നോട്ടം ടെക്‌നോളജിയില്‍ വന്ന മാറ്റം
പല മേഖലകളിലും ടെക്‌നോളജിയില്‍ അതിവേഗം മാറ്റം വരുന്നുണ്ട്. പഴയ തലമുറയ്ക്കു പലപ്പോഴും അതിലേക്കെത്താന്‍ പ്രയാസം അനുഭവപ്പെടുന്നുമുണ്ട്. എന്നാല്‍, ഇത്തിരി പഴയ തലമുറയില്‍ പെട്ടയാളാണെങ്കിലും മന്ത്രി ജി. സുധാകരന്‍ ഈ മാറ്റങ്ങളെയൊക്കെ ഗൗരവത്തോട നിരീക്ഷിച്ചുവരുന്നുണ്ട്.
അത്തരം നിരീക്ഷണത്തിന്റെ ഫലമായാണ് നോട്ടത്തിന്റെ ടെക്‌നോളജിയില്‍ പോലും മാറ്റം വന്നതായി അദ്ദേഹം കണ്ടെത്തിയത്. ഐ.ടി മേഖലയിലെ ജീവനക്കാര്‍ക്ക് ക്ഷേമനിധി രൂപീകരിക്കുന്നതിനായി നിയമസഭയില്‍ പി.ടി തോമസ് കൊണ്ടുവന്ന അനൗദ്യോഗിക ബില്ലിന്‍മേലുള്ള ചര്‍ച്ചയിലാണ് മന്ത്രി തന്റെ കണ്ടെത്തല്‍ വെളിപ്പെടുത്തിയത്. അടുത്തകാലത്ത് ഒരു സിനിമയില്‍ ഒരു കൗമാരപ്രായക്കാരനു നേരെ കൗമാരപ്രായക്കാരി കണ്ണിറുക്കി നോക്കിയത് വാര്‍ത്തയായിരുന്നു. നോട്ടത്തിന്റെ ടെക്‌നോളജിയില്‍ വന്ന മാറ്റം കാരണമാണ് ഇതു വാര്‍ത്തയായത്. എന്നാല്‍, അതത്ര വലിയ കാര്യമൊന്നുമല്ല. പരിശീലിച്ചാല്‍ നമ്മള്‍ മുതിര്‍ന്നവര്‍ക്കും അതു സാധ്യമാകുമെന്ന് സഭാംഗങ്ങളോട് സുധാകരന്‍.
ഐ.ടി മേഖലയില്‍ ജോലിചെയ്യുന്നവര്‍ അനുഭവിക്കുന്ന ഗുരുതരമായ ചൂഷണങ്ങള്‍ വിവരിച്ചുകൊണ്ടാണ് പി.ടി തോമസ് സംസാരിച്ചത്. ഏതു നിമിഷവും പിരിച്ചുവിടപ്പെടാവുന്ന അവസ്ഥയാണ് ആ മേഖലയില്‍. ഒട്ടും തൊഴില്‍ സുരക്ഷിതത്വമില്ല. ജോലിക്കു കൃത്യമായ സമയക്കണക്കൊന്നുമില്ല. ഇതുമൂലമുണ്ടാകുന്ന മാനസിക സമ്മര്‍ദവും കുടുംബകാര്യങ്ങള്‍ ശ്രദ്ധിക്കാനാവാത്ത അവസ്ഥയും കാരണം ഈ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ കുടുംബബന്ധങ്ങള്‍ പോലും ശിഥിലമാകുന്നു. ഈ അവസ്ഥ പരിഹരിക്കാന്‍ നിയമനിര്‍മാണം വേണമെന്ന് തോമസ്. ഇക്കാര്യങ്ങളൊക്കെ ശരിയാണെന്നു സമ്മതിച്ചെങ്കിലും സര്‍ക്കാരിന് ഇതിലുള്ള നിസ്സഹായാവസ്ഥ മന്ത്രി സുധാകരന്‍ വെളിപ്പെടുത്തി. നിയമം മൂലം നിയന്ത്രണങ്ങള്‍ കൊണ്ടുവന്നാല്‍ ഐ.ടി കമ്പനികള്‍ സംസ്ഥാനം വിട്ടുപോകും. പിന്നെ എന്തുചെയ്യുമെന്ന് മന്ത്രിയുടെ ചോദ്യം.
ഐ.ടിയെക്കുറിച്ചു മാത്രം ചര്‍ച്ച നടത്തിയാല്‍ പോരെന്നും കര്‍ഷകരെക്കുറിച്ചും ഓര്‍ക്കണമെന്നും കര്‍ഷക ക്ഷേമ ബോര്‍ഡ് രൂപീകരണത്തിനുള്ള അനൗദ്യോഗിക പ്രമേയത്തിന്‍മേല്‍ നടന്ന തുടര്‍ചര്‍ച്ചയില്‍ പ്രമേയാവതാരകനായ കെ. കൃഷ്ണന്‍കുട്ടി. മൂന്നു നേരം ഭക്ഷണം കഴിക്കുമ്പോഴെങ്കിലും അന്നദാതാവായ കര്‍ഷകനെ ഓര്‍ക്കണം. മറ്റെല്ലാവരുടെയും സേവനങ്ങള്‍ അംഗീകരിക്കുമ്പോഴും കര്‍ഷകരുടെ സേവനത്തെ ആരും അംഗീകരിക്കുന്നില്ലെന്നും കൃഷ്ണന്‍കുട്ടി. പതിനായിരം രൂപയില്‍ കുറഞ്ഞ മാസശമ്പളത്തിനു പോലും ഐ.ടി മേഖലയില്‍ ജോലി ചെയ്യാന്‍ തയാറാകുന്നവര്‍ കൃഷിയിലേക്കു വരാന്‍ മടിക്കുന്നതായി മന്ത്രി വി.എസ് സുനില്‍കുമാര്‍. കൃഷിയില്‍ നിന്ന് അതിനെക്കാളേറെ വരുമാനമുണ്ടാക്കാന്‍ സാധിക്കും. കൃഷി നഷ്ടമാണെന്ന പ്രചാരണം ബോധപൂര്‍വം നടത്തുന്നതാണെന്നും മന്ത്രി.
നിര്‍ധനരായ വിധവകളുടെ ക്ഷേമം സംബന്ധിച്ച അനൗദ്യോഗിക ബില്ലിന്റെ തുടര്‍ചര്‍ച്ചയില്‍ വിധവകള്‍ അനുഭവിക്കുന്ന ഒറ്റപ്പെടലിനെക്കുറിച്ചും പൊലിസ് സ്റ്റേഷനിലും മറ്റും സ്ത്രീകള്‍ നേരിടുന്ന അവഗണനയെക്കുറിച്ചുമൊക്കെയാണ് പ്രമേയാവതാരക യു. പ്രതിഭ ഹരി സംസാരിച്ചത്. ഇതെല്ലാം കേട്ടപ്പോള്‍, പി.എസ്.സി പരീക്ഷകളില്‍ വിധവകളെ പ്രത്യേകം പരിഗണിക്കാന്‍ നിയമം വേണമെന്ന് വി.ടി ബല്‍റാമിന്റെ നിര്‍ദേശം. കൂട്ടത്തില്‍ വിധവാവിവാഹം പ്രോത്സാഹിപ്പിക്കുക കൂടി വേണമെന്നും പല പ്രമുഖ നേതാക്കളും വിധവകളെ വിവാഹം ചെയ്ത് മാതൃക കാട്ടിയിട്ടുണ്ടെന്നും പുരുഷന്‍ കടലുണ്ടി.
തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികളില്‍ നിന്ന് ഡി.എം.ആര്‍.സിക്കും ഇ. ശ്രീധരനും പിന്മാറേണ്ടി വന്ന സാഹചര്യവുമായി ബന്ധപ്പെട്ട് കെ. മുരളീധരന്‍ കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന്‍മേല്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള ശ്രമത്തിലായിരുന്നു പ്രതിപക്ഷം. ഡി.എം.ആര്‍.സി പിന്മാറിയ സാഹചര്യത്തില്‍ ഇനി പദ്ധതി ഏറ്റെടുക്കാന്‍ ആരു വരുമെന്ന് മുരളീധരന്റെ ചോദ്യം. പിണറായി വിജയന്‍ ആയുഷ്‌കാലം മുഴുവന്‍ മുഖ്യമന്ത്രിക്കസേരയിലിരുന്നാലും ഈ പദ്ധതി ഏറ്റെടുത്തു നടപ്പാക്കാന്‍ നമ്മുടെ ഉദ്യോഗസ്ഥര്‍ക്ക് ആവില്ലെന്നും മുരളീധരന്‍. കേന്ദ്രത്തിന്റെ അനുമതി കിട്ടാത്തതുകൊണ്ടാണ്പദ്ധതി വൈകുന്നതെന്ന മുഖ്യമന്ത്രിയുടെ മറുപടിയില്‍ പ്രതിപക്ഷം തൃപ്തരായില്ല.
2018ല്‍ തിരുവനന്തപുരത്തും കോഴിക്കോട്ടും ലൈറ്റ് മെട്രോ ഓടിക്കാനാവുമെന്നു പറഞ്ഞ ഇ. ശ്രീധരനെ ഓടിക്കുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഡി.എം.ആര്‍.സിയെ ഒഴിവാക്കി ആഗോള ടെന്‍ഡര്‍ വിളിക്കാനുള്ള നീക്കത്തില്‍ അഴിമതി ലക്ഷ്യമുണ്ട്. കൊല്‍ക്കത്ത മെട്രോയുടെ രണ്ടാം ഘട്ടം പൂര്‍ത്തിയാക്കാന്‍ ഇതുപോലെ ശ്രീധരനെ അന്നത്തെ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യ അനുവദിച്ചില്ല. ബുദ്ധദേബിന്റെ ഗതി പിണറായിക്കു വരാതിരിക്കട്ടയെന്നും ചെന്നിത്തല. ലോകമെങ്ങും അറിയപ്പെടുന്ന മെട്രോമാനായ ശ്രീധരന്റെ ഒന്നാമത്തെ തിരുമുറിവ് അദ്ദേഹത്തിന്റെ നാട്ടില്‍ തന്നെ ആയിപ്പോയത് ഖേദകരമായെന്ന് എം.കെ മുനീര്‍. എന്നാല്‍ കേരളത്തില്‍ ഈ പദ്ധതി വരില്ലെന്ന ശാപവാക്കുകളൊന്നും ഉപയോഗിക്കേണ്ടെന്ന് പ്രതിപക്ഷത്തിന് മുഖ്യമന്ത്രിയുടെ ഉപദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."