ലങ്കന്‍ അഭയാര്‍ഥികള്‍ക്കുള്ള പദവി വേണമെന്ന് രോഹിംഗ്യന്‍ മുസ്ലിംകള്‍
ന്യൂഡല്‍ഹി: ആഭ്യന്തര യുദ്ധകാലത്ത് ശ്രീലങ്കയില്‍ നിന്നു വന്ന തമിഴ് വംശജര്‍ക്ക് നല്‍കിയതുപോലുള്ള പദവി രോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്കും നല്‍കണമെന്ന് ആവശ്യം. രോഹിംഗ്യന്‍ മുസ്‌ലിംകളെ തിരിച്ചയക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജി പരിഗണിക്കവെ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷനാണ് ഈ ആവശ്യം ഉന്നയിച്ചത്.
കേന്ദ്ര-തമിഴ്‌നാട് സര്‍ക്കാരുകള്‍ തമ്മിലുള്ള ധാരണപ്രകാരം ശ്രീലങ്കയില്‍ നിന്നെത്തിയ അഭയാര്‍ഥികള്‍ക്ക് സംസ്ഥാനത്ത് വിദ്യാഭ്യാസവും ആരോഗ്യപരിരക്ഷയും നല്‍കുന്നുണ്ട്.
എന്നാല്‍ ഈ സൗകര്യങ്ങള്‍ രോഹിംഗ്യകള്‍ക്ക് നിഷേധിക്കപ്പെടുകയാണെന്നും ലങ്കന്‍ അഭയാര്‍ഥികള്‍ക്ക് ലഭിച്ച അതേ ആനുകൂല്യവും പദവിയും രോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്കും ലഭ്യമാക്കണമെന്നും പ്രശാന്ത് ഭൂഷണ്‍ ആവശ്യപ്പെട്ടു.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, എ.എം ഖാന്‍വില്‍കര്‍ എന്നിവരടങ്ങുന്ന മൂന്നംഗബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.
രോഹിംഗ്യകള്‍ സ്വദേശത്തേക്കു തിരിച്ചുപോയാല്‍ കൊല്ലപ്പെട്ടേക്കാവുന്ന അവസ്ഥയാണുള്ളത്. ഇന്ത്യയിലേക്കു വരാന്‍ ആഗ്രഹിക്കുന്നവരെ ബി.എസ്.എഫ് ജവാന്‍മാര്‍ തിരിച്ചയക്കുന്ന നടപടി ഉണ്ടാകരുത്. അഭയമന്വേഷിച്ചുവരുന്നവര്‍ക്കു നേരെ മയക്കുവെടിയും മുളക് പൊടി സ്‌പ്രേയും ഉപയോഗിക്കുന്നത് രാജ്യാന്തര അഭയാര്‍ഥി നിയമത്തിനു വിരുദ്ധമാണെന്നും ഭൂഷണ്‍ ചൂണ്ടിക്കാട്ടി. ഇതുസംബന്ധിച്ച സത്യവാങ്മൂലവും അദ്ദേഹം കോടതിയില്‍ സമര്‍പ്പിച്ചു.
അതേസമയം അഭയാര്‍ഥികളെ തിരിച്ചയക്കുമെന്ന നിലപാടില്‍ ഉറച്ചുനിന്ന കേന്ദ്രസര്‍ക്കാര്‍ ഇന്നലെ നിലപാട് മയപ്പെടുത്തി. പ്രശ്‌നം പരിഹരിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ നയതന്ത്രതലത്തില്‍ സജീവമായ നീക്കം നടത്തിവരികയാണെന്ന് സര്‍ക്കാരിനു വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചു.
നേരത്തെ കേസ് പരിഗണിക്കുന്നതിനിടെ രോഹിംഗ്യന്‍ വംശജരുടെ കാര്യത്തില്‍ സന്തുലിത സമീപനം വേണമെന്നും കേസില്‍ അന്തിമതീരുമാനമുണ്ടാകുന്നതുവരെ അഭയാര്‍ഥികളെ ഇന്ത്യയില്‍ നിന്ന് നാടുകടത്തരുതെന്നും സുപ്രിം കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
വിഷയത്തില്‍ നിലപാട് വിശദീകരിക്കാന്‍ സുപ്രിം കോടതി കേന്ദ്രസര്‍ക്കാരിന് കൂടുതല്‍ സമയം അനുവദിച്ചു.
രോഹിംഗ്യന്‍ വംശജര്‍ക്കു നേരെ ബി.എസ്.എഫ് മുളക് പൊടി സ്‌പ്രേ ഉപയോഗിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വിശദീകരണം നല്‍കാന്‍ ഒരാഴ്ചത്തെ സാവകാശം കൂടി വേണമെന്ന് സര്‍ക്കാര്‍ അറിയിച്ചു. കേസ് ഈ മാസം 19നു വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."