ശുഹൈബിന്റെ ജീവിത പരാജയം സുധാകരന്റെ ശിഷ്യനായതിനാലെന്ന് കാന്തപുരം വിഭാഗം വാരിക
കണ്ണൂര്‍: ശുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരനെ രൂക്ഷമായി വിമര്‍ശിച്ച് കാന്തപുരം വിഭാഗത്തിന്റെ പ്രസിദ്ധീകരണം. എടയന്നൂരില്‍ കൊല്ലപ്പെട്ട ശുഹൈബിന്റെ ഏറ്റവും വലിയ ജീവിത പരാജയം കെ. സുധാകരന്റെ ശിഷ്യനായിപ്പോയി എന്നതാണെന്ന് ആരോപിക്കുന്ന 'രിസാല വാരിക' സുധാകരന്‍ ശുഹൈബിനെ കൊലക്കു കൊടുക്കുകയായിരുന്നുവെന്നും കുറ്റപ്പെടുത്തുന്നുണ്ട്.
ശുഹൈബിന്റെ ചോരക്കുത്തരം പറയേണ്ടത് സി.പി.എം മാത്രമല്ലെന്ന കവര്‍ സ്‌റ്റോറിയിലാണ് വിമര്‍ശനമുള്ളത്. ശുഹൈബുമാരുടെ അകാല വിയോഗങ്ങള്‍ യുവാക്കള്‍ക്ക് ഒരു പാഠം നല്‍കുന്നുണ്ട്. രാഷ്ട്രീയഗുരുവിനെ തെരഞ്ഞെടുക്കുമ്പോള്‍ നൂറുവട്ടം ആലോചിക്കേണ്ടതാണെന്നും ലേഖനത്തില്‍ പറയുന്നു.
പല കേസുകളിലും ഈ ചെറുപ്പക്കാരനെ പ്രതിയാക്കിയതും അക്രമത്തിന്റെ വഴിയിലേക്ക് തള്ളിവിട്ടതും സുധാകരനെ പോലെ രാഷ്ട്രീയ ദുര്‍ഗുണങ്ങള്‍ നിറഞ്ഞ നേതാവിന്റെ സാമീപ്യമാണ്. അനുയായികളെ കൊണ്ട് ചുടുചോറു മാന്തിക്കുന്ന വിടുവായത്തത്തിലൂടെ യുവരക്തം തിളപ്പിക്കുന്ന രീതി ശാസ്ത്രമാണ് സുധാകരന്റേത്. കമ്മ്യൂണിസ്റ്റുകാരോട് ഏറ്റുമുട്ടുന്നത് തന്റെ ജീവിത നിയോഗമാണെന്ന് സ്വയം തീരുമാനിച്ചുറപ്പിച്ചിരിക്കുകയാണദ്ദേഹം. ആ ചെളി പുരണ്ട വഴിയില്‍ ശുഹൈബിന് രക്തസാക്ഷിത്വം വഹിക്കേണ്ടി വരുമ്പോള്‍ എല്ലാ പ്രാര്‍ഥനകള്‍ക്കുമപ്പുറം ഒടുങ്ങാത്ത ഹൃദയവേദന നിറഞ്ഞൊഴുകുകയാണെന്നും ലേഖനത്തില്‍ പറയുന്നു.
സുന്നി കാന്തപുരം വിഭാഗത്തിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന ശുഹൈബിന്റെ കൊലയെ തുടര്‍ന്നുള്ള പ്രതിഷേധത്തില്‍ സി.പി.എമ്മിനെ കുറ്റപ്പെടുത്താതെയുള്ള കാന്തപുരം വിഭാഗം നേതാക്കളുടെ നിലപാടുകള്‍ നേരത്തെ രൂക്ഷമായ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. വിമര്‍ശനം രൂക്ഷമായതോടെ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ടതിനു ശേഷമാണ് കൊലയെ മുഖ്യമന്ത്രി അപലപിച്ചത്. അതും സംഭവം നടന്ന് ആറു ദിവസത്തിന് ശേഷമായിരുന്നു. ഒരു സജീവ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിട്ടും പ്രതിസ്ഥാനത്തു നില്‍ക്കുന്ന സി.പി.എമ്മിനെ വിമര്‍ശിക്കാന്‍ തയാറാകാത്ത നേതൃത്വത്തിനെതിരേ സംഘടനക്കുള്ളില്‍ പ്രതിഷേധം നിലനില്‍ക്കെയാണ് കൊല സംബന്ധിച്ചുള്ള പുതിയ വിശദീകരണവുമായി ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്നതും.
പേരാവൂര്‍ പഞ്ചായത്ത് ടൗണ്‍വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ശുഹൈബ് വധം ഉപയോഗിച്ച് വോട്ട് തേടുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് 'മര്‍ഹും ശുഹൈബിന്റെ മയ്യിത്ത്‌കൊണ്ട് വോട്ട് തേടുന്നവരോട് ഒരു നിമിഷം! ലീഗിന്റെ കൈകളിലെ ചോരപ്പാടുകള്‍...' എന്ന പേരില്‍ നോട്ടിസ് ഇറക്കിയിരുന്നു. ഡോ. മുഹമ്മദ് അബ്ദുറഹിമാന്‍ ന്യൂനപക്ഷ സംസ്‌കാരിക വേദി എന്ന പേരിലായിരുന്നു നോട്ടിസ്. കണ്ണൂര്‍ കൊലപാതകവുമായി ബന്ധപ്പെട്ട് സി.പി.എമ്മിനെ രക്ഷപ്പെടുത്താന്‍ കാന്തപുരം വിഭാഗം നടത്തുന്ന നീക്കം ഗൗരവത്തോടെയാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ കാണുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."