റിമാന്‍ഡ് പ്രതിയുടെ മരണം മൃതദേഹവുമായി പ്രതിഷേധിച്ചു
തിരുവനന്തപുരം: മാല മോഷണ കേസില്‍ റിമാന്‍ഡിലായിരിക്കേ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ച യുവാവിന്റെ മൃതദേഹവുമായി വി.എസ്.ഡി.പിയുടെ നേതൃത്വത്തില്‍ പ്രതിഷേധിച്ചു.
പാറശാല അലമ്പാറ തെക്കേവീട്ടില്‍ സജിമോന്‍(34)ന്റെ മൃതദേഹവുമായി ബേക്കറി ജങ്ഷനിലാണ് പ്രതിഷേധം നടന്നത്.
പേവിഷബാധയേറ്റാണ് മരണമെന്നും പോസ്റ്റുമോര്‍ട്ടം ചെയ്യാനാകില്ലെന്നും അറിയിച്ചാണ് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ മൃതദേഹം വിട്ടുനല്‍കിയത്. എന്നാല്‍ പൊലിസിന്റെ സ്വാധീനത്താലാണ് പോസ്റ്റുമോര്‍ട്ടം നടത്താത്തതെന്നും മര്‍ദനമേറ്റാണ് സജിയുടെ മരണമെന്നും ആരോപിച്ച് വി.എസ്.ഡി.പി. പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മൃതദേഹം സെക്രട്ടേറിയേറ്റിനു മുന്നില്‍വച്ച് പ്രതിഷേധിക്കാന്‍ ശ്രമിച്ചിരുന്നു.
സെക്രട്ടേറിയേറ്റിനു മുന്നിലേക്കു വരുന്ന വഴിയില്‍ ബേക്കറി ജങ്ഷനു സമീപത്തുവച്ച് പൊലിസ് ആംബുലന്‍സ് തടയുകയായിരുന്നു. തുടര്‍ന്ന് വി.എസ്.ഡി.പി. പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. സ്ഥലത്തെത്തിയ ആര്‍.ഡി.ഒ. നല്‍കിയ ഉറപ്പിനെ തുടര്‍ന്നാണ് പ്രതിഷേധം അവസാനിച്ചത്.
ഉത്തരവാദികള്‍ക്കെതിരേ നടപടിയെടുക്കാമെന്നും നഷ്ടപരിഹാരം നല്‍കാമെന്നും ആര്‍.ഡി.ഒ. എഴുതി നല്‍കിയതിനെ തുടര്‍ന്നാണ് വി.എസ്.ഡി.പിയുടെ പ്രതിഷേധം അവസാനിച്ചത്.
തുടര്‍ന്ന് മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയി സംസ്‌കരിച്ചു.
സജിയുടെ മൃതദേഹത്തില്‍ മര്‍ദനമേറ്റ പാടുകളുണ്ടായിരുന്നെന്നും പോസ്റ്റുമോര്‍ട്ടം നടത്തുന്നതിന് കോടതിയെ സമീപിക്കുമെന്നും വി.എസ്.ഡി.പി. ചെയര്‍മാന്‍ വിഷ്ണുപുരം ചന്ദ്രശേഖരന്‍ പറഞ്ഞു.
മാല മോഷ്ടിച്ചെന്ന കേസ് ചുമത്തി പാറശാല പൊലിസ് കഴിഞ്ഞ 27നാണ് സജിയെ അറസ്റ്റു ചെയ്തത്. നാട്ടുകാര്‍ പിടികൂടിയ ഇയാള്‍ക്ക് ക്രൂരമായ മര്‍ദനമേറ്റിരുന്നതായി പറയുന്നു.
പിന്നീട് പൊലിസ് കസ്റ്റഡിയിലും മര്‍ദനമേറ്റ ഇയാള്‍ അവശനായിരുന്നെന്നാണ് നാട്ടുകാരുടെ ആരോപണം.
റിമാന്‍ഡില്‍ സ്‌പെഷല്‍ സബ് ജയിലില്‍ കഴിയവേ ഛര്‍ദിയെ തുടര്‍ന്ന് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലും അവിടെ നിന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കടുത്ത പനിയെ തുടര്‍ന്ന് പിന്നീട് ഐ.സി.യുവിലേക്ക് മാറ്റുകയും കഴിഞ്ഞ ദിവസം പുലര്‍ച്ചെയോടെ സജി മരണപ്പെടുകയുമായിരുന്നു.
മരണം സംഭവിച്ചത് പേ വിഷബാധ ഏറ്റതിനെ തുടര്‍ന്നായിരുന്നു എന്നാണ് ഡോക്ടര്‍മാര്‍ വിശദീകരിച്ചത്. തുടര്‍ന്ന് അവര്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യാനും വിസമ്മതിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."