സ്വകാര്യബസ്സുകളും കെ.എസ്.ആര്‍.ടി.സി ബസ്സുകളും ചോര്‍ന്നൊലിക്കുന്നു
പാലക്കാട്: മഴക്കാലം ആരംഭിച്ചതോടെ നഗരത്തിലെ സ്വകാര്യബസ്സുകളും കെ.എസ്.ആര്‍.ടി.സി ബസ്സുകളും ചോര്‍ന്നൊലിക്കുന്നു. യാത്രക്കാര്‍ക്കു മഴ നനയാതിരിക്കാന്‍ വേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താതെ വാഹനങ്ങള്‍ തലങ്ങും വിലങ്ങും ചീറിപ്പായുമ്പോഴും നടപടിയെടുക്കേണ്ട ആര്‍.ടി ഓഫിസധികൃതര്‍ മൗനം പാലിക്കുകയാണ്.
ബസ്സുകള്‍ ചോര്‍ന്നൊലിക്കുന്നതു കൂടാതെ പല സ്വകാര്യ വാഹനങ്ങളുടെയും സൈഡ് വിന്‍ഡോകളും നശിച്ച നിലയിലാണുള്ളത്. മഴ പെയ്തു കൊണ്ടിരിക്കുമ്പോള്‍ ഇതിലൂടെ ബസ്സിനകത്തേക്കു മഴവെള്ളം ശക്തിയായി ചീറ്റി യാത്രക്കാര്‍ക്കു നിരവധി ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുന്നുണ്ട്.
ചോര്‍ച്ച തടയാനായി പല സ്വകാര്യബസ്സുകളും മുകളില്‍ ടാര്‍പോളിന്‍ വലിച്ചു കെട്ടുകയോ ഷീറ്റിടുകയോ ചെയ്തിട്ടുണ്ട്. എന്നാല്‍ കനത്ത മഴയിലും കാറ്റിലും ഇത്തരം സംവിധാനങ്ങളൊന്നും ഫലപ്രദമാവാതെ മഴത്തുള്ളികള്‍ യാത്രക്കാരുടെ ദേഹത്തേക്കാണ് പതിക്കുന്നത്. ഷട്ടര്‍ക്ലിപ്പുകള്‍ പലതും കേടുവന്നിരിക്കുന്നതിനാല്‍ സൈഡ് വിന്‍ഡോകള്‍ അടക്കാന്‍ കഴിയാത്ത അവസ്ഥയും പല ബസ്സുകളിലുമുണ്ട്.
എന്നാല്‍ ഇതൊന്നും പരിശോധിക്കാതെയാണ് ആര്‍.ടി അധികൃതര്‍ ബസ്സുകള്‍ക്ക് ടെസ്റ്റ് നടത്തിക്കൊടുക്കുന്നതെന്നും ആക്ഷേപമുണ്ട്. സൈഡ് വിന്‍ഡോകള്‍ പ്രവര്‍ത്തിക്കാത്ത സ്വകാര്യബസ്സുകളില്‍ ചിലതില്‍ കാര്‍ഡ്‌ബോര്‍ഡുകളും കബോഡുകളും വച്ചാണ് മഴയെ പ്രതിരോധിക്കുന്നത്. യാത്രക്കാര്‍ ഇതിനെ ചോദ്യം ചെയ്താല്‍ ബസ്ജീവനക്കാര്‍ അസഭ്യം പറയുന്നതും പതിവാണ്. മധ്യവേനലവധി കഴിഞ്ഞു സ്‌കൂളുകള്‍ കൂടി തുറന്നതോടെ സ്വകാര്യബസ്സുകളില്‍ ഇപ്പോള്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.
മഴക്കാലം ആരംഭിച്ചതോടെ അടിസ്ഥാന സൗകര്യങ്ങളൊരുക്കാത്ത ബസ്സുകളില്‍ രാവിലേയും വൈകീട്ടുമുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടേയും ജീവനക്കാരുടേയും യാത്രയും ദുരിതത്തിലായിത്തീര്‍ന്നിരിക്കുകയാണ്. ചോര്‍ന്നൊലിക്കുന്ന ബസ്സുകള്‍ക്കെതിരേ ശക്തമായ നടപടി അധികൃതരുടെ ഭാഗത്തു നിന്നുണ്ടാവണമെന്നാണ് യാത്രക്കാര്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."