വിദ്യാര്‍ഥിനികളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച സംഭവം ഓട്ടോറിക്ഷാ ഡ്രൈവര്‍ പിടിയില്‍
കൊല്ലം:എസ്.എസ്.എല്‍.സി പരീക്ഷയെഴുതാന്‍ വീട്ടില്‍ നിന്നിറങ്ങിയ അഞ്ച് വിദ്യാര്‍ഥിനികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച ഓട്ടോറിക്ഷാ ഡ്രൈവറെ പിടികൂടി.
കുണ്ടറ അംബിപൊയ്ക പൂത്ത് വീട്ടില്‍ രാജു(61) ആണ് പിടിയിലായത്. കഴിഞ്ഞ ബുധനാഴ്ച രാവിലെ 11.45 ഓടെയാണ് സംഭവം.
കൊല്ലം ബീച്ചിന് സമീപത്തുള്ള വെടിക്കുന്ന് ഭാഗത്ത് നിന്നും കയറിയ കൊല്ലം വിമലഹൃദയ സ്‌കൂളിലെ അഞ്ച് വിദ്യാര്‍ഥിനികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്.
തൊട്ടടുത്തുള്ള കപ്പലണ്ടിമുക്കിലെ ഗേറ്റ് അടച്ചിട്ടിരിക്കുകയാണെന്ന് പറഞ്ഞ് ചെറുവഴികളിലൂടെ ഏറെ നേരം ചുറ്റിക്കറങ്ങുന്നതിനിടയില്‍ ഓട്ടോ ഡ്രൈവര്‍ നഗ്‌നതാ പ്രദര്‍ശനവും നടത്തി. വളവ് തിരിയാനായി ഓട്ടോ വേഗത കുറച്ചപ്പോള്‍ പെണ്‍കുട്ടികള്‍ പുറത്തേക്ക് ചാടി രക്ഷപെടുകയായിരുന്നു.
സ്ഥലത്തുണ്ടായിരുന്നവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലിസെത്തി വിദ്യാര്‍ഥിനികളെ പരീക്ഷ തുടങ്ങും മുന്‍പെ സ്‌കൂളിലെത്തിച്ചു.
പ്രതിക്കായി പൊലിസ് ഊര്‍ജ്ജിതമാക്കിയെങ്കിലും ഓട്ടോറിക്ഷയുടെ വ്യക്തമായ രജിസ്‌ട്രേഷന്‍ നമ്പര്‍ ലഭിച്ചിരുന്നില്ല. വിദ്യാര്‍ഥിനികളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നഗരത്തിലെ സ്റ്റാന്‍ഡുകളില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
ഓട്ടോറിക്ഷ കടന്നുപോയ വഴികളിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നും രജിസ്‌ട്രേഷന്‍ നമ്പര്‍ മൂന്നക്കങ്ങളുള്ളതാണെന്നും അതിലെ അവസാന അക്കവും തിരിച്ചറിഞ്ഞു.
നഗരത്തില്‍ സ്ത്രീകള്‍ കൂട്ടത്തോടെയെത്തുന്ന പുതിയകാവ് പൊങ്കാല നടന്ന ഇന്നലെ സമാനമായ കുറ്റം ആവര്‍ത്തിക്കാന്‍ പ്രതി എത്തുമെന്ന പ്രതീക്ഷയില്‍ പൊലിസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇന്നലെ വൈകിട്ട് മൂന്നോടെ മൂന്നക്കങ്ങളുള്ളതും സി.സി ടി.വി കാമറയില്‍ കണ്ട അവസാന അക്കവും സമാനമായ ഓട്ടോറിക്ഷയില്‍ വരികയായിരുന്ന രാജുവിനെ ഷാഡോ പൊലിസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കൊല്ലം ഈസ്റ്റ് പൊലിസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു.
ഇയാളുടെ പേരില്‍ നിലവില്‍ കേസുകളൊന്നുമില്ലെന്നും നഗ്‌നതാ പ്രദര്‍ശന പ്രവണത ഉള്ളയാളാണെന്നും സിറ്റി പൊലിസ് കമ്മിഷണര്‍ എ. ശ്രീനിവാസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."