളില്ലായിരുന്നു. എന്നാല്‍, കോഴിക്കോട് കലക്ടറേറ്റില്‍ നടന്ന ചര്‍ച്ചയിലെ തീരുമാനങ്ങള്‍ മാനിക്കാതെയും ഇരകള്‍ക്കു രേഖകള്‍ കൈമാറാന്‍ തയാറാകാതെയുമാണ് പ്രവൃത്തി നടത്തുന്നതെന്നാരോപിച്ച് ഇന്നലെ രാവിലെ പത്തോടെ സ്ത്രീകളടക്കമുള്ള മുപ്പതോളം പ്രവൃത്തി തടയാനെത്തുകയായിരുന്നു.
കൊടുവള്ളി സി.ഐ ചന്ദ്രമോഹനന്, മുക്കം എസ്.ഐ. കെ.പി അഭിലാഷ് എന്നിവരുടെ നേതൃത്വത്തില്‍ പൊലിസ് ഇവരെ തടഞ്ഞു. ഇതോടെ സമരസമിതി പ്രവര്‍ത്തകര്‍ സ്ഥലത്തു പ്രതിഷേധ യോഗം ചേര്‍ന്നു. എം.ടി അഷ്റഫ് ഉദ്ഘാടനം ചെയ്തു. ഗഫൂര്‍ കുറുമാടന്‍ അധ്യക്ഷനായി. കെ.സി അന്‍വര്‍, ബഷീര്‍ പുതിയോട്ടില്‍, ബാവ പവര്‍ വേള്‍ഡ്, റൈഹാന ബേബി, ടി.പി മുഹമ്മദ്, നൂറുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
തുടര്‍ന്നു മുദ്രാവാക്യവുമായി പ്രവൃത്തി തടയാന്‍ ശ്രമിച്ചതോടെ സ്ഥലത്തു സംഘര്‍ഷമുണ്ടാകുകയും പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. ജില്ലയില്‍ ഗെയില്‍ പദ്ധതി കടന്നുപോകുന്നതില്‍ ഏറ്റവുമധികം ജനവാസ മേഖല ഉള്‍പ്പെടുന്ന പ്രദേശമാണ് സര്‍ക്കാര്‍പറമ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."