നാടെങ്ങും ആഘോഷമായി പ്രവേശനോത്സവം ആദ്യം കരഞ്ഞ്, പിന്നെ ചിരിച്ച്, അവര്‍ ഒത്തുചേര്‍ന്നു
കാസര്‍കോട്: മധ്യവേനലവധി കഴിഞ്ഞ് ജില്ലയിലെ സ്‌കൂളുകള്‍ തുറന്നു. അറിവിന്റെ അക്ഷയഖനിയിലേക്ക് പിച്ചവയ്ക്കാന്‍ ഇരുപതിനായിരത്തോളം കുരുന്നുകള്‍ ഇന്നലെ അക്ഷരമുറ്റത്തേക്ക് എത്തി. പുതുതായി ചേര്‍ന്ന കുരുന്നുകളെ സ്വീകരിക്കാന്‍ എല്ലാ സ്‌കൂളുകളിലും പ്രവേശനോത്സവങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ആദ്യം കരഞ്ഞും പിന്നീട് മെല്ലെ ചിരിച്ചും ഒടുവില്‍ സഹവിദ്യാര്‍ഥികള്‍ക്കൊപ്പം ആടിയും പാടിയും കുരുന്നുകള്‍ ആദ്യദിനം ആഘോഷമാക്കി. പുത്തനുടുപ്പും പാഠപുസ്തങ്ങളുമായി എത്തിയ കുരുന്നുകള്‍ കൈനിറയെ സമ്മാനങ്ങളുമായിട്ടാണ് മടങ്ങിയത്. പൊട്ടിക്കരഞ്ഞും അമ്മയെ കെട്ടിപ്പിടിച്ചും കിട്ടിയ സമ്മാനങ്ങള്‍ ബാഗിലാക്കിയും കുരുന്നുകളുടെ ആദ്യദിനം. അപരിചിതത്വമില്ലാതെ അറിവിന്റെ ലോകത്തേക്ക് കടന്നു വന്ന കുട്ടികളെ ചേട്ടന്മാരും ചേച്ചിമാരും ചേര്‍ന്ന് പൂക്കളും ബലൂണുകളും നല്‍കി കൈപിടിച്ചാനയിച്ചു. ജില്ലയിലെ അങ്കണവാടിയിലും പ്രവേശനോല്‍സവം നടന്നു.
കാസര്‍കോട് ജി.ഡബ്ല്യൂ.എല്‍.പി സ്‌കൂളില്‍ നടന്ന പ്രവേശനോല്‍സവം കൗണ്‍സിലര്‍ അരുണ്‍കുമാര്‍ ഷെട്ടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് രോഹിണി അധ്യക്ഷയായി. ഹെഡ്മിസ്ട്രസ് ജയശ്രീ സ്വാഗതം പറഞ്ഞു. മധുരവും പഠന കിറ്റുകളും നല്‍കി. കാസര്‍കോട് ഉപജില്ലാ പ്രവേശനോല്‍സവം മധൂര്‍ ജി.ജെ.ബി സ്‌കൂളില്‍ നടന്നു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മാലിനി സുരേഷ് അധ്യക്ഷയായി.
മുളിയാര്‍ പഞ്ചായത്ത് തല പ്രവേശനോത്സവം ജി.യു.പി.എസ് മുളിയാര്‍ മാപ്പിളയില്‍ വച്ച് പഞ്ചായത്ത് പ്രസിഡന്റ് ഖാലിദ് ബെള്ളിപ്പാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എ.കെ യൂസുഫ് അധ്യക്ഷനായി. നഫീസ മുഹമ്മദ് കുഞ്ഞി, പ്രഭാകര, ആസിയ ഹമീദ്, തോമസ് , കൃഷ്ണന്‍ മാസ്റ്റര്‍, ബാത്തിഷ പൊവ്വല്‍, കെ പി ഹമീദ്, ഹനീഫ് പൈക്കം സംസാരിച്ചു.
കുമ്പള പഞ്ചായത്ത് തല പ്രവേശനോത്സവം ജി.എസ്.ബി.എസ് കുമ്പളയില്‍ പഞ്ചായത്ത് പ്രസിഡന്റ് പുണ്ടരികാക്ഷ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എ.കെ.ആരിഫ് പഞ്ചായത്തംഗം രമേഷ് ഭട്ട് പി.ടി.എ പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ് ഉളുവാര്‍ സംബന്ധിച്ചു. 100 കട്ടികള്‍ക്ക് മംഗളൂരുവിലെ കുമ്പള രാമദാസ് രംഗപ്പനായക് മെമ്മോറിയല്‍ ട്രസ്റ്റ് എം.ഡി ഗോപാലകൃഷ്ണ നായക് ബാഗ് കുട അടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്തു.
കാഞ്ഞങ്ങാട് സബ്ജില്ലാ സ്‌കൂള്‍ പ്രവേശനോല്‍സവം മേലാങ്കോട്ട് എ.സി കണ്ണന്‍നായര്‍ സ്മാരക ഗവ.യു. പി സ്‌കൂളില്‍ നടന്നു. നഗരസഭാ ചെയര്‍മാന്‍ വി.വി രമേശന്‍ ഉദ്ഘാടനം ചെയ്തു. ബേക്കല്‍ ഉപജില്ലാ പ്രവേശനോത്സവം പുല്ലൂര്‍ ഗവ. യു. പി സ്‌കൂളില്‍ ഉദുമ എം. എല്‍. എ, കെ കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. പുല്ലൂര്‍ പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാരദാ എസ്. നായര്‍ അധ്യക്ഷയായി. എ.ഇ.ഒ രവി വര്‍മ്മന്‍ ആശംസകളര്‍പ്പിച്ചു.
സ്‌കൂള്‍ പ്രവേശനോല്‍സവത്തോടനുബന്ധിച്ച് ഹൊസ്ദുര്‍ഗ് തെരുവത്ത് ഗവ. എല്‍.പി സ്‌കൂളിലെ കുട്ടികള്‍ക്ക് സുധീന്ദ്ര ഫൗണ്ടേഷന്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. കെ.ജി പൈ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. കാഞ്ഞങ്ങാട് കടപ്പുറം പാണക്കാട് പൂക്കോയ തങ്ങള്‍ സ്മാരക എ.എല്‍.പി. സ്‌കൂളിലെ പ്രവേശനോത്സവ ചടങ്ങ് വാര്‍ഡ് അംഗം ഖദീജാ ഹസൈനാര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എല്‍. മുഹമ്മദ് കുഞ്ഞി അധ്യക്ഷനായി. രാജീവന്‍ മാസ്റ്റര്‍ സംസാരിച്ചു. സ്‌കൂള്‍ മാനേജര്‍ കെ. മൊയ്തീന്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.
കുണിയ ഗവ.ഹൈസ്‌കൂളില്‍ നടന്ന ചടങ്ങ് പി. ടി. എ പ്രസിഡന്റ് കെ. എം ശറഫുദ്ധീന്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ സി. മോഹനന്‍ അധ്യക്ഷനായി. കെ വി അമീറലി മാസ്റ്റര്‍ സംസാരിച്ചു.
അജാനൂര്‍ പഞ്ചായത്ത് തല പ്രവേശനോത്സവ ചടങ്ങ് ഗവ. ഫിഷറീസ് യു.പി സ്‌കൂളില്‍ നടന്നു. അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി. ദാമോദരന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ ബഷീര്‍ വെള്ളിക്കോത്ത് അധ്യക്ഷനായി.
അട്ടേങ്ങാനം ഗവ.ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടന്ന പ്രവേശനോത്സവം സ്‌മൈല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ഒന്നാം ക്ലാസ്സിലേക്ക് പ്രവേശനം നേടിയ മുഴുവന്‍ കുട്ടികള്‍ക്കും മരത്തൈ നല്‍കി സ്വീകരിക്കുന്ന അക്ഷരവൃക്ഷം പരിപാടിയാണ് നടന്നത്. ചടങ്ങില്‍ എഴുത്തുകാരന്‍ സുബൈദ നീലേശ്വരം വൃക്ഷതൈ കുട്ടികള്‍ക്ക് നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു. അരയി ഗവ. എല്‍.പി സ്‌കൂളിലെ പ്രവേശനോത്സവം നഗരസഭാ കൗണ്‍സിലര്‍ സി.കെ വത്സലന്‍ ഉദ്ഘാടനം ചെയ്തു. പ്രശസ്ത നാടന്‍ കലാകാരന്‍ എം.വി. കുഞ്ഞികൃഷ്ണന്‍ മടിക്കൈയുടെ നേതൃത്വത്തില്‍ നടന്ന നാടന്‍ പാട്ടുകളും കടലാസ് കൊണ്ടുള്ള കൗതുക വസ്തു നിര്‍മാണവും പ്രവേശനോത്സവത്തിന് പകിട്ടേകി.
നീലേശ്വരം നഗരസഭ, കിനാനൂര്‍ കരിന്തളം പഞ്ചായത്ത്, മടിക്കൈ പഞ്ചായത്ത് എന്നിവിടങ്ങളിലെ സ്‌കൂളുകളില്‍ വര്‍ണഘോഷത്തോടെ ഒന്നാം ക്ലാസിലെ നവാഗതരെ വരവേറ്റു. നീലേശ്വരം നഗരസഭാ തല പ്രവേശനോത്സവം പള്ളിക്കര സെന്റ് ആന്‍സ് എ.യു.പി സ്‌കൂളില്‍ ചെയര്‍മാന്‍ കെ.പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എ വിനോദ്കുമാര്‍ അധ്യക്ഷനായി. വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ പി.പി മുഹമ്മദ്‌റാഫ് ഹൈടെക് ക്ലാസ്‌റൂം ഉദ്ഘാടനം ചെയ്തു. കോട്ടപ്പുറം ജി.വി.എച്ച്.എസ്.എസില്‍ വാര്‍ഡ് അംഗം സാജിത ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എന്‍.പി മുഹമ്മദ്കുഞ്ഞി അധ്യക്ഷനായി. പ്രധാനാധ്യാപിക കെ.പി ദിനപ്രഭ, പ്രിന്‍സിപ്പല്‍ ഉഷാ ടൈറ്റസ്, കെ.പി കമാല്‍ സംസാരിച്ചു.
ചിറ്റാരിക്കാല്‍ ഉപജില്ലാ പ്രവേശനോത്സവം ബിരിക്കുളം എ.യു.പി സ്‌കൂളില്‍ നടന്നു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.രാജന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ടി.എ രവീന്ദ്രന്‍ അധ്യക്ഷനായി. പേരോല്‍ ഗവ.എല്‍.പി സ്‌കൂള്‍, നീലേശ്വരം ജി.എല്‍.പി.എസ്, രാജാസ് എച്ച്.എസ്.എസ്, ജി.എച്ച്.എസ്.എസ് ചായ്യോത്ത്, ജി.എച്ച്.എസ്.എസ് പരപ്പ, കൂവാറ്റി ജി.യു.പി.എസ്, കീഴ്മാല എ.എല്‍.പി എസ് എന്നിവിടങ്ങളിലും പ്രവേശനോത്സവം നടന്നു.
തൃക്കരിപ്പൂര്‍ പഞ്ചായത്ത്പ്രവേശനോത്സവം തൃക്കരിപ്പൂര്‍ കൂലേരി ഗവ. എല്‍.പി സ്‌കൂളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി ഫൗസിയ നിര്‍വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ റീത്ത അധ്യക്ഷയായി. കൈക്കോട്ടുക്കടവ് പൂക്കോയ തങ്ങള്‍ സ്മാരക വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പ്രവേശനോത്സവം കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട് ഉദ്ഘാടനം ചെയ്തു. സ്‌കൂളില്‍ ഏര്‍പ്പെടുത്തിയ ഓട്ടോമാറ്റിക് ഹാജര്‍ സംവിധാനത്തിന്റെ ഉദ്ഘാടനം നീലേശ്വരം സി.ഐ ധനഞ്ജയ ബാബു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എന്‍ അബ്ദുല്ല അധ്യക്ഷനായി. തൃക്കരിപ്പൂര്‍ വി.പി.പി മുഹമ്മദ് കുഞ്ഞി പട്ടേലര്‍ സ്മാരക വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പ്രവേശനോത്സവം നിയുക്ത തൃക്കരിപ്പൂര്‍ എം.എല്‍.എ എം രാജഗോപാല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."