കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന് ജയം സ്വന്തമാക്കി കിവികള്‍
ഡുനെഡിന്‍: വെറ്ററന്‍ ബാറ്റ്‌സ്മാന്‍ റോസ് ടെയ്‌ലറുടെ കരിയര്‍ ബെസ്റ്റ് സെഞ്ച്വറി പ്രകടനത്തിന്റെ ബലത്തില്‍ ഇംഗ്ലണ്ടിനെതിരായ നാലാം ഏകദിനത്തില്‍ ന്യൂസിലന്‍ഡിന് തകര്‍പ്പന്‍ ജയം. അഞ്ച് വിക്കറ്റിനാണ് കിവികള്‍ വിജയം സ്വന്തമാക്കിയത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇതോടെ ഇരു ടീമുകളും 2-2ന് ഒപ്പമെത്തി. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 335 റണ്‍സെന്ന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയപ്പോള്‍ റോസ് ടെയ്‌ലറുടെ ഒറ്റയാള്‍ പോരാട്ടത്തിന്റെ കരുത്തില്‍ കിവികള്‍ 49.3 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 339 റണ്‍സടിച്ചെടുത്താണ് വിജയം കൈപ്പിടിയിലാക്കിയത്.
രണ്ട് റണ്‍സ് ചേര്‍ക്കുന്നതിനിടെ ഓപണര്‍മാരെ രണ്ട് പേരെയും സംപൂജ്യരായി നഷ്ടപ്പെട്ട് പരുങ്ങിയ കിവികളെ പുറത്താകാതെ 147 പന്തില്‍ 181 റണ്‍സ് അടിച്ചെടുത്താണ് ടെയ്‌ലര്‍ വിജയത്തിലേക്ക് നയിച്ചത്. 17 ഫോറുകളും ആറ് സിക്‌സറുകളുമടങ്ങുന്ന ലോക ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്റിങ് പ്രകടനങ്ങളിലൊന്നാണ് ടെയ്‌ലര്‍ പുറത്തെടുത്തത്. 71 റണ്‍സുമായി ടോം ലാതവും 45 റണ്‍സെടുത്ത് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസനും പിന്തുണ നല്‍കി. കരിയറിലെ 19ാം ഏകദിന സെഞ്ച്വറിയാണ് ടെയ്‌ലര്‍ സ്വന്തമാക്കിയത്. താരത്തിന്റെ ഏറ്റവും മികച്ച ഏകദിന വ്യക്തിഗത സ്‌കോറും ഇതുതന്നെ. ടെയ്‌ലറാണ് കളിയിലെ കേമന്‍.
റണ്‍സ് പിന്തുടര്‍ന്നുള്ള വിജയത്തില്‍ ഒരു താരം നേടുന്ന ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറില്‍ നാലാം സ്ഥാനത്തെത്താന്‍ ഈ ഇന്നിങ്‌സോടെ ടെയ്‌ലറിന് സാധിച്ചു. ഷെയ്ന്‍ വാട്‌സന്‍ ബംഗ്ലാദേശിനെതിരേ സ്വന്തമാക്കിയ 97 പന്തില്‍ 185 റണ്‍സാണ് പട്ടികയില്‍ ഒന്നാമത്. വിരാട് കോഹ്‌ലി പാകിസ്താനെതിരേ നേടിയ 148 പന്തില്‍ 183 റണ്‍സ് രണ്ടാമതും ധോണി 2005ല്‍ ശ്രീലങ്കക്കെതിരേ നേടിയ 145 പന്തില്‍ 183 റണ്‍സ് മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു.
നേരത്തെ ടോസ് നേടി കിവികള്‍ ഇംഗ്ലണ്ടിനെ ബാറ്റിങിനയക്കുകയായിരുന്നു. ഓപണര്‍ ബെയര്‍സ്റ്റോ (138), മൂന്നാമനായി ക്രീസിലെത്തിയ ജോ റൂട്ട് (102) എന്നിവരുടെ കിടയറ്റ സെഞ്ച്വറികളാണ് ഇംഗ്ലണ്ടിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഓപണര്‍ ജാസന്‍ റോയ് 42 റണ്‍സെടുത്തു.
പിന്നീട് വാലറ്റത്ത് ക്യുറന്‍ 10 പന്തില്‍ 22 റണ്‍സ് വാരി. ഈ നാല് താരങ്ങള്‍ക്കൊഴികെ മറ്റൊരാള്‍ക്കും രണ്ടക്കം കടക്കാനും സാധിച്ചില്ല. ന്യൂസിലന്‍ഡിനായ ഇഷ് സോധി നാല് വിക്കറ്റുകള്‍ വീഴ്ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."