റിയാസ് മുസ്ലിയാര് കൊലപാതകത്തിന് ഒരാണ്ട്: യൂത്ത് ലീഗ് ജാഗ്രതാ ദിനമായി ആചരിക്കും
ജാഗ്രതാ ദിനത്തിന്റെ ഭാഗമായി മുനിസിപ്പല്‍ പഞ്ചായത്ത് തലങ്ങളില്‍ ജാഗ്രതാസംഗമങ്ങള് സംഘടിപ്പിക്കും
കാസര്‍കോട്: പഴയ ചൂരി മുഹ്യുദ്ധീന്‍ ജുമാമസ്ജിദില്‍ കൊലപ്പെട്ട റിയാസ് മുസ്ലിയാരുടെ വധത്തിന്റെ ഒരാണ്ട് പൂര്‍ത്തിയാകുന്ന 20ന് സംഘ്പരിവാര്‍ ഭീകരതക്കെതിരേ ജാഗ്രതാദിനമായി ആചരിക്കാന്‍ മുസ്ലിം യൂത്ത് ലീഗ് ജില്ലാ നേതൃയോഗം തീരുമാനിച്ചു.
ആസൂത്രിതമായ കൊലപാതകത്തിലൂടെ സാമുദായിക ചേരിതിരിവ് സൃഷ്ടിച്ച് ജില്ലയെ കലാപഭൂമിയാക്കാനാണ് അന്നു സംഘ്പരിവാര്‍ സംഘങ്ങള്‍ ശ്രമിച്ചതെന്നും ഇപ്പോഴും ജില്ലയുടെ പല മേഖലകളിലും കലാപങ്ങള്‍ ഉണ്ടാക്കാന്‍ ഇത്തരം ശക്തികള്‍ ആസൂത്രിതമായ നീക്കങ്ങള്‍ നടത്തുന്നുണ്ടെന്നും യോഗം ചൂണ്ടിക്കാട്ടി. ഇതിനെതിരേ മതേതര കൂട്ടായ്മയുടെ ശാക്തീകരണവും ജാഗ്രതയുമാണ് ഏറ്റവും നല്ല പ്രതിരോധമെന്ന നിലയിലാണ് യൂത്ത് ലീഗ് ജാഗ്രതാദിനമായി ആചരിക്കുന്നത്.
ജാഗ്രതാദിനത്തിന്റെ ഭാഗമായി മുനിസിപ്പല്‍ പഞ്ചായത്ത് തലങ്ങളില്‍ ജാഗ്രതാസംഗമങ്ങള് സംഘടിപ്പിക്കും.
യോഗത്തില്‍ പ്രസിഡന്റ് അഷ്റഫ് എടനീര്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍, സംസ്ഥാന സെക്രട്ടറി എ.കെ.എം അഷ്റഫ്, നാസര്‍ചായിന്റടി, മന്‍സൂര്‍ മല്ലത്ത്, എം.എ നജീബ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."