ചെമ്പരിക്ക ഖാസിയുടെ കൊലപാതകം: അന്വേഷണ റിപ്പോര്‍ട്ട് രണ്ടുമാസത്തിനകം: സി.ബി.ഐ
കൊച്ചി: സമസ്ത സീനിയര്‍ വൈസ്പ്രസിഡന്റായിരുന്ന ചെമ്പരിക്ക ഖാസി സി.എം അബ്ദുല്ല മൗലവിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള തുടരന്വേഷണ റിപ്പോര്‍ട്ട് രണ്ടുമാസത്തിനകം സമര്‍പ്പിക്കാമെന്ന് സി.ബി.ഐ. ഇന്നലെ കേസ് പരിഗണിച്ച എറണാകുളം സി.ജെ.എം കോടതിയിലാണ് സി.ബി.ഐ അഭിഭാഷകന്‍ രണ്ടുമാസത്തിനുള്ളില്‍ തുടരന്വേഷണം അവസാനിപ്പിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാമെന്നറിയിച്ചത്.
ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം മൗലവി കേസില്‍ തുടരന്വേഷണം ആരംഭിച്ചുകഴിഞ്ഞെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. ഇതേതുടര്‍ന്ന് കേസ് മേയ് 25 ലേക്ക് മാറ്റി. മേയ് 25ന് കേസ് പരിഗണിക്കുന്നതിനുമുമ്പ് തന്നെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് സൂചന. അതേസമയം, കേസുമായി ബന്ധപ്പെട്ട് ഓട്ടോ ഡ്രൈവര്‍ പി.എ അശ്‌റഫ് നടത്തിയ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് അന്വേഷണം പുരോഗമിക്കുന്നതായാണ് സി.ബി.ഐ നല്‍കുന്ന സൂചന. അശ്‌റഫിനെ സി.ബി.ഐയുടെ കൊച്ചി ഓഫിസില്‍ വിളിച്ചുവരുത്തി രണ്ടര മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.
മൗലവിയുടെ കൊലപാതകം സംബന്ധിച്ച് തനിക്കറിയാവുന്ന വിവരങ്ങള്‍ 13 പേജുകളിലായി എഴുതിയും അശ്‌റഫ് നല്‍കിയിട്ടുണ്ട്. മൗലവി മരണപ്പെടുന്നതിന് തലേദിവസം രണ്ടുപേരെ തന്റെ ഓട്ടോയില്‍ മൗലവിയുടെ വീട്ടില്‍ എത്തിച്ചിരുന്നെന്നും ഇവരെ അതിനുമുമ്പും പല തവണ മൗലവിയുടെ വീട്ടില്‍ എത്തിച്ചിട്ടുണ്ടെന്നും ഇവര്‍ക്ക് മൗലവിയുടെ കൊലപാതകവുമായി ബന്ധമുണ്ടെന്നും അശ്‌റഫ് വെളിപ്പെടുത്തിയിരുന്നു. 2017 ജനുവരി 23ന് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി സി.ബി.ഐ കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
എന്നാല്‍ ഈ റിപ്പോര്‍ട്ട് സ്വീകരിക്കരുതെന്നും കേസില്‍ പുനരന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് മൗലവിയുടെ മകന്‍ നല്‍കിയ ഹരജിയും കോടതിയുടെ പരിഗണനയിലിരിക്കെയാണ് അശ്‌റഫിന്റെ നിര്‍ണായക വെളിപ്പെടുത്തലുണ്ടായത്. തുടര്‍ന്ന് സമസ്ത പി.ആര്‍.ഒ അഡ്വ. മുഹമ്മദ് ത്വയ്യിബ് ഹുദവി തുടരന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."