രക്തസാക്ഷിയുടെ സഹോദരന് ആര്.എസ്.എസില്‍ ചേര്‍ന്നുവെന്ന വാര്‍ത്ത തെറ്റെന്ന് സി.പി.എം
കൂത്തുപറമ്പ്: ആര്.എസ്.എസ് പ്രവര്‍ത്തകരാല്‍ കൊല്ലപ്പെട്ട സി.പി.എം പ്രവര്ത്തകന് ചെറുവാഞ്ചേരി ചന്ദ്രന്റെ സഹോദരന് കുറുങ്ങാട്ട് മനോജ് ആര്.എസ്.എസില്‍ ചേര്‍ന്നുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് സി.പി.എം നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കുറച്ചുദിവസം മുന്‍പ് ചില പത്രങ്ങളിലും നവ മാധ്യമങ്ങളിലും മനോജ് ആര്.എസ്.എസില്‍ ചേര്‍ന്നുവെന്ന വാര്‍ത്ത ആര്.എസ്.എസ് പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ ഈ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും അസുഖബാധിതനായി താന്‍ വീട്ടില്‍ കഴിയുമ്പോള്‍ ചില ആര്.എസ്.എസുകാര്‍ വീട്ടില്‍ വരികയും ചെറുവാഞ്ചേരി ടൗണ്‍ വരെ പോയിട്ടു വരാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോവുകയും ചെറുവാഞ്ചേരി യു.പി സ്കൂളില്‍ നടന്ന ചടങ്ങില്‍ ഒരു ഷാള്‍ തരികയുമാണുണ്ടായതെന്നും മനോജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്തിനാണ് ഷാള്‍ തന്നതെന്നറിയില്ലെന്നും പിന്നീട് പത്രങ്ങളില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് താന്‍ ചതിയില്‍പ്പെട്ടത് മനസിലായതെന്നും ആര്.എസ്.എസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും മനോജ് പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ മനോജിന്റെ ഭാര്യ എ. പ്രജിഷ, സി.പി.എം ഏരിയാ കമ്മിറ്റിയംഗം എം.സി രാഘവന്, ലോക്കല്‍ സെക്രട്ടറി കെ.ടി ഭാസ്ക്കരന്‍, കുറ്റിച്ചി പ്രേമന്, ശ്രീജ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."