ന്യൂനപക്ഷ പദവി ചൂഷണോപാധിയാക്കരുത്: കെ.ടി ജലീല്‍
തിരുവനന്തപുരം: ന്യൂനപക്ഷ പദവി ചൂഷണോപാധി ആക്കാതെ രാജ്യത്തിന്റെ പൂരോഗതി ലക്ഷ്യമാക്കി അതത് സമുദായങ്ങളുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കണമെന്ന് മന്ത്രി ഡോ. കെ.ടി. ജലീല്‍ പറഞ്ഞു.
ന്യൂനപക്ഷ വിദ്യാഭ്യാസ ശാക്തീകരണം വെല്ലുവിളികളും സാധ്യതകളും എന്ന വിഷയത്തില്‍ സെക്രട്ടറിയേറ്റ് അനക്‌സ് രണ്ടില്‍ നടന്ന ന്യൂനപക്ഷ വിദ്യാഭ്യാസ സെമിനാറില്‍ ആമുഖ പ്രഭാഷണം നടത്തുകയായിരിന്നു അദ്ദേഹം.
കേരളം ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക ക്ഷേമം എന്നീ വിഷയങ്ങളില്‍ മാതൃകയായത് പോലെ ന്യൂനപക്ഷ ശാക്തീകരണത്തിലും ഒന്നാമതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.വിദ്യാഭ്യാസ ശാക്തീകരണത്തില്‍ കേരളം രാജ്യത്തിന് മഹത്തായ മാതൃകയാണെന്ന് തുടര്‍ന്ന് സംസാരിച്ച ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മിഷന്‍ അംഗങ്ങളായ ഡോ. ബല്‍തെജ്‌സിംഗ്മന്‍, ഡോ. നഹീദ് ആബിദി എന്നിവര്‍ ചൂണ്ടിക്കാട്ടി.
കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിയില്‍ ന്യൂനപക്ഷ സമുദായങ്ങള്‍ മാതൃകാപരമായ നേതൃത്വം വഹിക്കുന്നതായി ദേശീയ കമ്മിഷന്‍ സെക്രട്ടറി സരോജ് പുന്‍ഹാനി പറഞ്ഞു.
സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാന്‍ പി.കെ. ഹനീഫ, ഉഷ ടൈറ്റസ് (പ്രിന്‍സിപ്പള്‍ സെക്രട്ടറി ഹയര്‍ എഡ്യൂക്കേഷന്‍) സന്ദീപ് ജൈന്‍ (ഡെപ്യൂട്ടി സെക്രട്ടറി ഗവ. ഓഫ് ഇന്ത്യ) എന്നിവര്‍ വിവിധ വിഷയങ്ങളെ കുറിച്ച് സംസാരിച്ചു.
ന്യൂനപക്ഷ ക്ഷേമ പൊതുവിദ്യാഭ്യാസ ഗവ. സെക്രട്ടറി എ. ഷാജഹാന്‍ സ്വാഗതവും ന്യൂനപക്ഷ ക്ഷേമവകുപ്പ് ഡയരക്ടര്‍ ഡോ.എ.ബി മൊയ്തീന്‍ കുട്ടി നന്ദിയും പറഞ്ഞു.
സംസ്ഥാനത്തെ മതന്യൂനപക്ഷ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ വിലയിരിത്താനും ന്യൂനപക്ഷ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കാനും ന്യൂനപക്ഷ വിദ്യാഭ്യാസ സെമിനാറില്‍ പങ്കെടുക്കാനുമാണ് ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മിഷന്‍ അംഗങ്ങള്‍ കേരളത്തിലെത്തിയത്. കേരളത്തിലെ വിവിധ ന്യൂനപക്ഷ സ്ഥാപനങ്ങള്‍ ഇവര്‍ ഇന്ന് സന്ദര്‍ശിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."