മുണ്ടത്തോടില്‍ സമരക്കാര്‍ ഗെയില്‍ പ്രതിനിധികളെ തടഞ്ഞു
പാനൂര്‍: ഗെയില്‍ വാതക പൈപ്പ് ലൈനിനെതിരേ പാനൂര്‍ കടവത്തൂര്‍ മുണ്ടത്തോടില്‍ പ്രദേശവാസികള്‍ നടത്തിവന്ന സമരം താല്‍ക്കാലികമായി നിര്‍ത്തി. ഗെയില്‍ പ്രതിനിധികള്‍ സമരസമിതി നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
കലക്ടര്‍ മീര്‍ മുഹമ്മദലിയുമായി ഇന്ന് ഉച്ചയ്ക്ക് രണ്ടിന് നടത്തുന്ന ചര്‍ച്ചയ്ക്കു ശേഷം ഭാവി പരിപാടികള്‍ തീരുമാനിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. പാനൂര്‍ മുണ്ടത്തോട്ടില്‍ ഗെയില്‍ പൈപ്പിന്റെ സബ് സ്റ്റേഷന് പണിയാന്‍ അരയേക്കര്‍ സ്ഥലം ഏറ്റെടുക്കാനായിരുന്നു തീരുമാനം. ഇതേതുടര്‍ന്ന് സമരസമിതിയുടെയും ഭൂവുടമകളുടേയും നേതൃത്വത്തില്‍ നാട്ടുകാര്‍ പ്രതിരോധ മതില് തീര്‍ക്കുകയായിരുന്നു. പാനൂര്‍ സി.ഐ വി.വി ബെന്നിയുടെ നേതൃത്വത്തില്‍ വന്‍ പൊലിസ് സന്നാഹവും പ്രദേശത്ത് നിലയുറപ്പിച്ചതോടെ മണിക്കൂറുകളോളം ഭീതിതമായ അന്തരീക്ഷമാണ് നിലനിന്നത്. ഗെയില്‍ പ്രതിനിധികളും എത്തിയതോടെ സമരക്കാര്‍ മുദ്രാവാക്യങ്ങളുമായി രംഗത്തെത്തി. സി.ഐയുടെ സമയോചിത ഇടപെടലിനെ തുടര്‍ന്ന് സമരസമിതി നേതാക്കളും ഗെയില്‍ പ്രതിനിധികളും ചര്‍ച്ച നടത്തിയതോടെയാണ് സംഘര്‍ഷാന്തരീക്ഷത്തിന് അയവ് വന്നത്. ഗെയില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ നീലേഷ് ദേശായ്, മാനേജര്‍ അനില്‍കുമാര്‍, ലാന്‍ഡ് അക്വിസിഷന്‍ തഹസില്‍ദാര്‍ അനില്‍ കുമാര്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."