പരശുരാമ മെമ്മോറിയല്‍ എല്‍.പി.സ്‌കൂളില്‍ തെരുവോരത്ത് പ്രതീകാത്മക പ്രവേശനോത്സവം
എരുമപ്പെട്ടി: ഹൈക്കോടതി ഉത്തരവ് പ്രകാരം അടച്ചുപൂട്ടിയ വേലൂര്‍ കിരാലൂര്‍ പരശുരാമ മെമ്മോറിയല്‍ എല്‍.പി.സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കായി തെരുവോരത്ത് പ്രതീകാത്മക പ്രവേശനോത്സവം നടത്തി. അധ്യയനം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മെയ് 30ന് സ്‌കൂള്‍ സംരക്ഷണ സമിതിയുടേയും നാട്ടുകാരുടേയും എതിര്‍പ്പുകളും പ്രതിഷേധങ്ങളും മറികടന്ന് പൊലിസ് സുരക്ഷയില്‍ എ.ഇ.ഒ. അംബികവല്ലിയുടെ നേത്യത്വത്തില്‍ സ്‌കൂള്‍ അടച്ചുപൂട്ടിയിരുന്നു.
തുടര്‍ന്നാണ് സ്‌കൂള്‍ തുറക്കുന്ന ദിവസത്തില്‍ നാട്ടുകാരും സംരക്ഷണ സമിതി അംഗങ്ങളും വിദ്യാര്‍ഥികളേയും രക്ഷിതാക്കളേയും ഉള്‍പ്പെടുത്തി സ്‌കൂളിനു മുന്നില്‍ പാതയോരത്ത് പന്തല്‍കെട്ടി പ്രവേശനോത്സവം സംഘടിപ്പിച്ചത്. ബലൂണുകളും,തോരണങ്ങളും,മധുര പലഹാരങ്ങളുമായാണ് നാട്ടുകാരും സ്‌കൂള്‍സംരക്ഷണ സമിതിയും ചേര്‍ന്ന് വിദ്യാര്‍ഥികളെ തെരുവോരത്തെ പന്തലിലേക്ക് സ്വീകരിച്ചത്.
തെരുവോര പ്രവേശനോത്സവം സ്‌കൂളിന്റെ മുന്‍ മാനേജരും പ്രശസ്ത സാഹിത്യകാരനുമായ മാടമ്പില്‍ കുഞ്ഞുകുട്ടന്‍ ഉദ്ഘാടനം ചെയ്തു.തന്നെ വഞ്ചിച്ചാണ് ഇപ്പോഴത്തെ മാനേജര്‍ സ്‌കൂള്‍ വില്‍ക്കാനുള്ള തന്ത്രം മെനഞ്ഞതെന്നും സ്‌കൂളിനെ 12-ാം ക്ലാാ് വരെ ഉയര്‍ത്താമെന്ന് വാഗ്ധാനം നല്‍കിയാണ് ഇയാള്‍ സ്‌കൂള്‍ കൈക്കലാക്കിയതെന്നും മാടമ്പില്‍ കുഞ്ഞുകുട്ടന്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ചടങ്ങില്‍ സ്‌കൂള്‍ സംരക്ഷണ സമിതി അംഗവും വാര്‍ഡ് മെമ്പറുമായ അരുന്ധതി സുരേഷ് അധ്യക്ഷനായി. സൂര്യന്‍ ശര്‍മ്മന്‍,മോഹന്‍ദാസ് പാറപ്പുറത്ത്,ഹരിക്യഷ്ണന്‍ മാസ്റ്റര്‍,പ്രധാന അധ്യാപിക ഇന്ദുലേഖ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."