ലൈറ്റ് മെട്രോ: പ്രതിപക്ഷം ഡി.എം.ആര്‍.സിക്കൊപ്പം
തിരുവനന്തപുരം: ലൈറ്റ് മെട്രോ പദ്ധതികളില്‍ നിന്ന് മെട്രോമാന്‍ ഇ. ശ്രീധരനെയും ഡി.എം.ആര്‍.സിയെയും ഒഴിവാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരേ നിയമസഭയില്‍ വ്യാപകപ്രതിഷേധം. സര്‍ക്കാര്‍ നീക്കം അഴിമതിക്ക് വഴിയൊരുക്കുന്നതിനാണെന്നും പ്രതിപക്ഷം ആരോപിച്ചു. വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടിസിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. തുടര്‍ന്ന് പ്രതിപക്ഷം വാക്കൗട്ട് നടത്തി.
പ്രതിപക്ഷത്ത് നിന്ന് കെ. മുരളീധരനാണ് അടിയന്തരപ്രമേയാവതരണത്തിന് നോട്ടിസ് നല്‍കിയത്. രാജ്യം മുഴുവന്‍ അംഗീകരിക്കുന്ന ഇ. ശ്രീധരന് നേരില്‍കാണാന്‍പോലും സമയം അനുവദിക്കാത്ത മുഖ്യമന്ത്രിയുടെ നടപടി അദ്ദേഹത്തെ അപമാനിക്കലാണെന്ന് മുരളീധരന്‍ പറഞ്ഞു. ഇ. ശ്രീധരനും ഡി.എം.ആര്‍.സിയും പോയാല്‍ പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ വേറെ ആരുവരുമെന്ന് മുരളീധരന്‍ ചോദിച്ചു.
കൊങ്കണ്‍ റെയില്‍വേയ്ക്കായി 92 തുരങ്കങ്ങള്‍ നിര്‍മിച്ച ശ്രീധരന് തലസ്ഥാനത്ത് 22 കിലോമീറ്റര്‍ നിഷ്പ്രയാസം നിര്‍മിക്കാന്‍ കഴിയും. ലൈറ്റ് മെട്രോ പദ്ധതി നടപ്പായില്ലെങ്കില്‍ കേരളത്തിന് നാണക്കേടാണ്. യു.ഡി.എഫിന്റെ കാലത്ത് പദ്ധതി നടപ്പാക്കാന്‍ പ്രാരംഭ നടപടികള്‍ സ്വീകരിച്ചിരുന്നു. എന്നാല്‍, ഈ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ താല്‍പര്യം കാണിക്കുന്നില്ല. പദ്ധതി നടപ്പായില്ലെങ്കില്‍ കേരളം വികസനത്തിന്റെ ശവപ്പറമ്പായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി അടിയന്തരമായി ഈ വിഷയത്തില്‍ ഇടപെടണം. ഡി.എം.ആര്‍.സിയുടെ സംശയം ദൂരീകരിച്ച് പദ്ധതി ആരംഭിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ശ്രീധരനോട് അനാദരവ് കാട്ടിയിട്ടില്ലെന്നും കേന്ദ്രാനുമതി ലഭിച്ചാല്‍ ലൈറ്റ് മെട്രോ പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി മറുപടി നല്‍കി.
ലൈറ്റ് മെട്രോ പദ്ധതി മുന്നോട്ടുകൊണ്ടുപോകാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. പദ്ധതിയുടെ ഭരണപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാനെടുക്കുന്ന സാവകാശം മാത്രമാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. കേന്ദ്ര അനുമതിയോടുകൂടി മാത്രമേ ലൈറ്റ് മെട്രോ പദ്ധതി നടപ്പിലാക്കാനാകൂ. കേന്ദ്രാനുമതി ലഭിച്ചില്ലെങ്കില്‍ 1278 കോടി രൂപ സര്‍ക്കാരിന്റെ ബാധ്യതയായി മാറും.
സാമ്പത്തിക ബാധ്യത തുടങ്ങിയ കാര്യങ്ങള്‍ വിശദമായി പരിശോധിക്കാന്‍ ഒരു ഉന്നതതല സമിതി സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്. ഇവര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ അടിയന്തരപ്രമേയാവതരണത്തിന് അനുമതി നിഷേധിച്ചു. തുടര്‍ന്ന് യു.ഡി.എഫ് അംഗങ്ങളും ഒ. രാജഗോപാലും സഭയില്‍നിന്ന് ഇറങ്ങിപ്പോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."