അനായാസം ഇന്ത്യ
കൊളംബോ: ആദ്യ മത്സരത്തില്‍ ശ്രീലങ്കയോടേറ്റ തോല്‍വി മറന്ന് ഇന്ത്യ വിജയ വഴിയില്‍. നിദാഹസ് ട്രോഫി ത്രിരാഷ്ട്ര ടി20 ടൂര്‍ണമെന്റിലെ രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശിനെതിരേ ഇന്ത്യക്ക് വിജയം. ആറ് വിക്കറ്റിനാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സെടുത്തു. ഇന്ത്യ 18.4 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സെടുത്ത് വിജയം സ്വന്തമാക്കി.
അനായാസ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്ക് 40 റണ്‍സ് ചേര്‍ക്കുന്നതിനിടെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. 17 റണ്‍സുമായി രോഹിത് ശര്‍മയും ഏഴ് റണ്‍സുമായി റിഷഭ് പന്തുമാണ് കൂടാരം കയറിയത്. എന്നാല്‍ ഒരറ്റത്ത് ഉറച്ച് നിന്ന ശിഖര്‍ ധവാന് കൂട്ടായി റെയ്‌ന എത്തിയതോടെ ഇന്ത്യ ട്രാക്കിലായി. ഇരുവരും ചേര്‍ന്ന് ഇന്ത്യയെ കൂടുതല്‍ നഷ്ടമില്ലാതെ വിജയത്തിലെത്തിക്കുമെന്ന പ്രതീക്ഷ ഉണര്‍ത്തി.
എന്നാല്‍ സ്‌കോര്‍ 108ല്‍ നില്‍ക്കേ റെയ്‌ന 27 പന്തില്‍ 28 റണ്‍സുമായി മടങ്ങി. 123ല്‍ എത്തിയപ്പോള്‍ ധവാനും മടങ്ങി. താരം 43 പന്തുകള്‍ നേരിട്ട് അഞ്ച് ഫോറും രണ്ട് സിക്‌സും സഹിതം 55 റണ്‍സുമായി ഇന്ത്യന്‍ വിജയത്തിന് ശക്തമായ അടിത്തറയിട്ടു. പിന്നീട് മനീഷ് പാണ്ഡെ (19 പന്തില്‍ പുറത്താകാതെ 27), ദിനേഷ് കാര്‍ത്തിക് (പുറത്താകാതെ രണ്ട്) എന്നിവര്‍ ഇന്ത്യയെ സുരക്ഷിതമായി വിജയ തീരത്തെത്തിച്ചു.
നേരത്തെ ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ തീരുമാനം ശരിവച്ച് ഇന്ത്യന്‍ ബൗളര്‍മാര്‍ കൃത്യതയില്‍ പന്തെറിഞ്ഞതോടെ ബംഗ്ലാദേശ് ബാറ്റ്‌സ്മാന്‍മാര്‍ റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടി.
കൃത്യമായ ഇടവേളയില്‍ അവര്‍ക്ക് വിക്കറ്റുകള്‍ നഷ്ടമായി. മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ജയദേവ് ഉനദ്കടും രണ്ട് വിക്കറ്റുകള്‍ പിഴുത് വിജയ് ശങ്കറും ഇന്ത്യന്‍ ബൗളര്‍മാരില്‍ തിളങ്ങി. 34 റണ്‍സെടുത്ത ലിറ്റന്‍ ദാസാണ് ബംഗ്ലാ നിരയിലെ ടോപ് സ്‌കോറര്‍. മധ്യനിരയില്‍ സബ്ബിര്‍ റഹ്മാന്‍ 30 റണ്‍സെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."