സുഗതന്റെ ആത്മഹത്യ വര്‍ക്ക്‌ഷോപ്പ് തുടങ്ങാന്‍ പഞ്ചായത്തിന്റെ അനുമതി
പുനലൂര്‍: വിളക്കുടിയില്‍ ആത്മഹത്യചെയ്ത സുഗതന്റെ കുടുംബത്തിന് വര്‍ക്ക്‌ഷോപ്പ് തുടങ്ങാന്‍ പഞ്ചായത്ത് അനുമതി നല്‍കിയതോടെ വിഷയത്തില്‍ സി.പി.ഐ പൂര്‍ണമായും ഒറ്റപ്പെട്ടു.
പഞ്ചായത്ത് സമിതിയില്‍ സി.പി.എം കൊണ്ടുവന്ന നിര്‍ദേശം യു.ഡി.എഫ് പിന്തുണച്ചതോടെയാണ് തീരുമാനമായത്.
തര്‍ക്കത്തിലുള്ള പ്രദേശം തണ്ണീര്‍ത്തടസംരക്ഷണ നിയമപ്രകാരം സംരക്ഷിക്കപ്പെടേണ്ടതാണെന്ന നിലപാടാണ് സി.പി.ഐക്ക്. പ്രവാസിയായിരുന്ന സുഗതന്‍ വര്‍ക്ക്‌ഷോപ്പ് തുടങ്ങാന്‍ വാങ്ങിയ സ്ഥലത്ത് എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ കൊടി നാട്ടിയതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്.
ഈ സ്ഥലം വയല്‍ നികത്തിയെടുത്തതാണെന്ന് ആരോപിച്ചായിരുന്നു യുവജനസംഘടനയുടെ പ്രതിഷേധം. ഇതില്‍ മനംനൊന്ത് സുഗതന്‍ ആത്മഹത്യ ചെയ്തുവെന്നാണ് ബന്ധുകളും സുഹൃത്തുകളും ആരോപിക്കുന്നത്. വര്‍ക്ക്‌ഷോപ്പിനു വേണ്ടി വിളക്കുടി ഇളമ്പല്‍ പൈനാപ്പിള്‍ ജങ്ഷന് സമീപത്തെ ഷെഡിലായിരുന്നു മൃതദേഹം കണ്ടത്. ഒപ്പമുണ്ടായിരുന്ന സഹായിയെ അടുത്തുള്ള കടയിലേക്ക് പറഞ്ഞയച്ചശേഷമാണ് സുഗതന്‍ തൂങ്ങി മരിച്ചത്. ഇയാള്‍ മടങ്ങിയെത്തിയപ്പോഴാണ് സംഭവം അറിയുന്നത്.
മൃതദേഹത്തിനുസമീപം മൂന്ന് കയറുകള്‍കൂടി കെട്ടിത്തൂക്കിയിട്ടിരുന്നു. ഭാര്യ സരസമ്മയോടും രണ്ടുമക്കളോടുമൊപ്പം മരിക്കുകയല്ലാതെ മാര്‍ഗമില്ലെന്ന് സുഗതന്‍ പലരോടും പറഞ്ഞിരുന്നു.
ഗല്‍ഫില്‍ നിന്നും ജോലി ചെയ്ത് ലഭിച്ച പണം കൊണ്ടാണ് സുഗതന്‍ വര്‍ക്ക് ഷോപ്പ് തുടങ്ങാന്‍ തീരുമാനിച്ചത്.
രാഷ്ട്രീയ ഇടപെടല്‍ മൂലം ഇത് പൊളിച്ച് നീക്കേണ്ട അവസ്ഥ വരുമെന്നായതോടെ മനോവിഷമം താങ്ങാനാവാതെയാണ് സുഗതന്‍ മരണം തെരഞ്ഞെടുത്തത്. കൊല്ലം-തിരുമംഗലം പാതയോരത്തുള്ള കൃഷിയോഗ്യമല്ലാത്ത കാടുമൂടിയ സ്ഥലത്താണ് സുഗതനും മക്കളും സുഹൃത്തുക്കളും ചേര്‍ന്ന് ഷെഡ് നിര്‍മിച്ചത്.
ദിവസങ്ങളായി രാഷ്ട്രീയക്കാരുടെ വീടുകളിലും ഓഫിസിലും കയറിയിറങ്ങിയിട്ടും ഫലമില്ലാതായതോടെ സുഗതന്‍ കടുത്ത മനോവിഷമത്തിലായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. മൂന്നുലക്ഷത്തിലേറെ രൂപ ഇതിനകം വര്‍ക്ക്‌ഷോപ്പ് നിര്‍മാണത്തിനായി ചെലവഴിച്ചിരുന്നു.
35 വര്‍ഷം ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന സുഗതന്‍ മക്കളായ സുജിത്ത്, സുനില്‍ ബോസ് എന്നിവരെയും ഗള്‍ഫില്‍ ജോലിക്കായി കൊണ്ടുപോയിരുന്നു.
ആറുമാസം മുന്‍പ് എല്ലാവരും മടങ്ങിയെത്തിയതോടെയാണ് നാട്ടില്‍ സ്വന്തമായി ഒരു സംരംഭം എന്ന ആശയമുദിച്ചതും വര്‍ക്ക്‌ഷോപ്പിനായി ശ്രമം തുടങ്ങിയതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."