സഊദിയില്‍ കൊല്ലപ്പെട്ട മലയാളി ദമ്പതികളുടെ മൃതദേഹം ഖബറടക്കി
ദമാം: കിഴക്കന്‍ സഊദിയിലെ അല്‍ ഹസയിലെ മരുഭൂമിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ മലയാളി ദമ്പതികളുടെ മൃതദേഹം ഖബറടക്കി. കോഴിക്കോട് നാദാപുരം കക്കട്ടില്‍ കുഴിച്ചാല്‍ കുഞ്ഞബ്ദുള്ള (37) ഭാര്യ വില്യാപ്പള്ളി കുനിങ്ങാട് സ്വദേശിനി റിസ്വാന (29)യുടെയും മയ്യിത്തുകളാണ് അല്‍ ഹസ ഖബര്‍സ്ഥാനില്‍ ഒരുമിച്ച് മറവു ചെയ്തത്. രണ്ടാഴ്ച മുന്‍പാണ് അല്‍ ഹസ അയൂനിലെ വിജനമായ മരുഭൂമിയില്‍ റിസ്വാനയെ കഴുത്തറുത്ത നിലയിലും കുറച്ചകലെ വാഹനത്തില്‍ കുഞ്ഞബ്ദുള്ളയെ ആത്മഹത്യ ചെയ്ത നിലയിലും കണ്ടെത്തിയത്. അല്‍ ഹസയിലെ പ്രമുഖ ഹൈപര്‍ മാര്‍ക്കറ്റിലെ ജീവനക്കാരനായിരുന്ന കുഞ്ഞബ്ദുള്ള രണ്ടു മാസം മുന്‍പാണ് ഭാര്യ റിസ്വാനയെ വിസിറ്റ് വിസയില്‍ ഇവിടേക്ക് കൊണ്ടുവന്നത്. ദമ്പതികള്‍ക്ക് കുട്ടികളില്ല.
റിസ്വാനയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം അതേ കത്തി കൊണ്ട് തന്നെ കുത്തിയാണ് കുഞ്ഞബ്ദുള്ളയും ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം. കൊലയ്ക്കുപയോഗിച്ച കത്തി കണ്ടെത്തിയെങ്കിലും അതില്‍ കുഞ്ഞബ്ദുള്ളയുടെ വിരലടയാളം മാത്രമാണ് കണ്ടെത്താന്‍ കഴിഞ്ഞത്. പ്രവാസി മലയാളികള്‍ ഏറെ ഞെട്ടലോടെയാണ് കൊലപാതക വാര്‍ത്ത കേട്ടത്. അല്‍ ഹസ റാഷിദിയ്യ പള്ളിയില്‍ നടന്ന മയ്യിത്ത് നിസ്കാരത്തില്‍ സ്വദേശികളും ഹൈപര്‍ മാര്‍ക്കറ്റിലെ മേലധികാരികളും സഹപ്രവര്‍ത്തകരും സാമൂഹിക പ്രവര്‍ത്തകരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."