സഊദിവല്‍ക്കരണം കൂടുതല്‍ മേഖലകളിലേക്ക്: തൊഴില്‍ മന്ത്രി
ജിദ്ദ: ഇനിയും കൂടുതല്‍ മേഖലകളിലേക്ക് സമ്പൂര്‍ണ സഊദിവല്‍ക്കരണം നടപ്പാക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോകുമെന്ന് തൊഴില്‍, സാമൂഹിക വികസന മന്ത്രി ഡോ. അലി അല്‍ഗഫീസ് പറഞ്ഞു. കൗണ്‍സില്‍ ഓഫ് സഊദി ചേംബേഴ്‌സിനു കീഴിലെ ദേശീയ വാണിജ്യ കമ്മിറ്റി അംഗങ്ങളുമായുള്ള ചര്‍ച്ചയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. തൊഴില്‍ വിപണിയിലെ വ്യത്യസ്ത മേഖലകളില്‍ സഊദി പൗരന്മാര്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനാണ് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയത്തിന്റെ ശ്രമം.
സഊദികള്‍ക്കിടയിലെ തൊഴിലില്ലായ്മക്ക് പരിഹാരം കാണുന്നതിനും സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനും ഇപ്പോഴത്തെ സാഹചര്യത്തില്‍ ശ്രമം കൂടുതല്‍ ഊര്‍ജിതമാക്കേണ്ടതുണ്ട്. സമ്പൂര്‍ണ സഊദിവല്‍ക്കരണം നടപ്പാക്കുന്നതിന് ഇതിനകം തീരുമാനിച്ചതല്ലാത്ത മേഖലകളിലും സ്വദേശിവല്‍ക്കരണം നടപ്പാക്കും. ചില്ലറ വ്യാപാരമേഖലയുടെ നടത്തിപ്പും നിയന്ത്രണവും സഊദികള്‍ക്ക് ലഭ്യമാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. തൊഴില്‍ വിപണിയില്‍ പ്രവേശിക്കുന്നതിനും സ്വന്തം നിലക്ക് സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനും ആഗ്രഹിക്കുന്നവര്‍ക്ക് തൊഴില്‍ പരിശീലനവും വായ്പകളും അടക്കമുള്ള സഹായങ്ങള്‍ മന്ത്രാലയവും അനുബന്ധസ്ഥാപനങ്ങളും നല്‍കും.
സഊദിവല്‍ക്കരണത്തിനുള്ള തൊഴില്‍, സാമൂഹിക വികസന മന്ത്രാലയത്തിന്റെ നീക്കങ്ങളെ പൊതുവില്‍ പിന്തുണക്കുന്നതായി കൂടിക്കാഴ്ചക്കു ശേഷം ദേശീയ വാണിജ്യ കമ്മിറ്റി അംഗങ്ങള്‍ പറഞ്ഞു. പുതുതായി പന്ത്രണ്ടു മേഖലകളില്‍ കൂടി സമ്പൂര്‍ണ സഊദിവല്‍ക്കരണം നടപ്പാക്കുന്നതിനുള്ള തൊഴില്‍, സാമൂഹിക വികസന മന്ത്രാലയത്തിന്റെ തീരുമാനം, സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികള്‍ക്കുള്ള ലെവി ഉയര്‍ത്തല്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ഭീമമായ തുകയുടെ ലെവി ഇന്‍വോയ്‌സുകള്‍ നല്‍കല്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ വിശകലനം ചെയ്യുന്നതിനും ആശ്വാസ നടപടികള്‍ നേടിയെടുക്കുന്നതിനും ലക്ഷ്യമിട്ടത്. ദേശീയ വാണിജ്യ കമ്മിറ്റി അംഗങ്ങള്‍ തൊഴില്‍, സാമൂഹിക വികസന മന്ത്രിയെ കണ്ടത്. എന്നാല്‍ ഇതിനകം പ്രഖ്യാപിച്ചതല്ലാത്ത കൂടുതല്‍ മേഖലകളില്‍ സമ്പൂര്‍ണ സഊദിവല്‍ക്കരണം നിര്‍ബന്ധമാക്കുന്നതിനുള്ള ശ്രമങ്ങളുമായി മന്ത്രാലയം മുന്നോട്ടുപോകുമെന്ന് മന്ത്രി വ്യാപാരികളെ അറിയിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."