വലിയപറമ്പ് പഞ്ചായത്ത് ഭരണകാര്യങ്ങള്‍ തീരുമാനിക്കുന്നതിന് ഏഴംഗ കമ്മിറ്റി രൂപീകരിച്ചു
തൃക്കരിപ്പൂര്‍: വലിയപറമ്പ പഞ്ചായത്ത് ഭരണസമിതിയുമായി കോണ്‍ഗ്രസ് നടത്തിവന്ന നിസഹകരണത്തിനു സമാപ്തിയായി. ഇന്നലെ കാസര്‍കോട് യു.ഡി.എഫ് ജില്ലാ നേതാക്കളുമായി നടന്ന ചര്‍ച്ചയിലാണ് ഭരണസമിതിയുമായി ഒത്തുപോകാനുള്ള തീരുമാനമായത്.
ഭരണകാര്യങ്ങള്‍ തീരുമാനിക്കുന്നതിനു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ടി അബ്ദുല്‍ ജബ്ബാര്‍ കണ്‍വീനറും കെ.വി ഗംഗാധരന്‍, കെ.എം.സി ഇബ്രാഹിം, ശരീഫ് മാടാപ്പുറം, കെ.കെ കുഞ്ഞബ്ദുല്ല, എം. അബ്ദുസലാം, ഒ.കെ വിജയന്‍ എന്നിവര്‍ അംഗങ്ങളായും ഏഴംഗ കമ്മിറ്റിക്കു ജില്ലാ യു.ഡി.എഫ് കമ്മിറ്റി രൂപം നല്‍കി.
കോണ്‍ഗ്രസ് അംഗങ്ങളുടെ വാര്‍ഡുകളില്‍ വികസനം എത്തുന്നില്ലെന്നും ഭരണപരമായ കാര്യങ്ങള്‍ ഘടകകക്ഷിയായ കോണ്‍ഗ്രസിനെ അറിയിക്കുന്നില്ലെന്നും ആരോപിച്ചാണ് കഴിഞ്ഞ മാസം കോണ്‍ഗ്രസ് പഞ്ചായത്ത് ഭരണസമിതിയുമായി നിസഹകരണം പ്രഖ്യാപിച്ചത്.
ഇന്നലെ കാസര്‍കോട് നടന്ന ചര്‍ച്ചയില്‍ യു.ഡി.എഫ് ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുല്ല, കണ്‍വീനര്‍ പി. ഗംഗാധരന്‍ നായര്‍, ലീഗ് ജില്ലാ പ്രസിഡന്റ് എം.സി ഖമറുദ്ദീന്‍, വലിയപറമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ടി അബ്ദുല്‍ ജബ്ബാര്‍, കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഹക്കീം കുന്നില്‍, മുസ്‌ലിം ലീഗ് വലിയപറമ്പ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ കുഞ്ഞബ്ദുല്ല, കോണ്‍ഗ്രസ് നേതാക്കളായ കെ.വി ഗംഗാധരന്‍, എം അബ്ദുസലാം, ഒ.കെ വിജയന്‍, കോണ്‍ഗ്രസ് പഞ്ചായത്ത് അംഗങ്ങളായ എം.വി സരോജിനി, പി.പി ശാരദ, സുമാക്കണ്ണന്‍ എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."