ബഹ്‌റൈനില്‍ നിന്നും ആശ്വാസ 'തണലില്‍ കിടന്ന്' അഫ്‌സല്‍ ഇന്ന് നാട്ടിലേക്ക്
മനാമ: ബഹ്‌റൈനില്‍ ശരീരം തളര്‍ന്ന് ചികിത്സയിലായിരുന്ന കൊല്ലം നിലമേല്‍ സ്വദേശി അഫ്‌സലിനെ ഇന്ന് പ്രത്യേകമായി സജ്ജീകരിച്ച കിടക്കയില്‍ കിടത്തി ഗള്‍ഫ് എയര്‍ വിമാനത്തില്‍ നാട്ടിലെത്തിക്കും.
ബഹ്‌റൈനിലെ സല്‍മാനിയ മെഡിക്കല്‍ സെന്ററില്‍ ഒരു മാസം നീണ്ട പ്രാഥമിക ചികിത്സകള്‍ക്ക് ശേഷമാണ് വിവിധ പ്രവാസി സംഘടനകളുടെ സഹായത്തോടെ ഇന്ന് രാത്രി 8.30ന് ബഹ്‌റൈനില്‍ നിന്നും പുറപ്പെടുന്ന ഗള്‍ഫ് എയര്‍ വിമാനത്തില്‍ അഫ്‌സലിനെ നാട്ടിലെത്തിക്കുന്നത്.
വെള്ളിയാഴ്ച പുലര്‍ച്ചെ 3.30ന് കൊച്ചിയിലെത്തുന്ന അഫ്‌സലിനെ തുടര്‍ചികിത്സക്കായി ആംബുലന്‍സ് മുഖേനെ കോഴിക്കോട്ടേക്ക് കൊണ്ടു പോകും. ജീവ കാരുണ്യ പ്രസ്ഥാനമായ തണല്‍ എന്ന സംഘടനയാണ് ഇതിനു നേതൃത്വം നല്‍കുന്നത്.
നാട്ടിലെത്തുന്ന അഫ്‌സലിന്റെ ചികിത്സാ ചിലവ് ഏറ്റെടുക്കുമെന്ന് തണല്‍ ഭാരവാഹികള്‍ നേരത്തെ ബഹ്‌റൈനില്‍ പ്രഖ്യാപിച്ചിരുന്നു.
തണല്‍ ചെയര്‍മാന്‍ ഡോ.ഇദ്‌രീസിന്റെ നേതൃത്വത്തില്‍ കോഴിക്കോട് ഇഖ്‌റഅ ഹോസ്പിറ്റലില്‍ ഇതിനായി വിദഗ്ദഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തി സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
മനാമയില്‍ അഫ്‌സല്‍ ജോലി ചെയ്തിരുന്ന മൊബൈല്‍ ഷോപ്പ് ഉടമ വടകര സ്വദേശി നവാസും അഫ്‌സലിനെ അനുഗമിക്കുന്നുണ്ട്. അഫ്‌സലിനെ സഹായിച്ച എല്ലാവരോടും പ്രത്യേക നന്ദി അറിയിക്കുന്നതായി യാത്ര പുറപ്പെടും മുന്‍പ് അദ്ദേഹം സുപ്രഭാതത്തോട് പറഞ്ഞു.
പിതാവ് മരണപ്പെട്ട കുടുംബത്തിന്റെ ഏക ആശ്രയമായ അഫ്‌സല്‍ 4 മാസം മുന്‍പാണ് മനാമയിലെ നവാസിന്റെ മൊബൈല്‍ ഷോപ്പില്‍ ജോലിയില്‍ പ്രവേശിച്ചത്. ഇതിനിടെ കഴിഞ്ഞ ഫെബ്രുവരി 9 ന് രാത്രിയാണ് അഫ്‌സലിനുനേരെ മോഷ്ടാക്കളുടെ ആക്രമണം നടന്നത്.
മനാമയിലെ ഗോള്‍ഡ് സിറ്റിയുടെ എതിര്‍ വശം ഫിഷ്‌റൗണ്ട് എബൗട്ടിനു സമീപത്തു വെച്ച് തന്റെ മണിപേഴ്‌സ് തട്ടിയെടുത്ത മോഷ്ടാക്കളെ പിന്തുടര്‍ന്ന് ഒരു കെട്ടിടത്തിനു മുകളിലെത്തിയ അഫ്‌സലിനെ അവര്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയും കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്നും താഴേക്ക് തള്ളിയിടുകയുമായിരുന്നു.
കെട്ടിടത്തിനു മുകളില്‍ നിന്നുള്ള വീഴ്ചയില്‍ ഇടത് തോളെല്ലിനും നട്ടെല്ലിനും ഗുരുതരമായി പൊട്ടലേറ്റ അഫ്‌സലിനെ അരക്ക് താഴെ ചലനം നഷ്ടമായ സ്ഥിതിയിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ഇത് പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ മാസങ്ങള്‍ എടുക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുകയും ചെയ്തിരുന്നു. തുടര്‍ചികിത്സക്കായി അഫ്‌സലിനെ നാട്ടിലെത്തിക്കണമെങ്കില്‍ കിടത്തി കൊണ്ടു പോകേണ്ടതുണ്ടെന്നും ആവശ്യമായ സജ്ജീകരണങ്ങളൊരുക്കാന്‍ ഭാരിച്ച തുക വേണ്ടി വരുമെന്നും സുപ്രഭാതമുള്‍പ്പെടെയുള്ള മലയാള പത്രങ്ങളും പ്രാദേശിക അറബിക്ഇംഗ്ലീഷ് ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകളും നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇതേ തുടര്‍ന്ന് മനാമ എം.പി അബ്ദുല്‍ വാഹിദ് ഖറാത്തയുടെ നേതൃത്വത്തിലുള്ള സംഘവും, സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രമുഖരും സംഘടനാ നേതാക്കളും അഫ്‌സലിനെ ആശുപത്രിയിലെത്തി സന്ദര്‍ശിക്കുകയും ബഹ്‌റൈന്‍ എസ്.കെ.എസ്.എസ്.എഫ് ഉള്‍പ്പെടെ വിവിധ പ്രവാസി സംഘടനകളും കൂട്ടായ്മകളും സഹായ വാഗ്ദാനം നല്‍കുകയും ചെയ്തിരുന്നു.
ഇതിനിടെ നാട്ടില്‍ വാടക വീട്ടില്‍ കഴിയുന്ന അഫ്‌സലിന്റെ ദുരിത ജീവിതം മനസ്സിലാക്കി കുടുംബത്തിന് ഒരു വീട് നിര്‍മ്മിച്ചു നല്‍കുമെന്ന് ബഹ്‌റൈനിലെ ഐ.സി.എഫ് ഭാരവാഹികളും ഇവിടെ പ്രഖ്യാപിച്ചിരുന്നു. വീടിന്റെ സ്ഥലമേറ്റെടുക്കുന്നതിലേക്കായി സഹചാരി റിലീഫ് സെല്ലില്‍ നിന്നും ആദ്യ ഘട്ടം കാല്‍ ലക്ഷം രൂപ അനുവദിച്ചതായി ബഹ്‌റൈന്‍ എസ്.കെ.എസ്.എസ്.എഫ് ഭാരവാഹികളും അറിയിച്ചു.
കൂടാതെ ബഹ്‌റൈന്‍ കെ.എം.സി.സി, പ്രതിഭ ബഹ്‌റൈന്‍, പ്രതീക്ഷ ബഹ്‌റൈന്‍(ഹോപ്), തണല്‍, മൈത്രി, ഫ്രണ്ട്‌സ്, കേരളീയ സമാജം, പടവ്, എം.എം.ടീം, ദയ പേരാമ്പ്ര, ബഹ്‌റൈന്‍ ബിസിനസ് ഫോറം തുടങ്ങിയ വിവിധ പ്രവാസി സംഘടനകളും ഫ്രാന്‍സിസ് കൈതാരത്ത് ഉള്‍പ്പെടെയുള്ള വ്യക്തികളും അഫ്‌സലിനെ സഹായിക്കാന്‍ മുന്നിട്ടിറങ്ങിയിരുന്നു.
വിവിധ സംഘടനാ പ്രതിനിധികളും സാമൂഹ്യ പ്രവര്‍ത്തകരുമുള്‍ക്കൊള്ളുന്ന ഇന്ത്യന്‍ സോഷ്യല്‍ വര്‍ക്കേഴ്‌സ് എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പാണ് ഇതിന് നേതൃത്വം നല്‍കിയത്.
ഈ പബ്ലിക്ക് ഗ്രൂപ്പിനു പുറമെ കൊല്ലം സ്വദേശി യായ റഷീദ് മുസ്‌ലിയാര്‍ ഉള്‍പ്പെടെയുള്ള വ്യക്തികളുടെ നേതൃത്വത്തിലും അഫ്‌സലിനായി ഫണ്ട് ശേഖരണം നടന്നിരുന്നു. റഷീദ് മുസ്‌ലിയാര്‍ ഇതുവരെ ശേഖരിച്ച 88,000 രൂപ ആശുപത്രിയില്‍ നേരിട്ടെത്തി അഫ്‌സലിന് കൈമാറിയിരുന്നു.
സഹായം എത്തിക്കേണ്ടവര്‍ക്കായി അഫ്‌സലിന്റെ പേരില്‍ എസ്.ബി.ഐയില്‍ ബാങ്ക് എക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്. Name :Afsal Noor Mohammed , Bank : SBI, Account number : 37564235700, Branch : kollam.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."