മുത്വലാഖ് ബില്ല് സ്ത്രീകളെ കൂടുതല്‍ പ്രയാസപ്പെടുത്താനുള്ളതാണെന്ന് വനിതാ ലീഗ്
ന്യൂഡല്‍ഹി: ലോക്‌സഭ പാസ്സാക്കുകയും രാജ്യസയുടെ പരിഗണനയിലുമുള്ള മുത്വലാഖ് ബില്ല് മുസ്‌ലിം സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ടിയുള്ളതല്ലെന്നും മറിച്ച് അത് സ്ത്രീകളുടെ ജീവിതം കൂടുതല്‍ പ്രയാസമുള്ളതാക്കുമെന്നും വനിതാ ലീഗിന്റെ പ്രതിഷേധ സംഗമം.
ബില്ലിനെതിരേ അന്താരാഷ്ട്ര വനിതാദിനമായ ഇന്നു വനിതാ ലീഗ് നടത്തിയ പാര്‍ലമെന്റ് മാര്‍ച്ച് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനംചെയ്തു. ആരുടെയും അഭിപ്രായം ചോദിക്കാതെയാണ് ബില്ലിന്റെ കരട് തയാറാക്കിയിരിക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ബില്ല് ഇപ്പോഴത്തെ രൂപത്തില്‍ പാസ്സാക്കരുതെന്ന് എല്ലാ പ്രതിപക്ഷ കക്ഷികളും ആവശ്യപ്പെട്ടിട്ടുണ്ട്. സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള എല്ലാ അനുകൂല നീക്കങ്ങള്‍ക്കും ഒപ്പം മുസ്‌ലിം ലീഗും ഉണ്ടാവും. എന്നാല്‍, ഈ ബില്ല് സ്ത്രീകളെ സംരക്ഷിക്കുന്നതിനു വേണ്ടിയുള്ളതല്ല. ഇതിലെ വ്യവസ്ഥകള്‍ ഇരകളെ ഒന്നുകൂടി കഷ്ടപ്പെടുത്തുന്ന വിധത്തിലുള്ളതാണെന്നും രാജ്യസഭയില്‍ ഭരണകക്ഷിക്ക് വേണ്ടത്ര ഭൂരിപക്ഷം ഇല്ലാത്തതുകൊണ്ട് മാത്രമാണ് പാസ്സാക്കാന്‍ കഴിയാതിരുന്നതെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
മുത്വലാഖ് കേസില്‍ സുപ്രിംകോടതിയില്‍ ഹരജി നല്‍കിയ അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡിനോട് പോലും ആലോചിക്കാതെ തയാറാക്കിയ ബില്ല് ന്യൂനപക്ഷങ്ങളെ ലക്ഷ്യംവച്ചുള്ളതാണെന്ന് ആര്‍.എസ്.പി നേതാവ് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി അഭിപ്രായപ്പെട്ടു.
കേസില്‍ ഉത്തരവ് പുറപ്പെടുവിച്ചത് സുപ്രിംകോടതിയുടെ സമ്പൂര്‍ണ ബെഞ്ചല്ല. ഭരണഘടനാ ബെഞ്ച് വ്യത്യസ്ത അഭിപ്രായമാണ് കേസില്‍ നടത്തിയത്. ബെഞ്ചിലെ ഭൂരിപക്ഷ ജഡ്ജിമാര്‍ മുത്വലാഖ് അസാധുവാക്കിയെങ്കിലും മറ്റു രണ്ടു ജഡ്ജിമാര്‍ മുത്വലാഖ് സാധുവാണെന്ന് അഭിപ്രായപ്പെട്ടിരുന്നു.
അതിനാല്‍ മുത്വലാഖ് സംവിധാനത്തെ ഒരിക്കലും ക്രിമിനല്‍ കുറ്റമാക്കേണ്ടതില്ല. മുത്വലാഖ് ക്രിമിനല്‍വല്‍കരിച്ചത് ഏകസിവില്‍കോഡ് നടപ്പാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ്. ഈ വിഷയത്തില്‍ വനിതാ ലീഗ് നടത്തുന്ന എല്ലാ പ്രതിഷേധപരിപാടികള്‍ക്കും ആര്‍.എസ്.പിയുടെ പിന്തുണ ഉണ്ടാവുമെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.
സ്ത്രീകള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം മുത്വലാഖ് അല്ലെന്ന് മുസ്‌ലിം ലീഗ് ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. സ്ത്രീകള്‍ നേരിടുന്ന യഥാര്‍ത്ഥ പ്രശ്‌നം മദ്യപാനവുമായി ബന്ധപ്പെട്ടുള്ളതാണ്. എന്നാല്‍, മദ്യപാനം പ്രോല്‍സാഹിപ്പിക്കുന്ന നടപടിയാണ് സര്‍ക്കാരില്‍ നിന്നുണ്ടാവുന്നത്. യാതൊരുനടപടിക്രമങ്ങളും പാലിക്കാതെയാണ് ബില്ല് തയാറാക്കിയതെന്നും അദ്ദേഹം ആരോപിച്ചു.
സ്ത്രീകള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമായി മുത്വലാഖിനെ ചിത്രീകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് മുസ്‌ലിം ലീഗ് ദേശീയ ഖജാഞ്ചി പി.വി അബ്ദുല്‍ വഹാബ് പറഞ്ഞു. വളരെ ചെറിയൊരു വിഭാഗം മുസ്‌ലിം സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നമാണ് ബി.ജെ.പിയുടെ ഏറ്റവും വലിയ ആശങ്കയെന്നും വഹാബ് പരിഹസിച്ചു. വനിതാ ലീഗ് നേതാക്കളായ അഡ്വ. നൂര്‍ബിനാ റശീദ്, കെ.പി മറിയുമ്മ, ജയന്തി രാജന്‍ എന്നിവരും സംസാരിച്ചു,
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."