ഹകീം ഫൈസി ആദൃശ്ശേരിക്ക് കോഴിക്കോട് പൗരാവലിയുടെ ആദരം
കോഴിക്കോട്: കെയ്‌റോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റീസ് ലീഗിന്റെ നിര്‍വാഹക സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രമുഖ വിദ്യാഭ്യാസ ചിന്തകനും വാഫി, വഫിയ്യ കോളജുകളുടെ കൂട്ടായ്മയായ കോര്‍ഡിനേഷന്‍ ഓഫ് ഇസ്‌ലാമിക് കോളജസിന്റെ കോ ഓഡിനേറ്ററുമായ പ്രൊഫ.അബ്ദുല്‍ ഹകീം ഫൈസി ആദൃശ്ശേരിയെ കോഴിക്കോട് പൗരാവലി ആദരിച്ചു.
കേശവമേനോന്‍ ഹാളില്‍ നടന്ന ചടങ്ങ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പി.എസ്.എച്ച് തങ്ങള്‍ അധ്യക്ഷനായി. കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍, ഫാദര്‍ ആന്റണി കൊഴുവനാല്‍, സി. മുഹമ്മദലി, അഹമ്മദ് വാഫി കക്കാട്, സി.വി ഖാലിദ്, അബൂബക്കര്‍ മാസ്റ്റര്‍, എ. സജീവന്‍ സംസാരിച്ചു. രാവിലെ മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തെക്കുറിച്ച് നടന്ന സെമിനാറില്‍ ബിനോയ് വിശ്വം, പി.കെ ഫിറോസ് എന്നിവര്‍ സംസാരിച്ചു.
അറബ് ലോകത്തും യൂറോപ്പിലും ഏഷ്യയിലുമായി ലോകത്തെ ഇരുന്നൂറിലധികം സര്‍വകലാശാലകള്‍ ഉള്‍ക്കൊള്ളുന്ന ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റീസ് ലീഗിന്റെ 21 പേരടങ്ങുന്ന നിര്‍വാഹക സമിതിയില്‍ ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രതിനിധിക്ക് അംഗത്വം ലഭിക്കുന്നത്.
യൂനിവേഴ്‌സിറ്റീസ് ലീഗിന്റെ ഭരണ നേതൃത്വത്തെ തെരഞ്ഞെടുക്കല്‍, പുതിയ യൂനിവേഴ്‌സിറ്റികള്‍ക്ക് അംഗത്വം നല്‍കല്‍, അംഗങ്ങള്‍ക്കിടയില്‍ അക്കാദമിക ധാരണകള്‍ ഉണ്ടാക്കല്‍, വിദ്യാര്‍ഥികളുടെയും ഫാക്കല്‍റ്റികളുടെയും കൈമാറ്റം, അന്താരാഷ്ട്ര തലത്തില്‍ അക്കാദമിക് സെമിനാറുകളും ചര്‍ച്ചകളും സംഘടിപ്പിക്കല്‍ തുടങ്ങിയ സുപ്രധാന വിഷയങ്ങളില്‍ പരമോന്നത സഭയായ നിര്‍വാഹക സമിതിയാണ് തീരുമാനങ്ങളെടുക്കുന്നത്.
ഉന്നത വിദ്യാഭ്യാസ രംഗത്ത് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി വാഫി, വഫിയ്യ കോഴ്‌സുകള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന കോ ഓഡിനേഷന്‍ ഓഫ് ഇസ്‌ലാമിക് കോളജസ് (സി.ഐ.സി) 2014ലാണ് ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റീസ് ലീഗില്‍ അംഗത്വം നേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."