സുഗതന്റെ കുടുംബത്തിന് വര്‍ക്ഷോപ്പ് തുടങ്ങാന്‍ പഞ്ചായത്തിന്റെ അനുമതി
കൊല്ലം: ആത്മഹത്യചെയ്ത സുഗതന്റെ കുടുംബത്തിന് വര്‍ക്ഷോപ്പ് തുടങ്ങാന്‍ സി.പി.ഐ അംഗങ്ങളുടെ എതിര്‍പ്പ് മറികടന്ന് പഞ്ചായത്ത് അനുമതി നല്കി. എല്‍.ഡി.എഫ് ഭരിക്കുന്ന പുനലൂര്‍ വിളക്കുടി പഞ്ചായത്തില്‍ സി.പി.എം, കോണ്‍ഗ്രസ് അംഗങ്ങളുടെ പിന്തുണയോടെയാണു തീരുമാനം അംഗീകരിച്ചത്. നാലു സി.പി.ഐ അംഗങ്ങള്‍ തീരുമാനത്തെ എതിര്‍ക്കുകയായിരുന്നു.
ഇന്നലെ ചേര്‍ന്ന പഞ്ചായത്ത് ഭരണ സമിതി യോഗത്തില്‍ സി.പി.എമ്മുകാരനായ പ്രസിഡന്റ് സി.വിജയനാണ് താല്‍ക്കാലിക ഷെഡിനു നോ ഒബ്ജക്ഷന് സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന നിര്‍ദേശം വച്ചത്. സി.പി.ഐ എതിര്‍ത്തെങ്കിലും പ്രതിപക്ഷമായ യു.ഡി.എഫ് അനുകൂലിച്ചതോടെ തീരുമാനം പാസായി. തര്‍ക്കത്തിലുള്ള സ്ഥലം ഡേറ്റാബാങ്കില്‍ ഉള്ളതാണോയെന്നു പരിശോധിച്ചു തുടര്‍ നടപടികളിലേക്കു കടക്കാനും തീരുമാനമായി.
വര്‍ക്ഷോപ്പ് തുടങ്ങാനിരുന്ന പ്രദേശത്ത് എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ കൊടികുത്തിയതില്‍ മനംനൊന്താണ് പ്രവാസിയായ സുഗതന് ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ അറസ്റ്റിലായ മൂന്നു പാര്‍ട്ടിപ്രവര്‍ത്തകര്‍ റിമാന്‍ഡിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."