ആക്രമണം കൈമുതലാക്കി ഗോവ; ജെജെയുടെ ചിറകിലേറി ചെന്നൈയിന്‍
കൊച്ചി: ആക്രമണ ഫുട്‌ബോള്‍ കളിച്ചാണ് എഫ്.സി ഗോവ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ സെമി ഫൈനല്‍ പോരാട്ടത്തിന് യോഗ്യത നേടിയത്. സെര്‍ജിയോ ലൊബേറയ്ക്ക് കീഴില്‍ കളിക്കുന്ന എഫ്.സി ഗോവ തന്നെയാണ് നാലാം പതിപ്പിലെ ആക്രമണത്തില്‍ മികച്ച ടീം. ഇതുവരെയുള്ള ഓരോ കളിയിലും അവരുടെ ശരാശരി ഗോള്‍ വേട്ട 2.33 ആയിരുന്നു. ആദ്യത്തെ ഒന്‍പത് മത്സരങ്ങളില്‍ എഫ്.സി ഗോവ നേടിയത് 22 ഗോളുകളാണ്. കുതിപ്പു നടത്തിയ ഗോവ ഇടയ്‌ക്കൊന്ന് പിന്നോക്കം പോയി.
അവസാന മൂന്ന് മത്സരങ്ങളില്‍ വീണ്ടും മികച്ച ഫോമിലേക്ക് തിരിച്ചെത്തിയ ഗോവ 12 ഗോളുകള്‍ നേടി. ഒരെണ്ണം മാത്രമാണ് തിരിച്ചു വാങ്ങിയത്. ടീമിന്റെ ഈ നേട്ടത്തില്‍ ലാ മാസിയ ടീമിന്റെ മുന്‍ പരിശീലകന്‍ കൂടിയായ ലൊബേറ സംതൃപ്തനാണ്.
'ഈ രീതിയില്‍ ടീമിന് സ്‌കോര്‍ ചെയ്യാന്‍ കഴിയുന്നു എന്ന് കാണിക്കുന്നത് ഞങ്ങളുടെ ഫുട്‌ബോളിലെ രീതിയാണ്. എനിക്ക് വേണ്ടത് ഒരു ആക്രമണ ഫുട്‌ബോള്‍ ആണെന്ന് ഞാന്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു. അത് അവര്‍ കൃത്യമായി നടപ്പാക്കി. ടീം ഗോളടിക്കാന്‍ പ്രാപ്തരാണെന്നാണ് ഇത് തെളിയിക്കുന്നത്. ടീമിന്റെ മുന്നേറ്റ നിരയിലെ പ്രമുഖരായ ഫെറാന്‍ കൊറോമിനസ്, മാന്വല്‍ ലാന്‍സറോട്ടെ എന്നിവരുടെ മികവിലാണ് ഈ നേട്ടമെന്ന് ചിലരെങ്കിലും സംശയിച്ചേക്കാം. ഇരുവരും ചേര്‍ന്നാണ് ടീമിന്റെ 30 ഗോളുകളും പങ്കുവെച്ചത്. എന്നാല്‍ ഇവര്‍ മാത്രമല്ല ടീമിന്റെ ശക്തി. വെറും രണ്ട് കളിക്കാര്‍ക്ക് മാത്രം ഒരു ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ കഴിയില്ല. എല്ലാവരുടേയും ശ്രമത്തിന്റെ ഫലമാണിത്. ചിലരുടെ പേരുകള്‍ ഇതില്‍ വരുന്നില്ല എന്നേയുള്ളൂ.' ലൊബേറ പറഞ്ഞു.
ബാഴ്‌സലോണയുടെ ഫിലോസഫിയാണ് ഇവിടെയും പരിശീലകന്‍ സ്വീകരിച്ചത്. അറ്റാക്കിങ് ഫുട്‌ബോള്‍. അത് മാത്രമല്ല മധ്യനിരയില്‍ പന്ത് നിയന്ത്രിക്കുക എന്നതും പ്രധാനം തന്നെ. ഒരോ മത്സരത്തിലും കൂടുതല്‍ പാസ് നല്‍കിയ ടീം, കൂടുതല്‍ ഷോട്ടെടുത്ത ടീം, ഏറ്റവും കൂടുതല്‍ പന്ത് തൊട്ട ടീം എന്ന പദവിയൊക്കെ എഫ്.സി ഗോവയ്ക്ക് അവകാശപ്പെട്ടതാണ്. 'കളിക്കുന്നത് മികച്ച ഫുട്‌ബോള്‍ ആയിരിക്കണം. ഫലം മാത്രമല്ല പ്രശ്‌നം. കാണികള്‍ രസിക്കണം. കാണികള്‍ മടങ്ങുമ്പോള്‍ അവര്‍ക്ക് നല്ല ഫുട്‌ബോള്‍ മത്സരം കണ്ട സന്തോഷം ഉണ്ടാകണം. അത് ലീഗിനും ഗുണം ചെയ്യും. നല്ല ഫുട്‌ബോള്‍ മത്സരം എല്ലാവര്‍ക്കും നല്ലതാണ്.' ലൊബേറ പറയുന്നു. ആക്രമണം മികച്ചതാകുമ്പോള്‍ ഗോളുകള്‍ വാങ്ങുന്നതിന്റെ എണ്ണവും കൂടും. ഇത്തവണ ഗോവ വാങ്ങിയത് 28 ഗോളുകളാണ്.
ലീഗിലെ മികച്ച ആറ് ടീമുകളില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ വാങ്ങിയതും ഗോവ തന്നെ. എന്നാല്‍ ഗോള്‍ വാങ്ങിയെങ്കിലും നല്ല ഫുട്‌ബോള്‍ കാഴ്ചവച്ചു എന്നതില്‍ ടീം തൃപ്തരാണ്. അതാണ് മറ്റുള്ളവരില്‍ നിന്ന് എഫ്.സി ഗോവയെ വ്യത്യസ്തരാക്കുന്നതും.
ഐ.എസ്.എല്‍ നാലാം പതിപ്പില്‍ മികച്ച തിരിച്ചുവരവ് നടത്തിയ ടീമാണ് ചെന്നൈയിന്‍ എഫ്.സി. മൂന്നാം പതിപ്പില്‍ താഴേക്ക് പോയ ടീം ഉയര്‍ത്തെഴുന്നേറ്റ് പ്ലേ ഓഫിലേക്ക് എത്തി. മുന്‍ ചാംപ്യന്മാരായ ചെന്നൈയിന്‍ തങ്ങളുടെ വിജയങ്ങള്‍ക്ക് ഏറെ ആശ്രയിക്കുന്നത് മുന്നേറ്റ നിരയിലെ പ്രധാനി ജെജെ ലാല്‍പെഖുലയെ തന്നെ. എന്നാല്‍ ഇപ്പോള്‍ ജെജെ അത്ര ഫോമിലല്ല. അത് ചെന്നൈയിനെ ഭയപ്പെടുത്തുന്നുണ്ട്. ഏറെ വിശ്വസിക്കാന്‍ കഴിയുന്ന ചെന്നൈയിന്റെ ഏക ഇന്ത്യന്‍ സ്‌ട്രൈക്കറുടെ ഇത്തവണത്തെ പ്രകടനം സമ്മിശ്രമായിരുന്നു.
ആദ്യത്തെ മൂന്ന് മത്സരങ്ങളിലും ജെജെയ്ക്ക് ഗോള്‍ നേടാന്‍ കഴിഞ്ഞില്ല. എന്നാല്‍ അടുത്ത ഒന്‍പത് മത്സരങ്ങളില്‍ നിന്ന് ഏഴ് ഗോളുകള്‍ സ്വന്തമാക്കി. തുടര്‍ന്നുള്ള അഞ്ച് മത്സരങ്ങളിലും ഗോള്‍ പിറന്നില്ല. ഒരു പെനാല്‍റ്റി പാഴാക്കി. പ്ലേ ഓഫിലേക്ക് എത്തിയ അവസ്ഥയില്‍ ടീമിന് മികച്ച പ്രകടനം പുറത്തെടുത്തേ പറ്റൂ. അവസാന മത്സരത്തിന് മുന്‍പ് തന്നെ ടീം സെമിയില്‍ സ്ഥാനം ഉറപ്പിച്ചതിനാല്‍ അവസാന ലീഗ് മത്സരത്തില്‍ ജെജെയ്ക്ക് അടക്കം ടീമിലെ പ്രധാന ഏഴ് കളിക്കാര്‍ക്ക് വിശ്രമം നല്‍കിയിരുന്നു. ജെജെ എന്ന സ്റ്റാര്‍ സ്‌ട്രൈക്കര്‍ക്ക് നന്നായി കളിക്കാന്‍ കഴിയണമേ എന്ന പ്രാര്‍ഥനയിലാണ് ചെന്നൈ ഫാന്‍സ്. ഈ സീസണില്‍ ചെന്നൈയില്‍ എഫ്.സി മാത്രമാണ് ഒരു ലീഡ് ഇന്ത്യന്‍ സ്‌ട്രൈക്കറുമായി കളിക്കുന്ന ടീം.
'ലീഗ് തുടങ്ങിയപ്പോള്‍ മുതല്‍ എന്റെ മുന്നിലുള്ള വെല്ലുവിളി ഗോളടിക്കുക എന്നതായിരുന്നു. മറ്റ് ടീമുകളിലെല്ലാം വിദേശ സ്‌ട്രൈക്കര്‍മാരായിരുന്നു. അവര്‍ ഗോളടിക്കുന്നുമുണ്ട്.' ജെജെ പറഞ്ഞു. 2014 ല്‍ കളിക്കാന്‍ തുടങ്ങിയത് മുതലേ മിസോറമില്‍ നിന്നുള്ള ജെജെയെ ടീം കൂടുതല്‍ ആശ്രയിച്ചിരുന്നു. ഓരോ വര്‍ഷം പിന്നിടുമ്പോഴും മികച്ച ഫോമിലേക്ക് ഉയര്‍ന്നു.
ഇന്ത്യന്‍ ടീമിലെ ആദ്യ പേരായി ജെജെ മാറി. കഴിഞ്ഞ മൂന്ന് സീസണുകളിലും ചെന്നൈയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ ഇന്ത്യന്‍ താരം ജെജെയാണ്. മറ്റുള്ളവര്‍ക്ക് ഗോളടിക്കാന്‍ പാകത്തില്‍ പന്തെത്തിക്കുന്നതിലായിരുന്നു ജെജെയുടെ മിടുക്ക്. ഇന്ത്യന്‍ ടീമില്‍ സുനില്‍ ചേത്രിക്ക് ഗോളവസരങ്ങള്‍ ഉണ്ടാക്കി നല്‍കുന്നതിലും നല്ല പങ്ക് ജെജെയുടേതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."