സുധാകരന് ബി.ജെ.പിയിലേക്ക് പോകാന്‍ രഹസ്യനീക്കം നടത്തുന്നു: പി. ജയരാജന്
കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന് ബി.ജെ.പിയിലേക്ക് പോകാനുള്ള രഹസ്യനീക്കം നടത്തുന്നതായി സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്. ഇതു സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കേരളത്തിന് പുറത്ത് അമിത്ഷായുമായി സുധാകരന് ചര്‍ച്ച നടത്തിയിട്ടുണ്ട്. സുധാകരനും ആര്.എസ്.എസും ഇരുമെയ്യാണെങ്കിലും ഒറ്റ മനസാണ്. തനിക്ക് ബി.ജെ.പിയില്‍ പോകണമെന്ന് തോന്നിയാല്‍ പോകും, മറ്റാരെയും ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ല എന്നാണ് അദ്ദേഹം ഒരു സ്വകാര്യ ചാനലില്‍ പറഞ്ഞത്.
ദൂതന്മാര് മുഖേന ബി.ജെ.പി കേന്ദ്രനേതൃത്വം തന്നെ ബന്ധപ്പെട്ടിരുന്നുവെന്ന സുധാകരന്റെ വെളിപ്പെടുത്തല്‍ കോണ്‍ഗ്രസ് നേതൃത്വത്തിനുള്ള മുന്നറിയിപ്പാണെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്ന ആരോപണം ശരിയാണെന്ന് സുധാകരന് തന്നെ സമ്മതിച്ചിരിക്കുകയാണ്. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ ബി.ജെ.പി ലക്ഷ്യമിട്ടിട്ടുണ്ട് എന്ന് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ വാര്‍ത്തകള്‍ വന്നിരുന്നു.
എണ്ണിയാല്‍ ഒടുങ്ങാത്ത കോണ്‍ഗ്രസ് നേതാക്കളാണ് സമീപകാലത്ത് ബി.ജെ.പിയില്‍ ചേര്‍ന്നിട്ടുള്ളത്. കേരളത്തിലെ കോണ്‍ഗ്രസുകാരെ ബി.ജെ.പിയില്‍ ചേര്‍ക്കാനുള്ള ഏജന്‍സി പണിയാണ് സുധാകരന് നിര്‍വഹിച്ചുകൊണ്ടിരിക്കുന്നതെന്നും ജയരാജന് ആരോപിച്ചു.
പത്ത് മാസങ്ങള്‍ക്ക് മുന്‍പ് നടന്ന രഹസ്യ ചര്‍ച്ച അമിത് ഷായുടെ ഓഫിസില്‍ തയാറാക്കിയ പദ്ധതി അനുസരിച്ചാണ്. സ്ട്രാറ്റജിക് പൊളിറ്റിക്കല്‍ ഡവലപ്മെന്റ്സ് ഇന്‍ കേരള (കേരളത്തിലെ രാഷ്ട്രീയ വികസനത്തിനുള്ള തന്ത്രപരമായ പദ്ധതി) എന്നതാണ് അമിത്ഷായുടെ ഓഫിസില്‍ രൂപപ്പെടുത്തിയ പദ്ധതിയുടെ പേര്. ഇതനുസരിച്ചാണ് സി.പി.എമ്മിനെ ഫാസിസ്റ്റ് പാര്‍ട്ടിയായി മുദ്രകുത്തിക്കൊണ്ടുള്ള സുധാകരന്റെ പ്രചാരണമെന്നും ജയരാജന് ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."