പച്ചക്കറി വില; സര്‍ക്കാര്‍ ഇടപെടലുകള്‍ പ്രഹസനം
ഒലവക്കോട്: സംസ്ഥാനത്ത് പച്ചക്കറി വിലകുതുക്കുമ്പോഴും വിലനിയന്ത്രണമേര്‍പ്പെടുത്താത്തതില്‍ ജനജീവിതം താളം തെറ്റുകയാണ്. തമിഴ്‌നാട്ടില്‍ പച്ചക്കറി വില കുറഞ്ഞിട്ടും കേരളത്തില്‍ കഴിഞ്ഞ രണ്ടുമാസമായി പച്ചക്കറികളുടെ വില ഇരട്ടിയിലധികമായിരിക്കുകയാണ്. കേരളത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ വിലക്കയറ്റത്തില്‍ ഇടപെടുമെന്ന് വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നെങ്കിലും പാലിക്കാന്‍ വൈകുന്നത് ഇടനിലക്കാര്‍ ചൂഷണം ചെയ്യുകയാണിപ്പോള്‍.
തെരഞ്ഞെടുപ്പിനു മുന്നെതന്നെ പച്ചക്കറി വിലകുതിച്ചുയരുകയായിരുന്നെങ്കിലും പച്ചക്കറി ക്ഷാമത്തിനു കാരണം കൃത്രിമ വിലക്കയറ്റമാണെന്ന് പരസ്പരം പഴിചാരുകയായിരുന്നു മുന്നണികളും സര്‍ക്കാരും. സംസ്ഥാനത്ത് വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ 150കോടിരൂപ പുതിയ സര്‍ക്കാര്‍ നീക്കിവെച്ചിട്ടുണ്ടെങ്കിലും ഇതിന്റെ ഗുണം ജനങ്ങള്‍ക്ക് കിട്ടിത്തുടങ്ങിയിട്ടില്ലെന്നതിനു ഉദാഹരണമാണ് ഇപ്പോഴത്തെ വിലക്കയറ്റം.
കഴിഞ്ഞ സര്‍ക്കാരും പച്ചക്കറി വിപണിയിലെ വിലക്കയറ്റത്തിലിടപെടാത്തതിനാല്‍ തമിഴ്‌നാട്ടില്‍ നിന്നും ചുരുങ്ങിയ വിലയ്ക്ക് കൊണ്ടുവന്നിരുന്ന പച്ചക്കറികള്‍ വന്‍ വിലക്കാണ് കേരളത്തിലെ മാര്‍ക്കറ്റുകളില്‍ വിറ്റിരുന്നത്. കഴിഞ്ഞ സര്‍ക്കാരും പച്ചക്കറി വിപണിയിലെ വിലക്കയറ്റത്തിലിടപെടാത്തതാണ് ചൂഷണത്തിനവസരമൊരുങ്ങിയത്. കഴിഞ്ഞ ഒരു മാസത്തിലധികമായി തക്കാളിയുള്‍പ്പെടെയുള്ള എല്ലാ പച്ചക്കറികളുടെ വില ഇരട്ടിയിലധികമാണ്.
പച്ചമുളക്, ബീന്‍സ്, വെളുത്തുള്ളി എന്നിവയുടെ വിലയാകട്ടെ 100 രൂപ കടന്നിരിക്കുകയാണിപ്പോള്‍. പാലക്കാട് വലിയങ്ങാടിയിലെ മൊത്ത വ്യാപാര മാര്‍ക്കറ്റില്‍ പച്ചമുളകിന്റെയും ബീന്‍സിന്റെയും വില 110 രൂപയാണ്. വെളുത്തുള്ളിയുടെ ചില്ലറ വില്‍പനയില്‍ നിന്ന് 160 രൂപയായത് സര്‍വ്വകാല റെക്കോര്‍ഡാണ്. ആവശ്യക്കാരേറെയുള്ള ബീന്‍സും അവരക്കയും 120 രൂപയായതു മൂലം മിക്ക കടകളിലും ഇത് കണികാണാന്‍ പോലും കിട്ടാത്ത സ്ഥിതിയാണ് തെരഞ്ഞെടുപ്പുകാലത്ത് പരമാവധി ലാഭമുണ്ടാക്കാന്‍ വില ഉയര്‍ത്തുന്നതെന്നായിരുന്നു പരക്കെ ആരോപണങ്ങളുയര്‍ന്നിരുന്നത്.
എന്നാല്‍ മന്ത്രിസഭ അധികാരമേറ്റ് നാളുകള്‍ കഴിഞ്ഞിട്ടും വിപണിയിലെ വിലക്കയറ്റം പിടിച്ചുനിര്‍ത്താനാവുന്നില്ല. ഇതുമൂലം സാധാരണക്കാരെ വിലക്കയറ്റത്തില്‍ മുക്കി ഇടനിലക്കാര്‍ ലാഭം കൊയ്യുകയാണ്. 15 രൂപയുണ്ടായിരുന്ന തക്കാളിക്കിപ്പോള്‍ 60 രുപയിലെത്തിയിരിക്കുകയാണ്. പയറിന് 50 രൂപയും വെണ്ടക്ക 45 രൂപയായി ഉയര്‍ന്നപ്പോള്‍ ചെറിയുള്ളിക്ക് 90 രൂപയും ഉരുളക്കിഴങ്ങ് 40 ഉം പാവയ്ക്ക് 50 രൂപയായി ഉയര്‍ത്തിയിരിക്കുന്നത്. ജനജീവിതത്തെ ദു:സ്സഹമാക്കിയിരിക്കുകയാണ്. കാരറ്റ്, ബീറ്റ് റൂട്ട് എന്നിവയ്ക്ക് 40 രൂപ കടന്നപ്പോള്‍ കാബേജ്, വഴുതന, പടവലം എന്നിവയ്ക്ക് 30 രൂപയും ചേനക്ക് 30 രൂപയും കടന്നിരിക്കുകയാണ്. എന്നാല്‍ വിപണിയില്‍ ആകെ ആശ്വാസമുള്ളത് സവാളയ്ക്കാണ്. വിണിയില്‍ 20 രൂപയില്‍ താഴെയാണ് സവാളയുടെ വിലയെന്നിരിക്കെ തമിഴ്‌നാട്ടില്‍ നിന്നും വന്‍തോതിലെത്തുന്ന സവാള റോഡരികില്‍ 3 കിലോ 50 രൂപയ്ക്ക് വിറ്റഴിക്കുന്നുണ്ട്.
മൊത്തവ്യാപാര കേന്ദ്രങ്ങളിലേതിനെക്കാള്‍ 20 മുതല്‍ 30 ശതമാനം വരെ അധികമാണ് ചില്ലറക്കടക്കാര്‍ ഈടാക്കുന്നത്. തമിഴ്‌നാട്ടിലെ ഒട്ടന്‍ഛത്രം, പൊള്ളാച്ചി, ഊട്ടി, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലും കര്‍ണ്ണാടകയിലും മൈസൂര്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് കേരളത്തിലേക്ക് പച്ചക്കറികള്‍ എത്തുന്നത്. എന്നാല്‍ തമിഴ്‌നാട്ടിലെ മാര്‍ക്കറ്റില്‍ നിന്നു എടുക്കുന്നതിന്റെ ഇരട്ടിവിലയ്ക്കാണ് ഇവിടെ പച്ചക്കറികള്‍ വിറ്റഴിക്കുന്നത്. തമിഴനാട്ടില്‍ മഴ കുറഞ്ഞതിനാല്‍ ഉല്‍പാദനം കുറഞ്ഞെന്നുമെക്കെ പറഞ്ഞാണ് കേരളത്തിലെ വ്യാപാരികള്‍ വിലക്കയറ്റത്തെ ന്യായീകരിക്കുന്നത്. പച്ചക്കറിക്കൊപ്പം കറിവേപ്പിലക്കും മല്ലിയിലക്കും വില ഉയര്‍ന്നിട്ടുണ്ട്.
ഒരുകിലോ മല്ലിയിലയുടെ വില 160തില്‍ നിന്നും 200 രൂപയും കടന്നപ്പോള്‍ ഇതിന് തമിഴ്‌നാട്ടിലെ വിലയാകട്ടെ 60 രൂപയാണ്. എന്നാല്‍ കര്‍ഷകരില്‍ നിന്നും പച്ചക്കറി നേരിട്ട് വാങ്ങി സംഭരണ കേന്ദ്രങ്ങളില്‍ സൂക്ഷിച്ച് മാര്‍ക്കറ്റുകളിലെത്തിച്ച് അധികലാഭം കൊയ്യുന്ന മാഫിയ രംഗത്തുണ്ട്. ജില്ലയിലെ അതിര്‍ത്തി മേഖലയായ വടകരപ്പതി പഞ്ചായത്തിലെ വേലന്താവളം പച്ചക്കറി മാര്‍ക്കറ്റില്‍ ജനുവരി - ഫെബ്രുവരി മാസങ്ങളില്‍ ധാരാളം തക്കാളിയെത്തിയിരുന്നെങ്കിലും വരള്‍ച്ച കാരണം 2 മാസമായി ഇവിടേക്ക് തക്കാളി വരവ് കുറഞ്ഞിരിക്കുകയാണ്. എന്നാല്‍ തമിഴ്‌നാട്ടില്‍ അടുത്തിടെ ആവശ്യത്തിനു മഴ ലഭിച്ചിട്ടുള്ളതിനാല്‍ വരുംദിവസങ്ങളില്‍ പച്ചക്കറികളുടെ വരവ് കൂടുമെന്നും വിപണിയിലെ വിലക്കയറ്റത്തിന് ആശ്വാസമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ പൊതു ജനങ്ങള്‍ക്ക് വിപണിയില്‍ വിലക്കയറ്റത്തില്‍ നിന്നും ആശ്യാസമാകേണ്ട ഹോര്‍ട്ടികോര്‍പ്പ് മാര്‍ക്കറ്റുകളില്‍ ആവശ്യത്തിന് പച്ചക്കറികളില്ലാത്തതും ജനങ്ങളെ വലയ്ക്കുന്നുണ്ട്. എന്നാല്‍ സൂപ്പര്‍മാര്‍ക്കറ്റുകളിലും വന്‍കിട ഔട്ട് ലറ്റുകളിലും ശീതീകരിച്ച പച്ചക്കറികള്‍ക്ക് ഇതിലും വിലകൂടുമെങ്കിലും ഇവിടെയെത്തുന്ന വന്‍കിടക്കാര്‍ക്ക് ഇതുബാധകമല്ല.
ദൈനംദിനം ജീവിതത്തില്‍ ചെറുകിട സ്ഥാപനങ്ങളെ ആശ്രയിക്കുന്ന സാധാരണക്കാരായ ജനങ്ങള്‍ക്കാണ് വിലക്കയറ്റം സാമ്യമായി ബാധിച്ചിരിക്കുന്നത്. കൃത്രിമ വിലക്കയറ്റം സൃഷ്ടിച്ച് വന്‍തോതില്‍ സംഭരിക്കുന്ന പച്ചക്കറികള്‍ക്ക് വിപണിയില്‍ വില ഉയര്‍ത്തി ഇടനിലക്കാര്‍ ലാഭം കൊയ്യുമ്പോഴും വിലക്കയറ്റം പിടിച്ചുനിര്‍ത്താനോ വില നിയന്ത്രണം ഏര്‍പ്പെടുത്താനോ സര്‍ക്കാരിന് കഴിയാത്തത് ജനജീവിതത്തെ താളം തെറ്റിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."