ജഡ്ജിമാര്‍ക്കെതിരേ ജേക്കബ് തോമസിന്റെ പരാതി
തിരുവനന്തപുരം: ഹൈക്കോടതിയിലെ രണ്ടു ജഡ്ജിമാര്‍ക്കെതിരേയും ലോകായുക്തക്കെതിരേയും ജേക്കബ് തോമസ് ചീഫ് ജസ്റ്റിസിനും കേന്ദ്ര വിജിലന്‍സ് കമ്മിഷണര്‍ക്കും പരാതി നല്‍കി. ചീഫ് സെക്രട്ടറി പോള്‍ ആന്റണി വഴി കഴിഞ്ഞ 26നാണ് പരാതി നല്‍കിയത്. ജഡ്ജിമാരായ പി. ഉബൈദ്, എബ്രഹാം മാത്യു, ലോകായുക്ത പയസ് കുര്യാക്കോസ് എന്നിവര്‍ക്കെതിരേയാണ് പരാതി. മൂന്നു പേജുകളിലായി രേഖകള്‍ സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്.
ജസ്റ്റിസ് പി. ഉബൈദ്, ജസ്റ്റിസ് എബ്രഹാം മാത്യു എന്നിവര്‍ക്കു മുമ്പാകെ ഹൈക്കോടതിയില്‍ എത്തിയ, ഉന്നതര്‍ ഉള്‍പ്പെട്ട കേസുകളുടെ വാദങ്ങള്‍ അട്ടിമറിച്ചുവെന്നും അതിനാല്‍ 2017-2018 കാലത്ത് വിജിലന്‍സ് അന്വേഷിച്ചിരുന്ന കേസുകള്‍ വിജിലന്‍സ് കമ്മിഷന്‍ പുനരന്വേഷിക്കണമെന്നും ജേക്കബ് തോമസ് പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്.
സര്‍ക്കാര്‍ തന്നെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്നു മാറ്റിയതിനു ശേഷം കോടതിയില്‍ നിന്നുള്ള എല്ലാ വിധികളിലും തന്നെ നിശിതമായി വിമര്‍ശിക്കുന്നു. ഏഴു വിധികളിലൂടെയാണ് തന്നെ പൊതുജന മധ്യത്തില്‍ ജഡ്ജിമാര്‍ അവഹേളിച്ചതെന്നും അദ്ദേഹം പരാതിയില്‍ പറഞ്ഞു. മുന്‍മന്ത്രി ഇ.പി ജയരാജന്‍ കേസില്‍ രണ്ടു തവണയും, പാറ്റൂര്‍ കേസിലും, അനൂപ് ജേക്കബിനെതിരായ കേസിലും, കെ.എം മാണിക്കെതിരായുള്ള ബാറ്ററി കേസിലും, കണ്ണൂര്‍ യൂത്ത് ഫെസ്റ്റിവല്‍ കേസിലും ആണ് ആരോപണങ്ങള്‍ ഉയര്‍ന്നതെന്നും പരാതിയില്‍ അദ്ദേഹം ആരോപിച്ചു.
കോടതി നിലപാടുകള്‍ മാനസികമായി തളര്‍ത്താനും നിശബ്ദനാക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ്. നിയമോപദേശം അനുസരിച്ച് ചുരുങ്ങിയ കാലത്തിനിടെ ജസ്റ്റിസ് ഉബൈദ് എനിക്കെതിരേ പ്രസ്താവിച്ച വിധികള്‍ക്കെല്ലാം പൊതുസ്വഭാവം ഉള്ളതായി മനസിലാക്കുന്നു. ഉന്നത വ്യക്തികള്‍ ഉള്‍പ്പെടുന്ന അഴിമതി കേസുകള്‍ അന്വേഷിക്കുന്ന ഉദ്യോഗസ്ഥരുടെ ആത്മവീര്യം കെടുത്തുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്ന അനേകം വിധികള്‍ ജസ്റ്റിസ് ഉബൈദിന്റെ ബെഞ്ചില്‍നിന്ന് വന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. വിജിലന്‍സ് കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ പോലും അപകീര്‍ത്തികരമായ പ്രസ്താവനകള്‍ ജസ്റ്റിസ് ഉബൈദ് നടത്തിയെന്നും ജേക്കബ് തോമസ് നല്‍കിയ പരാതിയില്‍ പറയുന്നു.
സര്‍ക്കാര്‍ പ്രോസിക്യൂട്ടര്‍മാരുടെ അലംഭാവവും അജ്ഞതയും ഉന്നതര്‍ ഉള്‍പ്പെടുന്ന കേസുകളുടെ വാദത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുന്നതിനായി സര്‍ക്കാര്‍ നിയമിച്ചിട്ടുള്ള അനുഭവസമ്പത്തുള്ള അഞ്ച് അഭിഭാഷകരടങ്ങുന്ന നിയമോപദേശ സംഘത്തിന്റെ അഭിപ്രായവും ഇത് തന്നെയാണ്.
നിയമോപദേശത്തിന്റെ കോപ്പിയും പരാതിക്കൊപ്പം അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്. പാറ്റൂര്‍ കേസ് അസാധുവാക്കിക്കൊണ്ട് രണ്ട് ഘട്ടങ്ങളിലായി ജസ്റ്റിസ് ഉബൈദും പിന്നീട് ജസ്റ്റിസ് എബ്രഹാം മാത്യുവും ഉത്തരവുകള്‍ പുറപ്പെടുവിച്ചപ്പോള്‍ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ക്ഷന്‍ ബ്യൂറോ അന്വേഷിച്ചിരുന്ന ആ കേസില്‍ തന്റെ ഭാഗം ശരിയായി വാദിക്കാന്‍ നിയമ സഹായം നല്‍കിയിട്ടില്ലെന്നും പരാതിയിലുണ്ട്. ഔദ്യോഗിക ജീവിതത്തിലുടനീളം അഴിമതിക്കും ദുര്‍ഭരണത്തിനുമെതിരേ ശക്തമായ നിലപാടാണ് കൈക്കൊണ്ടത്. എന്റെ ജീവന് പോലും ഭീഷണി ഉയര്‍ന്നിട്ടുണ്ട്. അതിനാലാണ് വിസില്‍ ബ്ലോവര്‍ നിയമത്തിന്റെ പരിരക്ഷ ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനെയും കേരള ഹൈക്കോടതിയെയും സമീപിച്ചതെന്നും ജേക്കബ് തോമസ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."