വാഗ്ദാനം ചെയ്ത ജോലി നല്‍കാതെ ജെയ്ഷയെ സര്‍ക്കാരും സ്‌പോര്‍ട്‌സ് കൗണ്‍സിലും പറ്റിച്ചു
കൊച്ചി: 'എന്റെ സ്വപ്‌നങ്ങള്‍ക്ക് വിലങ്ങിടാന്‍ ആര്‍ക്കുമാകില്ല. ആരും സഹായിച്ചില്ലെങ്കിലും രാജ്യാന്തര അത്‌ലറ്റുകളെ ഞാന്‍ വാര്‍ത്തെടുക്കും'. ഇന്ത്യന്‍ ജഴ്‌സിയില്‍ 1500 മീറ്റര്‍ മുതല്‍ 42 കിലോ മീറ്റര്‍ വരെ കീഴടക്കിയ ദീര്‍ഘദൂര ഓട്ടക്കാരി ഒ.പി ജെയ്ഷയുടെ വാക്കുകളാണിത്. റെയില്‍വേയിലെ ജോലി ഉപേക്ഷിച്ചു വരൂ ഇവിടെ ജോലി നല്‍കാമെന്ന് ആദ്യ വാഗ്ദാനം. അപേക്ഷയുമായി എത്തിയപ്പോള്‍ താത്കാലിക ജോലിയെന്നായി. വിളിച്ചു വരുത്തി അപമാനിച്ചവരോടുള്ള പ്രതിഷേധമാണ് ജെയ്ഷയുടെ വാക്കുകളിലൂടെ ഉയരുന്നത്. മുഖ്യമന്ത്രി വാഗ്ദാനം നല്‍കിയ ജോലി തേടിയെത്തി അധികാര കേന്ദ്രങ്ങളുടെ പടിക്കെട്ടുകള്‍ കയറിയിറങ്ങി മടുത്ത ഒളിംപ്യന്‍ ഒ.പി ജെയ്ഷ ഒടുവില്‍ നിരാശയോടെ കൊല്‍ക്കത്തയിലേക്ക് തന്നെ മടങ്ങി. സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ പരിശീലകയായി നിയമനം നല്‍കണമെന്ന അപേക്ഷ ചുവപ്പുനാടയില്‍ കുരുക്കി തട്ടികളിക്കുന്നതില്‍ മനംനൊന്താണ് എക്കാലത്തെയും ഇന്ത്യയുടെ മികച്ച ഈ ദീര്‍ഘദൂര ഓട്ടക്കാരി കൊല്‍ക്കത്തയിലേക്ക് മടങ്ങിയത്. എ.സി മുറിയിലിരുന്നു ജോലി ചെയ്യാനോ അക്കാദമി തുടങ്ങാന്‍ ലക്ഷങ്ങളോ അല്ല ജെയ്ഷ ചോദിച്ചത്. പൊരിവെയിലത്തിറങ്ങി പുതിയ താരങ്ങളെ വാര്‍ത്തെടുക്കാനുള്ള സ്ഥിരം പരിശീലക സ്ഥാനം ചോദിച്ച ഇന്ത്യയുടെ ഈ ദീര്‍ഘദൂര ഓട്ടക്കാരിക്ക് കേരളം തിരിച്ചു നല്‍കിയത് വേദനകളും ദുരിതവും മാത്രം.
മുഖ്യമന്ത്രിയുടെ ജോലി വാഗ്ദാനത്തില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് ഒരു വര്‍ഷം മുന്‍പ് ഒ.പി ജെയ്ഷ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ പരിശീലകയായി നിയമിക്കണമെന്ന അപേക്ഷയുമായി കായിക വകുപ്പിനെ സമീപിച്ചത്. അപേക്ഷ സ്വീകരിച്ച കായിക വകുപ്പ് സ്‌പോര്‍ട്‌സ് കൗണ്‍സിലിലേക്ക് വിളിച്ചു വരുത്തി അഭിമുഖവും നടത്തി. ഒടുവില്‍ താത്കാലിക നിയമനം നല്‍കാമെന്ന വാഗ്ദാനത്തില്‍ എല്ലാം ഒതുങ്ങി. കായിക മന്ത്രിക്കും മുഖ്യമന്ത്രിക്കും ജെയ്ഷ നിവേദനം നല്‍കി. ജെയ്ഷയുടെ അപേക്ഷ ഒടുവില്‍ ധനവകുപ്പിന് കൈമാറി. ധനവകുപ്പിലേക്ക് പോയ ഫയല്‍ ഇപ്പോള്‍ ചുവപ്പ് നാടയില്‍ കുരുങ്ങി കിടക്കുകയാണ്.
ദേശീയ ഗെയിംസില്‍ മെഡല്‍ നേടിയ കായിക താരങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കിയതിനെ കുറിച്ച് കായിക മന്ത്രിയടക്കമുള്ളവര്‍ എല്ലാ വേദികളിലും കൊട്ടിഘോഷിച്ച് പാടി നടക്കുന്നു. എന്നാല്‍, ദീര്‍ഘദൂര ഓട്ടത്തില്‍ കേരളത്തിനും രാജ്യത്തിനും നിരവധി മെഡലുകള്‍ സമ്മാനിക്കുകയും ഒളിംപിക്‌സ് മാരത്തണില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് 42 കിലോ മീറ്റര്‍ ദൂരം താണ്ടുകയും ചെയ്ത ഒ.പി ജെയ്ഷയുടെ അപേക്ഷ മാത്രം കണ്ടില്ലെന്ന് നടിക്കുകയാണ്. ജെയ്ഷയുടെ രാഷ്ട്രീയം സ്‌പോര്‍ട്‌സ് മാത്രമായതിനാലാകാം വയനാട്ടിലെ പിന്നോക്ക മേഖലയില്‍ നിന്നുള്ള ഈ സുവര്‍ണ താരം അവഗണിക്കപ്പെടാന്‍ കാരണം. ഈ മാസം അവസാനം രണ്ട് പേര്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ നിന്ന് വിരമിക്കും അപ്പോള്‍ ജോലി നല്‍കാമെന്നാണ് സര്‍ക്കാരിന്റെ പുതിയ ഉറപ്പ്. നിരവധി വാഗ്ദാനങ്ങള്‍ കേട്ടുമടുത്ത ജെയ്ഷയ്ക്ക് ഇക്കാര്യത്തില്‍ വലിയ പ്രതീക്ഷയൊന്നുമില്ല. ഇന്ത്യന്‍ റെയില്‍വേയില്‍ കൊല്‍ക്കത്തയില്‍ ചീഫ് ടിക്കറ്റ് എക്‌സാമിനറാണ് ഒ.പി ജെയ്ഷ. കേരളത്തില്‍ ജീവിക്കാന്‍ ഒരു ജോലിയല്ല ജെയ്ഷ ചോദിച്ചത്. തനിക്ക് കിട്ടിയ അറിവുകളും അനുഭവ സമ്പത്തും വരും തലമുറയ്ക്ക് പകര്‍ന്നു നല്‍കുകയെന്ന ഉദ്യമത്തിന് ഒരു പരിശീലക നിയമനമാണ്. 460 കോടിയുടെ ഓപറേഷന്‍ ഒളിംപ്യ പദ്ധതി നടപ്പാക്കാനിറങ്ങിയവര്‍ക്ക് അനുഭവങ്ങളേറെയുള്ള ഒ.പി ജെയ്ഷയുടെ കഴിവുകള്‍ പ്രയോജനപ്പെടുത്തണമെന്ന തിരിച്ചറിവ് മാത്രമില്ല.
ജെയ്ഷയുടെ പരിശീലന കളരി
ജോലി ചെയ്തും സമ്മാനമായി കിട്ടിയ സമ്പാദ്യവുമെല്ലാം ഉപയോഗിച്ചാണ് 12 താരങ്ങളെ ഒ.പി ജെയ്ഷ പരിശീലിപ്പിക്കുന്നത്. വയനാട് തൃശിലേരിയില്‍ വീട് വാടകയ്‌ക്കെടുത്ത് താമസിപ്പിച്ച് ഭക്ഷണവും നല്‍കിയാണ് പരിശീലനം. എല്ലാവരും ജെയ്ഷയെ പോലെ ഇല്ലായ്മകളുടെ നടുവില്‍ നിന്ന് വരുന്നവര്‍. അവരിലേറെയും ആദിവാസി കുട്ടികള്‍. പിന്നെ ശിഷ്യരായുള്ളത് കൊല്ലത്ത് നിന്നുള്ള രണ്ട് കോളജ് വിദ്യാര്‍ഥികള്‍. അന്‍സിബും നിയാസും. രണ്ട് പേരും സര്‍വകലാശാലാ മീറ്റുകളില്‍ 5000, 10000 മീറ്ററുകളില്‍ സുവര്‍ണ നേട്ടം കൊയ്തു തുടങ്ങി. ഒളിംപ്യന്‍മാരുടെ അക്കാദമികള്‍ ഉള്‍പ്പടെ പെണ്‍കുട്ടികളെ മാത്രം തേടി നടക്കുന്ന കാലത്താണ് ജെയ്ഷ ആണ്‍കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നത്. തൃശിലേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളായ ശിഷ്യരില്‍ രണ്ട് പേര്‍ കഴിഞ്ഞ സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ മികച്ച പ്രകടനം കാഴ്ചവച്ചു. റെയില്‍വേ ജോലിയില്‍ നിന്ന് അവധി എടുത്താണ് പരിശീലനം നല്‍കാന്‍ കൊല്‍ക്കത്തയില്‍ നിന്ന് ജെയ്ഷ വയനാട്ടില്‍ എത്തുന്നത്.
താന്‍ തന്നെ രാജാവ്. തനിക്ക് പിന്‍ഗാമികള്‍ വേണ്ട. തന്റെ റെക്കോര്‍ഡുകളും തകര്‍ക്കപ്പെടരുതെന്ന് കരുതുന്നവര്‍ ഏറെയുള്ള കായിക രംഗത്ത് ജെയ്ഷയുടെ പ്രവര്‍ത്തനം വേറിട്ടതാകുന്നു. ജെയ്ഷ കൊല്‍ക്കത്തയിലേക്ക് മടങ്ങുമ്പോള്‍ മൂത്ത സഹോദരിയും അമ്മയ്ക്കുമാണ് കുട്ടികളുടെ സംരക്ഷണ ചുമതല. ഈ കുട്ടികളില്‍ നിന്ന് അടുത്ത കാലത്ത് തന്നെ ഒരു ദേശീയ ചാംപ്യന്‍ പിറവിയെടുക്കുമെന്ന് ജെയ്ഷ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."