കുമാരപുരം ആരോഗ്യ സര്‍വേ ഫലം കാന്‍സര്‍ ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു
ആലപ്പുഴ: കുമാരപുരം പഞ്ചായത്തില്‍ കാന്‍സര്‍ ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതായി ബ്ലോക്കു തലത്തില്‍ നടത്തിയ ആരോഗ്യ സര്‍വേയില്‍ കണ്ടെത്തിയതായി പഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേഷ്കുമാര്‍ പറഞ്ഞു.
ഇന്‍ഫര്‍മേഷന്‍പബ്ലിക് റിലേഷന്‍സ് വകുപ്പും ആരോഗ്യവകുപ്പും ചേര്‍ന്ന് സംഘടിപ്പിച്ച പരിസര ശുചിത്വവും രോഗപ്രതിരോധവും സംബന്ധിച്ച് ചെന്നാട്ട് പട്ടിക വര്‍ഗ കോളനിയില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പഞ്ചായത്തില്‍ 94 പേരാണ് കാന്‍സര്‍ ബാധിതരായി കണ്ടെത്തിയിട്ടുള്ളത്. ഹരിപ്പാട് ബ്ലോക്കില്‍ ഏറ്റവും കൂടുതല്‍ അര്ബുദബാധിതരുള്ളത് കുമാരപുരത്താണ്.
ഈ സാഹചര്യത്തില്‍ അര്‍ബുദരോഗികള്‍ക്കുള്ള ചികിത്സ, സമീപനം, ബോധവല്‍ക്കരണം, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവ പഞ്ചായത്ത് ആസൂത്രണം ചെയ്തിട്ടുണ്ട്. രോഗികളുടെയും ബന്ധുക്കളുടെയും സംഗമം 18ന് നടത്തും.
ചെന്നാട്ട് പട്ടികവര്ഗക്കോളനി കമ്മ്യൂനിറ്റി ഹാളില്‍ നടന്ന ബോധവല്‍ക്കരണ ക്ലാസില്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ഡി.സുഗേഷ് അധ്യക്ഷനായി. പഞ്ചായത്ത് അംഗങ്ങളായ നിസ സുബൈര്‍, പ്രസന്നന് പിള്ള, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ.ബി ശ്രീകല, ഊരുമൂപ്പന് സദാനന്ദന് സംസാരിച്ചു.
കുമാരപുരം പ്രാഥമിക കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ. അരുണരാജ്, ജില്ല മാസ് മീഡിയ ഓഫിസര്‍ ജി. ശ്രീകല, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വി.എസ് മിനി, പബ്ലിക് ഹെല്‍ത്ത് നഴ്സ് സജിതകുമാരി ക്ലാസ് എടുത്തു.
സുനില്‍ വിശ്വം ആരോഗ്യ ബോധവല്‍ക്കരണ കലാപരിപാടി അവതരിപ്പിച്ചു. ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ കോളനിയിലെ വീടുകള്‍ സന്ദര്‍ശിച്ച് പരിശോധനയും നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."