സമ്മര്‍ദതന്ത്രം ഫലിച്ചില്ല: എന്‍.ഡി.എ ബന്ധം വേര്‍പ്പെടുത്താന്‍ ടി.ഡി.പി തീരുമാനം
ന്യൂഡല്‍ഹി: സമ്മര്‍ദ്ദ തന്ത്രണങ്ങളും വിലപേശലും ഫലിക്കാതെ വന്നതോടെ കേന്ദ്രം ഭരണ മുന്നണിയായ എന്‍.ഡി.എയിലെ ഏറ്റവും വലിയ മൂന്നാമത്തെ കക്ഷിയായ തെലുഗുദേശം പാര്‍ട്ടി (ടി.ഡി.പി) ബി.ജെ.പിയുമായുള്ള ബന്ധം വേര്‍പ്പെടുത്തുന്നു. ഇതുസംബന്ധിച്ച ഔദ്യോഗികതീരുമാനം ഉടന്‍ തന്നെ ഉണ്ടാകുമെന്നാണു വിവരം. മുന്നണി വിടുന്നതു സംബന്ധിച്ച് ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കുമെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും ടി.ഡി.പി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡു പറഞ്ഞു. ആന്ധ്രക്കാരുടെ വികാരം വ്രണപ്പെടുത്തിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. സംസ്ഥാന താല്‍പ്പര്യം ബലികഴിച്ചുകൊണ്ടുള്ള ഒരു ഒത്തുതീര്‍പ്പിനും പാര്‍ട്ടി തയാറല്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
ചൊവ്വാഴ്ച രാത്രിയോടെ ചേര്‍ന്ന പാര്‍ട്ടിയുടെ നിയമസഭാംഗങ്ങളുടെ യോഗത്തില്‍ ഭൂരിഭാഗം പേരും മുന്നണി വിടുന്നതിനെ അനുകൂലിച്ച് വോട്ട്‌ചെയ്തതായി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. രണ്ടുദിവസത്തിനുള്ളില്‍ എന്തും സംഭവിക്കാമെന്നും പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു.കഴിഞ്ഞമാസം മുന്നണി വിടാന്‍ ഒരുങ്ങിയെങ്കിലും ബി.ജെ.പി ദേശീയ നേതൃത്വം ഇടപെട്ടതിനെത്തുടര്‍ന്ന് തീരുമാനം മാറ്റിവയ്ക്കുകയായിരുന്നു.
ഇതിനു പിന്നാലെയും പാര്‍ട്ടിയില്‍ പുകഞ്ഞുനിന്ന കേന്ദ്രസര്‍ക്കാര്‍ വിരുദ്ധ വികാരം കഴിഞ്ഞദിവസം ചേര്‍ന്ന നേതൃയോഗത്തിലും പ്രതിഫലിച്ചു.
ബി.ജെ.പി ബന്ധം അവസാനിപ്പിക്കാന്‍ യോഗം ആവശ്യപ്പെടുകയും അന്തിമതീരുമാനം എടുക്കാന്‍ മുഖ്യമന്ത്രിയും പാര്‍ട്ടി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡുവിനെ ചുമതലപ്പെടുത്തുകയും ചെയ്തു. ടി.ഡി.പിയുമായുള്ള സഖ്യം ഉപേക്ഷിക്കണമെന്ന് ബി.ജെ.പി ആന്ധ്രാപ്രദേശ് ഘടകം കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം ചന്ദ്രബാബു നായിഡുവിനെ അനുനയിപ്പിക്കാനുള്ള ശ്രമവുമായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി രംഗത്തെത്തി.
ആന്ധ്രാ വിഭജന സമയത്ത് സംസ്ഥാനത്തിനു നല്‍കിയിരുന്ന എല്ലാ വാഗ്ദാനങ്ങളും പാലിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ ബദ്ധശ്രദ്ധരാണെന്ന് ജയ്റ്റ്‌ലി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."