പൊട്ടാത്ത ഗ്രനേഡിന്റെ പ്രതിധ്വനികള്‍
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇന്നലെ ഒരു ഗ്രനേഡുമായാണു സഭയിലെത്തിയത്. വീര്യമുള്ള ഗ്രനേഡൊന്നുമല്ല, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു നേരേ പൊലിസ് പ്രയോഗിച്ചു പൊട്ടിക്കഴിഞ്ഞ ഗ്രനേഡിന്റെ ഒഴിഞ്ഞ കൂട്. പൊട്ടാത്ത ആ ഗ്രനേഡ് എടുത്തുകാട്ടി തിരുവഞ്ചൂര്‍ പറഞ്ഞതിന്റെ പ്രതിധ്വനികള്‍ ഏറെനേരം സഭയില്‍ നിറഞ്ഞുനിന്നു.
പൊലിസിനും ജയിലിനുമുള്ള ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ സംസ്ഥാനപൊലിസിനെ രൂക്ഷമായി വിമര്‍ശിച്ച തിരുവഞ്ചൂര്‍ പൊലിസ് ഭീകരതയുടെ ഉദാഹരണമായാണു സെക്രട്ടേറിയറ്റിനു മുന്നില്‍ പ്രയോഗിച്ച ഗ്രനേഡ് എടുത്തുകാട്ടിയത്. കാലാവധി കഴിഞ്ഞ ഗ്രനേഡാണു പൊലിസ് പ്രയോഗിച്ചതെന്നും അതിനെക്കുറിച്ച് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഭരണപക്ഷം ആ ഗ്രനേഡ് കൂടില്‍ കയറിപ്പിടിച്ചു. മാരകായുധങ്ങള്‍ സഭയില്‍ കൊണ്ടുവരാന്‍ പാടില്ലെന്നു ക്രമപ്രശ്‌നമുന്നയിച്ച എസ്. ശര്‍മയുടെ വാദം.
ഇതു വീര്യമുള്ള ഗ്രനേഡല്ലെന്നും പൊട്ടിയതിന്റെ കൂടാണെന്നും സെക്രട്ടേറിയറ്റിനു മുന്നിലൂടെ നടന്നുപോകുന്ന ആര്‍ക്കും ഇതു കിട്ടുമെന്നും തിരുവഞ്ചൂര്‍.
ഇത്തരം മാരകായുധങ്ങള്‍ സഭയില്‍ ആരും കൊണ്ടുവരാറില്ലെന്നും യഥാര്‍ഥ ഗ്രനേഡാണെങ്കില്‍ ഗൗരവമുള്ള കാര്യമാണെന്നും അതു സഭയുടെ മേശപ്പുറത്തു വയ്ക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഉടന്‍ തിരുവഞ്ചൂര്‍ അതു സഭയുടെ മേശപ്പുറത്തു വച്ചു. കാലാവധി കഴിഞ്ഞ ഗ്രനേഡ് സമരക്കാര്‍ക്കു നേരേ പ്രയോഗിച്ച പൊലിസുകാര്‍ക്കെതിരേ നടപടി വേണമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.
എന്നിട്ടും ഭരണപക്ഷം തിരുവഞ്ചൂരിനെ വിട്ടില്ല. കോണ്‍ഗ്രസുകാര്‍ ഗ്രനേഡുണ്ടാക്കാന്‍ പഠിച്ചുകൊണ്ടിരിക്കുകയാണെന്നു സി. ദിവാകരന്‍. യു.ഡി.എഫ് ഭരണകാലത്തു പൊലിസ് തന്റെയും വി.എസ് അച്യുതാനന്ദന്റെയും നേരെ ഗ്രനേഡ് പ്രയോഗിച്ചിട്ടുണ്ട്. തിരുവഞ്ചൂര്‍ എന്തോ സാധനം കൊണ്ടുവന്നു ഗ്രനേഡാണെന്നു പറയുകയാണെന്നും ദിവാകരന്‍. തിരുവഞ്ചൂര്‍ ആഭ്യന്തരമന്ത്രിയായ കാലത്ത് എടുത്തുവച്ച ഗ്രനേഡായിരിക്കും അതെന്നു പി.ടി.എ റഹിം. തിരുവഞ്ചൂര്‍ തന്റെ ശബ്ദത്തിലൂടെ പൊട്ടിച്ച ഗ്രനേഡിന്റെ ശക്തിയെ ഭയപ്പെട്ടു പ്രതിപക്ഷം ചിതറിയോടിയെന്നു സണ്ണി ജോസഫിന്റെ പരിഹാസം.
പതിവില്‍നിന്നു ഭിന്നമായി രാഷ്ട്രീയകൊലപാതകങ്ങളെ രൂക്ഷമായി വിമര്‍ശിച്ചാണു എം. സ്വരാജ് സംസാരിച്ചത്. ആരും കൊല്ലപ്പെടാന്‍ പാടില്ല. ശുഹൈബ് വധത്തില്‍ സി.പി.എമ്മുകാര്‍ ഉള്‍പെട്ടിട്ടുണ്ടെന്ന അറിവിനു മുന്നില്‍ പാര്‍ട്ടിക്കാര്‍ ശിരസ് താഴ്ത്തി നില്‍ക്കുകയാണ്.
കേരളത്തില്‍ രാഷ്ട്രീയകൊലപാതകത്തിനു തുടക്കം കുറിച്ചത് കോണ്‍ഗ്രസുകാരാണെന്നു മൊയാരത്തു ശങ്കരന്‍ വധം ചൂണ്ടിക്കാട്ടി സ്വരാജിന്റെ വാദം.
സംസ്ഥാനസമ്മേളനത്തിനു തൊട്ടുമുമ്പ് ആരെയെങ്കിലും കൊന്നിരിക്കണമെന്നു സി.പി.എമ്മിന്റെയും സി.പി.ഐയുടെയും ഭരണഘടനകളില്‍ എഴുതിവച്ചിട്ടുണ്ടോയെന്നു പി. ഉബൈദുല്ലയുടെ ചോദ്യം. സി.പി.എം സംസ്ഥാനസമ്മേളനത്തിനു തൊട്ടുമുമ്പാണു ശുഹൈബിനെ വധിച്ചത്. സി.പി.ഐക്കാര്‍ മണ്ണാര്‍ക്കാട്ട് സഫീറിനെ വധിച്ചത് അവരുടെ സംസ്ഥാനസമ്മേളനത്തിനു തൊട്ടുമുമ്പാണ്.
നേരത്തെ പശ്ചിമബംഗാള്‍, ത്രിപുര, കേരളം എന്നാണു സി.പി.എമ്മുകാര്‍ പറഞ്ഞിരുന്നത്. ഇപ്പോള്‍ കേരളം മാത്രമായി. കൊലപാതകരാഷ്ട്രീയവുമായി മുന്നോട്ടുപോയാല്‍ ഇനി കണ്ണൂര്‍, കണ്ണൂര്‍, കണ്ണൂര്‍ എന്നു പറയേണ്ടിവരുമെന്നും ഉബൈദുല്ല.
മുഖ്യമന്ത്രി ആഭ്യന്തരവകുപ്പു കൈകാര്യം ചെയ്യുന്നതില്‍ നിഷ്‌ക്രിയത്വമാണു കാണുന്നതെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ പാര്‍ട്ടിയുടെ നേതാക്കള്‍ക്കു പോലും പൊലിസിനെ വിശ്വാസമില്ല.
പൊലിസിനേക്കാള്‍ വിശ്വാസം പാര്‍ട്ടി നടത്തുന്ന അന്വേഷണത്തിലാണെന്നു പി. ജയരാജന്‍ പറയുന്നത് അതുകൊണ്ടാണെന്നും ചെന്നിത്തല.
ന്യൂനപക്ഷങ്ങളുടെ സംരക്ഷകരെന്ന് അവകാശപ്പെടുന്ന സി.പി.എമ്മിന്റെ ശക്തികേന്ദ്രങ്ങളില്‍ മുസ്‌ലിംകള്‍ക്കു മുന്നില്‍ രണ്ടുവഴികള്‍ മാത്രമാണുള്ളതെന്ന് കെ.എം ഷാജി. ഒന്നുകില്‍ സി.പി.എമ്മിനു കീഴ്‌പ്പെടുക. അല്ലെങ്കില്‍ നിശ്ശബ്ദരാകുക. കേരളത്തിലെ ഒന്നാംവലതുപക്ഷം ബി.ജെ.പിയും രണ്ടാംവലതുപക്ഷം സി.പി.എമ്മുമാണ്. സി.പി.ഐ, ആര്‍.എം.പി, ആര്‍.എസ്.പി എന്നിവയൊക്കെ ഇടതുപക്ഷമാണ്.
ത്രിപുരയില്‍ സി.പി.എം തോറ്റതില്‍ ആര്‍ക്കും സങ്കടമില്ലെന്നും ബി.ജെ.പി ജയിച്ചതിലാണു സങ്കടമെന്നും ഷാജി പറഞ്ഞതില്‍ ഭരണപക്ഷം കയറിപ്പിടിച്ചു.
ബി.ജെ.പിയെ സഹായിക്കാനാണു ഷാജി ഇങ്ങനെ പറയുന്നതെന്നായി അവര്‍. ഷാജി പറയുന്നതു മുസ്‌ലിംലീഗിന്റെ അഭിപ്രായമാണോയെന്നു എസ്. ശര്‍മയുടെ ചോദ്യം.
ത്രിപുരയില്‍ ബി.ജെ.പിക്കാര്‍ ലെനിന്റെ പ്രതിമ തകര്‍ത്തതിനെ കോണ്‍ഗ്രസ് അപലപിക്കുന്നില്ലെന്നു സി.പി.എം അംഗങ്ങള്‍ ആരോപിച്ചപ്പോള്‍, രാജീവ്ഗാന്ധിയുടെ പ്രതിമ തകര്‍ക്കുന്നതിനോടും ലെനിന്റെ പ്രതിമ തകര്‍ക്കുന്നതിനോടും കോണ്‍ഗ്രസിനു യോജിപ്പില്ലെന്നു ചെന്നിത്തലയുടെ മറുപടി.
സംഭവത്തെ എ.ഐ.സി.സി.സി അപലപിച്ചിട്ടുണ്ടെന്നും പോരെങ്കില്‍ താന്‍ ഇവിടെ അപലപിക്കുന്നെന്നും ചെന്നിത്തല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."