മൂവാറ്റുപുഴ നഗരമധ്യത്തില്‍ തീപിടിത്തം വക്കീല്‍ ഓഫിസും ഫ്രിഡ്ജ് റിപ്പയറിങ് കടയും പൂര്‍ണമായും കത്തി നശിച്ചു
മൂവാറ്റുപുഴ: കച്ചേരിത്താഴത്ത് കോടതി സമുച്ചയത്തിന് എതിര്‍വശത്തുള്ള കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ഒരു കെട്ടിടം പൂര്‍ണ്ണമായും കത്തിനശിച്ചെങ്കിലും ആളപായമില്ല. ഇന്നലെ വൈകിട്ട് 4.40നാണു സംഭവം. വാഴപ്പിള്ളി സ്വദേശി നടുകുടി ജോസിന്റെ ഉടമസ്ഥയിലുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരുന്ന ഫ്രിഡ്ജ് റിപ്പയറിങ് ഷോപ്പില്‍ നിന്നും ഉഗ്രശബ്ദത്തില്‍ പൊട്ടിതെറി ഉണ്ടാകുകയും തുടര്‍ന്ന് തീ ആളിപടരുകയുമായിരുന്നു.
റെഫ്രിജറേറ്ററിന്റെ കംമ്പ്രസര്‍ പൊട്ടിതെറിച്ചതാകാം തീ പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. തൊട്ടടുത്ത മുറിയില്‍ പ്രവര്‍ത്തിച്ച് വരുന്ന അഡ്വ.പി.ആര്‍ രാജുവിന്റെ വക്കീല്‍ ഓഫിസ് പൂര്‍ണ്ണമായും അഗ്നിക്കിരയായി. സ്‌ഫോടനത്തിന്റെ പ്രകമ്പനത്താല്‍ സമീപത്തുള്ള അഡ്വ. ടോം ജോസിന്റെ ഓഫിസിന്റെ ഗ്ലാസുകള്‍ പൂര്‍ണ്ണമായും മംഗളം ബ്യൂറോ ഓഫിസിന്റെ ചില്ലുകള്‍ ഭാഗികമായും തകര്‍ന്നു. ഉറവക്കുഴി കണ്ണങ്ങനായില്‍ അലികുഞ്ഞിന്റെ കൂള്‍ബാറിന്റെ മേല്‍ക്കൂരയുടെ ഷീറ്റുകളും അടര്‍ന്ന് വീണു. കോടതി മന്ദിരത്തിന്റെ ജനലുകളുടെ ഗ്ലാസുകളും പൊട്ടി.
സ്‌ഫോടനത്തിന്റെ പ്രകമ്പനം നഗരത്തിന്റ രണ്ട് കിലോമീറ്ററോളം ദൂരത്തില്‍ അനുഭവപ്പെട്ടു. സമീപത്തെ കെട്ടിടങ്ങള്‍ക്കും ചെറിയ തോതില്‍ നാശനഷ്ടമുണ്ടായിട്ടുണ്ട്. അഗ്‌നിബാധ ഉണ്ടായ ഉടന്‍ റെഫ്രിജറെറ്റര്‍ സെന്ററില്‍ സര്‍വ്വീസിന് വച്ചിരുന്ന ഫ്രിഡ്ജുകളും, വാഷിങ് മെഷീനുകളുമെല്ലാം ഓടിക്കൂടിയ നാട്ടുകാര്‍ നീക്കം ചെയ്തതിനാല്‍ നാശനഷ്ടം കുറഞ്ഞു. വന്‍ സ്‌ഫോടന ശബ്ദവും കനത്ത പുകയും ജനങ്ങളില്‍ പരിഭ്രാന്തി പരത്തി. സംഭവത്തെ തുടര്‍ന്ന് നഗരത്തിലെ പ്രധാന റോഡായ കാവുംപടി റോഡില്‍ മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
മൂവാറ്റുപുഴ ഫയര്‍ ഓഫിസര്‍ ജോണ്‍ ജി.പ്ലാക്കില്‍, അസിസ്റ്റന്റ് ഫയര്‍മാന്‍ എം.എസ് സജി, ലീഡിങ് ഫയര്‍മാന്‍ കെ.പി സുബ്രഹ്മണ്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴ, കോതമംഗലം ഫയര്‍ സ്റ്റേഷനുകളിലെ നാല് യൂനിറ്റ് ഫയര്‍ഫോഴ്‌സ് സംഘവും, പൊലിസും നാട്ടുക്കാരും, ഏറെ പണിപ്പെട്ടാണ് തീ അണച്ചത്. നടുക്കുടി ജോസിന് ഏകദേശം പത്ത് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. അരനൂറ്റാണ്ടിലധികം പഴക്കമുള്ളതാണ് കത്തിനശിച്ച കെട്ടിടം. ഇതില്‍ നിന്നുമുയര്‍ന്ന തീയും, പുകയും കിലോമീറ്ററുകള്‍ ദൂരത്തില്‍ കാണാമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."