പ്ലസ്ടു പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ അലക്ഷ്യമായി പ്ലാറ്റ്ഫോമില്‍
കാഞ്ഞങ്ങാട്: കഴിഞ്ഞ ദിവസത്തെ പ്ലസ് ടു പരീക്ഷയുടെ ഉത്തരക്കടലാസുകളാണിത്. ഒരു സുരക്ഷാ ക്രമീകരണവുമില്ലാതെ അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുകയാണിവ. കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിലാണിത് കണ്ടെത്തിയത്. നൂറുക്കണക്കിന് വിദ്യാര്‍ഥികള്‍ ഊണും ഉറക്കവുമില്ലാതെ പഠിച്ചെഴുതിയ, അവരുടെ പ്രതീക്ഷകളും സ്വപ്നങ്ങളും അക്ഷരങ്ങളായി മാറിയ ഉത്തര കടലാസുകള്‍. കുറെയെണ്ണം ചാക്കിനകത്താണെങ്കില് അധികവും പ്ലാറ്റ്ഫോമില്‍ അലക്ഷ്യമായിട്ടിരിക്കുന്നു. സൂക്ഷ്മതയോടെയും സുരക്ഷിതമായും കൈകാര്യം ചെയ്യേണ്ട ഇവ ഇത്ര ലാഘവത്തോടെ വലിച്ചെറിഞ്ഞത് കണ്ട് പൊതുജനങ്ങളും അന്തം വിട്ടു നിന്നു.
വിവിധ പരീക്ഷാ സെന്ററുകളില്‍ നിന്ന് മൂല്യ നിര്‍ണയ ക്യാംപുകളിലേക്ക് അയച്ചതായിരിക്കാം ഇതെന്ന് കരുതുന്നു. തപാല്‍ ഓഫിസുകളില്‍ നിന്ന് റെയില്‍വേ വഴിയാണത്രേ ഇതയക്കുന്നത്. അതിനാല്‍ തങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഉത്തരവാദിത്വമില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചത്. തപാല്‍ വകുപ്പാണ് ഇതിനുത്തരവാദികളെന്നും അവര്‍ പറയുന്നു. ഇത്രയൊക്കെ ചെലവിലും സുരക്ഷാ ക്രമീകരണങ്ങളും പാലിച്ചു നടത്തുന്ന ഒരു പരീക്ഷയുടെ കാര്യത്തില്‍ ഇത്തരം അലംഭാവം എങ്ങനെയുണ്ടായി എന്ന ചോദ്യവും ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."